Sorry, you need to enable JavaScript to visit this website.

തോൽവി; ക്രിസ്റ്റ്യാനോക്ക് എതിരെ ആരാധക പ്രതിഷേധം

ലണ്ടൻ-അൽ-ഇത്തിഹാദിനെതിരായ 3-1 തോൽവിക്ക് ശേഷം സൗദി സൂപ്പർ കപ്പിൽനിന്ന് അൽ നസ്ർ പുറത്തായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകർ. അൽ നസ്‌റിന് വേണ്ടി രണ്ടു മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോക്ക് ഒരു ഗോളും നേടാനായില്ലെന്ന് മാത്രമല്ല, രണ്ടാമത്തെ നിർണായക മത്സരത്തിൽ സെമി ഫൈനലിൽ തോൽക്കുകയും ചെയ്തു. സൗദി സൂപ്പർ കപ്പ് സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി. 
മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള സ്ഫോടനാത്മക അഭിമുഖത്തെത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തുപോയ ക്രിസ്റ്റ്യാനോ അൽ നസ്‌റിൽ ചേരുകയായിരുന്നു. കഴിഞ്ഞ ആഴ്ച റിയാദിൽ നടന്ന സീസൺസ് കപ്പ് ഫുട്‌ബോളിൽ പി.എസ്.ജിക്കെതിരെ മത്സരിച്ച ക്രിസ്റ്റ്യാനോയുടെ റിയാദ് ഓൾ-സ്റ്റാർ ഇലവനു വേണ്ടി 37-കാരൻ രണ്ട് തവണ വലകുലുക്കി. എന്നാൽ ഈ മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് ഓൾ സ്റ്റാർ ഇലവൻ തോറ്റു. അൽ നസ്‌റിന് വേണ്ടി രണ്ടു തവണ കളിച്ചെങ്കിലും ഒരു ഗോളും നേടാനായില്ല. അൽ നസ്‌റിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനും ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞില്ല. ആ മത്സരത്തിൽ അൽ നസ ർ ഏകപക്ഷീയമായ ഒരു ഗോളിന് ഇത്തിഫാക്കിനെ തോൽപ്പിച്ചു. എന്നാൽ വ്യാഴാഴ്ച രാത്രി നടന്ന സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ നസ്‌റിന് തോൽവി രുചിക്കേണ്ടി വന്നു. മാത്രമല്ല, ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തു. ഇതോടെ ക്രിസ്റ്റിയാനോക്കെതിരെ രൂക്ഷ പ്രതികരണമാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകർ നടത്തുന്നത്. 

ഏത് ടീമായാലും മോശം സ്വാധീനമാണ് ക്രിസ്റ്റിയാനോക്ക് ഉള്ളത് എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. അൽ നസ് ർ അബദ്ധം കാണിച്ചുവെന്നും ഡിവൈൻ എസേഹ് എന്നയാൾ ട്വീറ്റ് ചെയ്തു. 

മറ്റൊരാളുടെ ട്വീറ്റ് ഇങ്ങിനെ:

റൊണാൾഡോ ചേരുന്നതിന് മുമ്പ് അൽ നാസർ 13 മത്സരങ്ങളിൽ അപരാജിത മുന്നേറ്റമായിരുന്നു നടത്തിയത്. 
റൊണാൾഡോയ്ക്കൊപ്പം 2 ഗെയിമുകൾ, അവർ ഇതിനകം സൂപ്പർ കപ്പിൽ നിന്ന് പുറത്തായി. 
റൊണാൾഡോ പോയതിന് ശേഷം മാൻ യുണൈറ്റഡും ഒരു കളിയും തോറ്റിട്ടില്ല.
അവൻ പ്രശ്‌നക്കാരനാണ്, എത്രയും വേഗം വിരമിക്കേണ്ടതുണ്ട്.

അടുത്ത വെള്ളിയാഴ്ച അൽ ഫത്തേഹിന് എതിരെയാണ് അൽ നസ്‌റിന്റെ സൗദി ലീഗിലെ മത്സരം. നിലവില്‍ ലീഗില്‍ ഒന്നാമതാണ് അല്‍ നസ്ര്‍.

Latest News