വാഷിംഗ്ടണ്‍- മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങി മെറ്റ. 2021 ജനുവരി ആറിനു നടന്ന ക്യാപിറ്റോള്‍ ഹില്‍ കലാപത്തെത്തുടര്‍ന്നാണ് ട്രംപിന്റെ അക്കൗണ്ടുകള്‍ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. മുന്‍ യുഎസ് പ്രസിഡന്റിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വരും ആഴ്ചകളില്‍ പുനഃസ്ഥാപിക്കുമെന്ന് മെറ്റ പ്ലാറ്റ്‌ഫോംസ് അറിയിച്ചു.
2024ല്‍ വൈറ്റ് ഹൗസിലേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപിന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നത് ഉത്തേജനമാകും. അദ്ദേഹത്തിന് ഫേസ്ബുക്കില്‍ 34 ദശലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ 23 ദശലക്ഷവും ഫോളോവേഴ്‌സ് ഉണ്ട്.
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് നവംബറില്‍ പുതിയ ഉടമ എലോണ്‍ മസ്‌ക് പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതുവരെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടില്ല. അതിനിടെ, കമ്പനി കീഴടങ്ങിയിരിക്കയാണെന്ന് മെറ്റയുടെ വിമര്‍ശകര്‍ ആരോപിച്ചു.
ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മെറ്റ ബുധനാഴ്ച ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
ഉള്ളടക്കങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ ട്രംപ് പോസ്റ്റ് ചെയ്താല്‍, ഉള്ളടക്കം നീക്കം ചെയ്യും. ലംഘനത്തിന്റെ തീവ്രതയനുസരിച്ച് ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാനും നടപടി സ്വീകരിക്കും- മെറ്റയുടെ ആഗോള കാര്യങ്ങളുടെ പ്രസിഡന്റ് നിക്ക് ക്ലെഗ് ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)