Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

മാറ്റം വേണം, കേരളത്തെ രക്ഷിക്കാൻ വെള്ളം പോലും മതിയാകും

ലോകത്തെവിടെയും മലയാളിയുണ്ട്. അവരെ അവിടത്തുകാർക്കൊക്കെ പ്രിയവുമാണ്. പല നാടുകളിലും വൻ പദ്ധതികൾക്കും ബിസിനസിനും മലയാളികൾ നേതൃത്വം കൊടുക്കുന്നുമുണ്ട്. നമ്മുടെ മനുഷ്യ വിഭവം ഒരു ബ്രാൻഡും സമ്പാദ്യവുമാണ്. കേരളം കഞ്ഞി കുടിച്ചുപോകുന്നത് ഇന്നും മണിയോർഡർ ഇക്കോണമിയെ ആശ്രയിച്ചാണല്ലോ. ബാക്കിയുള്ള സ്ഥാവര സമ്പത്തിൽ കൂടി മൂല്യവർധന സാധിച്ചാൽ സമ്പന്നമാകും കേരളം. 

 

കേട്ടാലൊരു ചിതമില്ലാത്ത കാര്യമാണ് നമ്മളെ നമ്മൾ വിൽക്കുകയെന്ന ആശയം. എന്നാൽ വസ്തുതയാകട്ടെ അവനവനെ വിൽക്കാനുള്ള കഴിവാണ് അതിജീവനത്തിന്റെ ആധാരം. എത്രമേൽ നമ്മളതിൽ പ്രാവീണ്യം നേടുന്നുവോ അത്രമേൽ ജീവിതം സൗഖ്യപൂർണമാകും. ഇതിന്റെ വിവക്ഷ ഇത്രയാണ്: ഒരാളുടെ ശക്തി സ്രോതസ്സ് പരമാവധി ഉപയോഗപ്പെടുത്താനുള്ളതാണെന്നും അതെങ്ങനെ ഫലപ്രദമായി ചെയ്യാമെന്നും ആലോചിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുക. രാജ്യത്തിന്റെയടക്കം എല്ലാ തലത്തിലും ഇത് സംഗതമാണ്. ബിസിനസിൽ  ഇതറിയപ്പെടുന്നത് 'ബ്രാൻഡിംഗ്' എന്നാണ്. സംസ്ഥാനത്തിന്റെ വിഭവങ്ങളെയും പേരിനെത്തന്നെയും അങ്ങനെയൊരു തലത്തിലേക്ക് ഉയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ധനാഗമന സ്രോതസ്സുകൾ ശോഷിക്കുകയും, ജോലിയില്ലാപ്പട വർധിച്ചുവരികയും, പൊതുകടം കുമിഞ്ഞുകൂടുകയും പലിശയൊടുക്കാൻ പോലും പ്രയാസപ്പെടുകയും ചെയ്യുന്ന സന്ദിഗ്ധ വേളയിൽ ബ്രാൻഡിംഗ് മികച്ചയൊരു കച്ചിത്തുരുമ്പാണ്. പിടിച്ചുകേറാനുള്ള സാമർഥ്യം നമുക്കുണ്ടോ എന്നതാണ് ചോദ്യം.
 
ഉത്തമ സമൂഹത്തിൽ ഒരു പൗരന് അനിവാര്യമായും ലഭ്യമാകേണ്ട അഞ്ച് വിശേഷങ്ങൾ സൂചിപ്പിക്കാം. മാന്യമായ അടിസ്ഥാന ജീവിത നിലവാരം ഉറപ്പു വരുത്താനാവണം. സുരക്ഷിതത്വവും സ്വജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം. അവനിൽ അന്തർലീനമായ കഴിവുകളെ വികസിപ്പിക്കുവാനും ഭൗതികവും വ്യക്തിനിഷ്ഠവുമായ അഭ്യുന്നതിക്കുള്ള സാധ്യതകളും ഉണ്ടായിരിക്കണം. അവസര സമത്വവും സാമൂഹികമായ പങ്ക് നിർവഹിക്കുവാനും എല്ലാവരോടും കരുതലോടും ആദരവോടും കൂടി പെരുമാറുന്നതിനുള്ള സാഹചര്യവും വേണം. ഭാവി തലമുറയുടെ ന്യായവും സുസ്ഥിരവുമായ വളർച്ച സാധ്യമാക്കുന്ന, ആർത്തിരഹിത വികസന കാഴ്ചപ്പാടുണ്ടാകണം.
 
