Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്ന് മാര്‍പാപ്പ; അവരെ സഭയിലേക്ക് ക്ഷണിക്കണം

വത്തിക്കാന്‍ സിറ്റി-സ്വവര്‍ഗരതിയെ  കുറ്റകരമായി കാണുന്നത് അനീതിയാണെന്ന് പോപ്പ് ഫ്രാന്‍സിസ്. ദൈവം തന്റെ മക്കളെ അവരെങ്ങനെയാണൊ അങ്ങനെ തന്നെ സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കത്തോലിക്കാ ബിഷപ്പുമാര്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കുന്ന  നിയമങ്ങളെ പിന്തുണക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാറ്റത്തിന് ബിഷപ്പുമാര്‍ തയാറാകേണ്ടതുണ്ട്. എല്‍ജിബിടിക്യു വിഭാഗത്തോട് വിവേചനം കാണിക്കുന്ന നിയമങ്ങളെ പിന്തുണക്കരുത്.
സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട് കുറ്റകൃത്യവും പാപവും തമ്മില്‍ വേര്‍തിരിവ് ആവശ്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. സ്വവര്‍ഗാനുരാഗം പാപകരമാണെന്നാണ് സഭ പഠിപ്പിക്കുന്നത് എന്നാല്‍ സ്വവര്‍ഗാനുരാഗികളോട് മാന്യമായും ബഹുമാനത്തോടും കൂടി പെരുമാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വവര്‍ഗാനുരാഗം കുറ്റമല്ല. പക്ഷേ അത് പാപമാണ്. ആദ്യം നമുക്ക്  പാപവും കുറ്റകൃത്യവും തമ്മില്‍ വേര്‍തിരിക്കാം. പരസ്പരം സ്‌നേഹം ഇല്ലാത്തതും പാപമാണ്-  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
67 രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗം കുറ്റകരമാണ്. 11 ഇടങ്ങളില്‍ വധശിക്ഷ വരെ ലഭിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് ദി ഹ്യൂമന്‍ ഡിഗ്‌നിറ്റി ട്രസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍. നിയമം എതിരല്ലാത്ത ഇടങ്ങളില്‍ പോലും എല്‍ജിബിടിക്യു വിഭാഗം വലിയ തോതിലുള്ള പീഡനം നേരിടുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
മാര്‍പാപ്പയുടെ വാക്കുകള്‍ ഒരു നാഴികക്കല്ലാണെന്ന് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകള്‍ പ്രതികരിച്ചു. എല്‍ജിബിടിക്യു വിഭാഗത്തോടുള്ള അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സമീപനവും കത്തോലിക്കാ സഭ എല്ലാവരെയും സ്വാഗതം ചെയ്യണമെന്നും വിവേചനം കാണിക്കരുതെന്നുമുള്ള അഭിപ്രായത്തേയും അവര്‍ സ്വാഗതം ചെയ്തു.
മാര്‍പാപ്പയുടെ ചരിത്രപരമായ പ്രസ്താവന ലോക നേതാക്കള്‍ക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കര്‍ക്കും ഒരു സന്ദേശം നല്‍കുന്നു. അക്രമവും അപലപനവും കൂടാതെ കൂടുതല്‍ ദയയും ധാരണയുമുള്ള ഒരു ലോകത്ത് ജീവിക്കാന്‍ എല്‍ജിബിടിക്യു വിഭാഗം അര്‍ഹരാണ്-അമേരിക്ക ആസ്ഥാനമായ ഗോ ആന്‍ഡ് ലെസ്ബിയന്‍ അലയന്‍സ് എഗൈന്‍സ്റ്റ് ഡിഫമേഷന്‍ (ജിഎല്‍എഎഡി) സിഇഒയും പ്രസിഡന്റുമായ സാറാ കേറ്റ് എല്ലിസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News