Sorry, you need to enable JavaScript to visit this website.

കൊച്ചിയിലെ കെ റെയിൽ ഓഫീസുകൾ നിർത്തി, ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചു

കൊച്ചി-സിൽവർ ലൈൻ പദ്ധതിയുടെ കേന്ദ്രബിന്ദുവായി മാറേണ്ട കാക്കനാട്ടെ കെ റെയിൽ ഓഫീസുകൾ കിഫ്ബിക്കും പൊതുമരാമത്ത് വകുപ്പിനും വിട്ടുകൊടുത്തു. കെ-റെയിൽ ഓഫീസുകളിലുണ്ടായിരുന്ന ജീവനക്കാരെ കോട്ടയം, എറണാകുളം ജില്ലകളിലായി പുനർവിന്യസിച്ചു.
കെ-റെയിലിനു സ്ഥലമേറ്റെടുക്കുന്നതിനായി കടവന്ത്രയിൽ സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസും പെരുമ്പാവൂരിൽ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുമാണ് തുറന്നു പ്രവർത്തിച്ചിരുന്നത്. ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലെ ഡെപ്യൂട്ടി കലക്ടർ, കരാറടിസ്ഥാനത്തിലുള്ള രണ്ട് കംപ്യൂട്ടർ ഓപ്പറേറ്റർമാർ ഒഴികെയുള്ള അഞ്ച് തസ്തികകളിലുള്ളവരെ കോട്ടയം ജില്ലയിലേക്ക് മാറ്റി.  ആലപ്പുഴ ജില്ലയിലെ കെ റെയിൽ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെ തഹസിൽദാർ ഉൾപ്പെടെ 12 തസ്തികകളിലുള്ളവരെ എറണാകുളം ജില്ലയിൽ മാറ്റി നിയമിച്ചു. സ്‌പെഷ്യൽ തഹസിൽദാർ, ജൂനിയർ സൂപ്രണ്ട് മുതൽ ഓഫീസ് അറ്റൻഡർ വരെ ഇക്കൂട്ടത്തിലുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായാണ് ആലപ്പുഴയിൽനിന്ന് ഇവരെ എറണാകുളത്തേക്ക് മാറ്റിയതെന്നാണ് വിശദീകരണം. 
പെരുമ്പാവൂരിലെ ഓഫീസിലെ സ്‌പെഷ്യൽ തഹസിൽദാർ ഉൾപ്പെടെയുള്ള 18 തസ്തികകൾ ജില്ലയിൽത്തന്നെ നിലനിർത്തി.  കിഫ്ബിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് സ്‌പെഷ്യൽ തഹസിൽദാർ, ജൂനിയർ സൂപ്രണ്ട്, ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിനിയോഗിക്കുക.

Latest News