സമ്പത്തിനേക്കാൾ ക്ഷേമരാഷ്ട്രത്തിൽ ന്യായബോധവും സ്വാതന്ത്ര്യവും സുരക്ഷിതത്വവും സഹിഷ്ണുതയുമാണുണ്ടാവേണ്ടത്. എന്നാൽ ഭരണകൂടത്തിന്റെ ഋണബാധ്യത എല്ലാത്തിലും വിഘ്നം സൃഷ്ടിക്കും. ദുർബലമായ സാമ്പത്തിക സ്ഥിതി ആശ്രിതത്വവും അടിമത്തവും സമൂഹത്തിൽ ഇറക്കുമതി ചെയ്യുപ്പെടും. സ്വത്വം നഷ്ടമാകുകയും ഭൂമിശാസ്ത്രപരമായ ഏകകമായി മാത്രം സമൂഹം അധഃപതിക്കുകയും ചെയ്യും. അതിനാൽ ദാരിദ്ര്യം ഗ്രസിച്ച ഒരു സർക്കാരിനും ക്ഷേമ പ്രവർത്തനങ്ങളിലും നീതിയിലും ശ്രദ്ധയൂന്നുക സാധ്യമല്ല. മാഫിയകളും കൈയൂക്കുള്ളവരും നിയമ വ്യവസ്ഥയുടെ ഭാഗമെന്നോണം പെരുമാറും. ഭരണം പേരിന് മാത്രമായി ചുരുങ്ങും. കേരളം ആ ദിശയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.
 
വിഭവ സമൃദ്ധമാണ് കേരളം. പ്രകൃതിദത്തമായിത്തന്നെ നോക്കുകയാണെങ്കിൽ അപൂർവ സമ്പത്തുകൾ പലതുമുണ്ട് തനത് വരുമാന സ്രോതസ്സുകളിലേക്ക് ചേർത്ത് വെക്കാൻ. ഭൂമിശാസ്ത്രപരമായി ട്രോപ്പിക്കൽ, സബ്‌ട്രോപ്പിക്കൽ, ഊഷ്മാവ് കുറഞ്ഞ പ്രദേശങ്ങൾ എല്ലാം ഇവിടെയുണ്ട്. 600 കിലോമീറ്ററോളം കടൽതീരമുണ്ട്. സമുദ്ര സമ്പത്തിന്റെ നിധികുംഭമാണ് കേരളം. മുവ്വായിരം വർഷത്തിന്റെ വാണിഭ ചരിത്രമെടുത്താൽ അതിശയിപ്പിക്കുന്ന സ്ഥാനമായിരുന്നു സംസ്ഥാനത്തിനെന്ന് ബോധ്യമാവും. എന്നാൽ ജനാധിപത്യ വ്യവസ്ഥയിലേക്ക് കടന്നതിൽ പിന്നെ സാമൂഹിക അഭിവൃദ്ധിയുടെ സൂചികയിൽ ഉണ്ടായ സ്വാഭാവിക മേൽക്കോയ്മയും അടിസ്ഥാന സൗകര്യങ്ങളിലെ വേറിട്ടുനിൽപും ഒഴിച്ചാൽ മറ്റു മേഖലകളിൽ സംസ്ഥാനം അനുക്രമം പിന്നോക്കം പോവുകയാണ്.
 
2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റവതരിപ്പിക്കാൻ നിയമസഭ ചേരുകയാണല്ലോ. സാമാജികരും അധികാരികളും വസ്തുതകളെ സത്യസന്ധമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാസ്തവത്തിൽ ക്ഷേമരാഷ്ട്ര സങ്കൽപമെന്നത് നിങ്ങളുടെ ചിന്തകൾ ചെന്നെത്തും വരേയെ സാധ്യമാകൂ. സാമ്പത്തിക രംഗം തിരിച്ചുപിടിക്കാനുള്ള ഒറ്റമൂലിയായാണ് ബ്രാൻഡിങ് കേരള ചർച്ച ചെയ്യേണ്ടത്.
 
ലോകത്തെവിടെയും മലയാളിയുണ്ട്. അവരെ അവിടത്തുകാർക്കൊക്കെ പ്രിയവുമാണ്. പല നാടുകളിലും വൻ പദ്ധതികൾക്കും ബിസിനസിനും മലയാളികൾ നേതൃത്വം കൊടുക്കുന്നുമുണ്ട്. നമ്മുടെ മനുഷ്യ വിഭവം ഒരു ബ്രാൻഡും സമ്പാദ്യവുമാണ്. കേരളം കഞ്ഞി കുടിച്ചുപോകുന്നത് ഇന്നും മണിയോർഡർ ഇക്കോണമിയെ ആശ്രയിച്ചാണല്ലോ. ബാക്കിയുള്ള സ്ഥാവര സമ്പത്തിൽ കൂടി മൂല്യവർധന സാധിച്ചാൽ സമ്പന്നമാകും കേരളം. 
കേരളത്തിന്റെ വിഭവങ്ങളെക്കുറിച്ചൊരു ഓഡിറ്റിംഗ് നടക്കട്ടെ. അതിനു ശേഷം ഏതെല്ലാം ഉൽപന്നങ്ങൾക്ക് നാട്ടിലും വിദേശങ്ങളിലും വിപണി സാധ്യതയുണ്ടെന്ന് പഠിക്കട്ടെ. മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്‌നോളോജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് പോലെ കേരളത്തിലും കൃഷി, ഭക്ഷണ ഗവേഷണ സ്ഥാപനങ്ങൾ വരട്ടെ. ചക്ക, പൂള (മരച്ചീനി), നേന്ത്ര, കശുവണ്ടി, മുരിങ്ങാപ്പൊടി, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെയൊക്കെ ഉൽപന്നങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ടാകും. ഉന്നത ഗുണനിലവാരം ഉണ്ടാവേണ്ടതുണ്ട്. അതു വഴിയാണ് ബ്രാൻഡ് വാല്യൂ സൃഷ്ടിക്കാനൊക്കുക.
 
ഉൽപാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതികൾ വരട്ടെ. വ്യവസായ - സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് സർക്കാർ ഉത്‌പ്രേരകമായാൽ മാത്രം പോരാ. അടിസ്ഥാന സൗകര്യങ്ങളിലും വിഷയങ്ങളിലും ഇടപെടണം. ഗുണനിലവാരം നിർണയിക്കാൻ സംവിധാനം വേണം. മറ്റൊന്ന്, നയങ്ങളിൽ പൊളിച്ചെഴുതുണ്ടാകണം. മണലൂറ്റ് നടക്കുന്നുവെന്നത് വസ്തുതയാണ്. എന്നാൽ എടുക്കപ്പെടുന്ന അളവിന്റെ പകുതി പോലും ഉപയോക്താവിന് ഉപകാരപ്പെടാറില്ല. അരിച്ചെടുത്തതിന്റെ ബാക്കി വരുന്നവ പാഴ്വസ്തുവാണ്. ലാൻഡ് ഫില്ലിംഗിന് മാത്രമാണത് ഉപയോഗിക്കുന്നത്. പുഴയിൽവെച്ചു തന്നെ പൂഴി അരിച്ചെടുത്താൽ, ബാക്കിവരുന്നത് പുഴയിൽ തന്നെ നിക്ഷേപിച്ചാൽ ആഘാതം കുറയും. മണൽ കടത്തിനുപയോഗിക്കുന്ന വാഹനങ്ങൾ പല പോലീസ് സ്റ്റേഷൻ പരിസരത്തും പൂഴിയോടു കൂടി തുരുമ്പെടുത്ത് കാണപ്പെടുന്നു. ഈ നയങ്ങളൊക്കെയൊന്ന് തിരുത്തിക്കൂടേ?   
 
കേരളത്തിന്റെ ഭൂഗർഭ ജലം വലിയ സമ്പത്താണ്. ധാതുലവണങ്ങളാൽ സമ്പന്നമാണത്. പുഴ, അരുവി, തടാകം എന്നിവയിലെ ജലവും ശുദ്ധമാണ്. ഇതോടൊപ്പം 300 സി.എമ്മിന് മുകളിൽ മഴവെള്ളവും ലഭിക്കുന്നു. ടെറസിൽനിന്നും ഒഴുകിപ്പോകുന്ന ജലം മാത്രം മതി കേരളത്തിന്റെ ജലദൗർലഭ്യം പരിഹരിക്കാനും കൃഷി പരിപോഷിപ്പിക്കുവാനും. ആരുമത് ഗൗരവത്തിലെടുക്കുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ 25 രൂപ മുതൽ 500 രൂപ വരെ ലിറ്ററിന് വിലയുണ്ട് വെള്ളത്തിന്. ഈ വെള്ളത്തിനു പോലും സംസ്ഥാനത്തെ രക്ഷിക്കാനാവും. 3300 കിലോമീറ്റർ പുഴയൊഴുകും വഴിയുണ്ട്. ചെറുബോട്ടുകൾ ടൂറിസ്റ്റുകൾ വഹിച്ചു പോകുമെങ്കിൽ ശതകോടികൾ അതുവഴി കിട്ടും.
 
അപ്പോൾ ക്ഷേമരാഷ്ട്രം കച്ചവടമാണോ? ഒരിക്കലുമല്ല. നമ്മളെ മറ്റുള്ളവരിലേക്ക് ശരിയാംവണ്ണം എത്തിക്കുന്ന വിദ്യയാണ് സ്വായത്തമാക്കേണ്ടത്. അതിന് നേതാക്കൾക്ക്  ബിസിനസിൽ പ്രാവീണ്യം വേണം. പഠനങ്ങൾ, പരിശീലനങ്ങൾ എന്നിവയെല്ലാം നേതാക്കൾക്കും വേണം. അടിസ്ഥാനാവശ്യങ്ങൾക്കു വേണ്ടി, അഥവാ രണ്ടറ്റം മുട്ടിക്കുന്നതിനു വേണ്ടി മുതുക് നിവർത്താനാവാതെ അധ്വാനിച്ചുകൊണ്ട് അപ്രതീക്ഷിതമായി മരിക്കേണ്ടിവരുന്നത് ആശാസ്യമോ അഭിലഷണീയമോ അല്ല, നിവൃത്തികേടാണ്. നിവർത്തണം പുതിയ പാഠങ്ങളുടെ പേജുകൾ. പഠിക്കണം ജീവിത രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News