Sorry, you need to enable JavaScript to visit this website.

മസാലദോശയില്‍ തേരട്ട, പറവൂരില്‍ ഹോട്ടല്‍ പൂട്ടിച്ചു

കൊച്ചി-എറണാകുളം നോര്‍ത്ത് പറവൂരിലെ ഹോട്ടലില്‍ മസാലദോശയില്‍ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി. പറവൂരിലെ വസന്ത് വിഹാര്‍ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പിന്നാലെ പറവൂര്‍ നഗരസഭ ഹോട്ടല്‍ അടപ്പിച്ചു. നഗരസഭാ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്.
പരാതി ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി.  തുടര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. നേരത്തെയും ഈ ഹോട്ടലിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഹോട്ടലിലെ ഭക്ഷ്യ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഹോട്ടലുകളിലെ വൃത്തിഹീനമായ അന്തരീക്ഷവും പഴകിയഭക്ഷണങ്ങളുടെ വില്‍പനയും നിയന്ത്രണമില്ലാതെ തുടരുകയാണ്. ജനുവരി മൂന്നുമുതല്‍ 17 വരെ 5406 ഭക്ഷ്യസുരക്ഷാ പരിശോധനകളാണ് വകുപ്പ് നടത്തിയത്. അതില്‍ ഗുരുതര കുറ്റം കണ്ടെത്തിയ 284 സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദേശിച്ചു. 663 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പിഴയായി 8.43 ലക്ഷം രൂപ ഈടാക്കി. എറണാകുളം ജില്ലയില്‍ മാത്രം ഹോട്ടലുകള്‍ ഉള്‍പ്പെടെ 55 സ്ഥാപനങ്ങള്‍ക്കാണ് പൂട്ടുവീണത്.
പൂട്ടിച്ച ഹോട്ടലുകള്‍ വീണ്ടും തുറക്കാനുള്ള നടപടികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശനമാക്കി. മൂന്നു മാസത്തിനകം ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് നേടാമെന്ന സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷമേ പ്രവര്‍ത്തനാനുമതി നല്‍കൂ. ജീവനക്കാര്‍ക്കെല്ലാം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും കുടിവെള്ളം മലിനമല്ലെന്നും പരിശോധിച്ച് ഉറപ്പാക്കും. എല്ലാ ജീവനക്കാര്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്. ഇതോടൊപ്പമാണ് ഹൈജീന്‍ റേറ്റിങ് നിര്‍ബന്ധമാക്കിയത്. ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ചുമതലപ്പെടുത്തുന്ന ഏജന്‍സി ഹോട്ടലുകളും മറ്റും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. ശേഷമാകും ഹൈജീന്‍ റേറ്റിങ് നല്‍കുക. സംസ്ഥാനത്ത് ഇതുവരെ ആയിരത്തോളം സ്ഥാപനങ്ങള്‍ക്ക് ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News