Sorry, you need to enable JavaScript to visit this website.

ഈ തീവണ്ടിയിലെ എല്ലാ യാത്രക്കാരോടും ഞാൻ അവരെ  സ്‌നേഹിക്കുന്നതായി അറിയിച്ചേക്കൂ

2017 മെയ് 26നു വൈകുന്നേരം, അമേരിക്കയിലെ പോർട്ട്‌ലാൻഡ് നഗരത്തിലെ ഒരു ലോക്കൽ ട്രെയിനിൽ രണ്ട് പെൺകുട്ടികൾ പതിവുപോലെ സഞ്ചരിക്കുകയായിരുന്നു. ഒരാൾ ആഫ്രിക്കൻ വംശജ. മറ്റെയാൾ ഹിജാബ് അണിഞ്ഞ മുസലിം കുട്ടി. 
പെട്ടെന്ന് ചെറുപ്പക്കാരനായ ഒരു ട്രെയിൻ യാത്രക്കാരൻ ആ പെൺകുട്ടികളെ സമീപിച്ച് വംശീയതയും വെറുപ്പും നിറഞ്ഞ ഭാഷയിൽ അവരെ അപഹസിക്കുകയും, മുസ്ലിം പെൺകുട്ടിയോട് സൗദിഅറേബ്യയിലേക്ക്  പോകാൻ ആക്രോശിക്കുകയും ചെയ്തു. ആ പെൺകുട്ടികൾ ഭയന്ന് വിറച്ച് നിൽക്കവേ, അതേ തീവണ്ടിയിലെ യാത്രക്കാരായ മൂന്നു യുവാക്കൾ മുന്നോട്ടു വന്നു. അവർ പെൺകുട്ടികൾക്ക് ചുറ്റും സംരക്ഷണവലയം തീർക്കുകയും, അവരെ അപമാനിക്കുന്നത് ശരിയല്ലെന്ന് സൌമ്യമായി അയാളെ അറിയിക്കുകയും ചെയ്തു. പക്ഷെ, വംശീയവിദ്വേഷത്തിന്റെ വിഷം കൊണ്ട് അന്ധനായ ജെർമി ജോസഫ് കൃസ്ത്യൻ എന്ന മനുഷ്യൻ, പെൺകുട്ടികളെ രക്ഷിക്കാൻ എത്തിയ നല്ല 'ശമര്യക്കാരെ' കത്തിയെടുത്ത് ആഞ്ഞുകുത്തുകയാണ് ചെയ്തത്.
കുത്തേറ്റ രണ്ടുപേരും മരിച്ചു. മൂന്നാമത്തെ ആൾ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചവരിൽ ഒരാൾ,  വെറും 23 വയസുള്ള തലിയെസിൻ മെഷേ എന്ന ഒരു കോളേജ് വിദ്യാർഥി ആയിരുന്നു. ബോഗിയിൽ രക്തത്തിൽ കുളിച്ചു കിടന്ന മെഷേ, 'ഈ തീവണ്ടിയിലെ എല്ലാ യാത്രക്കാരോടും ഞാൻ അവരെ  സ്‌നേഹിക്കുന്നതായി അറിയിച്ചേക്കൂ' എന്ന് അവസാനമായി പറഞ്ഞുകൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു. രണ്ടാമൻ റിക്ക് ബെസ്റ്റ് എന്ന അൻപത്തിമൂന്നുകാരൻ ആയിരുന്നു.  രക്ഷപ്പെട്ട മൂന്നാമന്റെ പേര് മിക്കാ ഫ്‌ലെച്ചർ. 
ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ രണ്ടു പെൺകുട്ടികളെ പൊതിഞ്ഞു പിടിച്ചുകൊണ്ട്, അവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും വെടിയാൻ ആ മനുഷ്യരെ പ്രേരിപ്പിച്ച ചേതോവികാരം ആണ്  'സാഹോദര്യം അല്ലെങ്കിൽ മൈത്രി'.  സഹജീവിസ്‌നേഹം. 'ബന്ധുത' എന്ന് ഹിന്ദിയിലും 'ഫ്രറ്റേണിറ്റി' എന്ന് ഇംഗ്ലീഷിലും പറയാം.  
മരിക്കുംമുൻപ് മെഷേ എന്ന ആ കോളേജ് വിദ്യാർഥി സഹയാത്രികർക്കായി നൽകിയ സന്ദേശത്തിന്റെ അന്തസത്തയും നിരുപാധികമായ സഹജീവിസ്‌നേഹമാണ്. 
ജാതിമതവർഗവംശഭാഷാഭേദമില്ലാതെ എല്ലാവരോടുമുള്ള സ്‌നേഹം. അനുകമ്പ. 'ഒരുപീഡയെറുമ്പിനും വരുത്തരുതെന്നു' മഹാഗുരു പറഞ്ഞതും ഇതേ വികാരത്തെക്കുറിച്ചാണ്.                 
ഈ സംഭവം ഇപ്പോൾ എഴുതിയത്, ഈ റിപ്പബ്ലിക് ദിനത്തിൽ നമ്മൾ മറ്റെന്തിനെക്കാളും ഉപരി ഓർത്തിരിക്കേണ്ട വാക്കാണ് ഫ്രറ്റേണിറ്റി' അഥവാ മൈത്രി എന്ന് ഓർമ്മിപ്പിക്കാൻ ആണ്.  ഭരണഘടനയുടെ ആമുഖത്തിൽ 'നീതിക്കും, സ്വാതന്ത്ര്യത്തിനും, സമത്വത്തിനും' ശേഷം വരുന്ന വാക്കാണ് മൈത്രി. ഹിന്ദിപരിഭാഷയിൽ 'ബന്ധുത' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. 
പക്ഷെ, ഭരണഘടനയെക്കുറിച്ചുള്ള ചർച്ചകളിൽ നീതിയും സമത്വവും മതനിരപേക്ഷതയും എല്ലായ്‌പ്പോഴും കടന്നുവരുമ്പോൾ നമ്മൾ പാടെ മറന്നുപോയ ഒരു വാക്കാണ്  ഫ്രറ്റേണിറ്റി.  അംബേദ്കറുടെ മൌലികമായ സംഭാവന. നെഹ്രുവിന്റെ ലക്ഷ്യപ്രമേയത്തിൽ ഇല്ലാതിരുന്ന ഒരു വാക്ക്. 
എല്ലാ ഇന്ത്യക്കാരും തമ്മിലുള്ള പരസ്പര   'ബന്ധുതയും സാഹോദര്യവും' ആണ് ദേശീയതയുടെ അടിസ്ഥാനം എന്നും,  ഇന്ത്യൻ സമൂഹ്യജീവിതത്തിന് കെട്ടുറപ്പും ഇഴയടുപ്പവും നൽകുന്നത് അതിരുകളില്ലാത്ത സാഹോദര്യം ആയിരിക്കണം എന്നുമാണ് ഇതിലൂടെ അംബേദ്കർ പറയാൻ ശ്രമിച്ചത്. മൈത്രിയുടെ അഭാവത്തിൽ സ്വാതന്ത്ര്യവും സമത്വവും, നീതിയും ' പെട്ടെന്ന് മാഞ്ഞുപോകുന്ന കുമ്മായം പോലെ അപ്രസക്തമാകും'  എന്നും അംബേദ്കർ പ്രവാചകനെപ്പോലെ പറയുകയുണ്ടായി. 
പക്ഷെ, നിർഭാഗ്യവശാൽ മൈത്രിയുടെ പ്രയോഗവൽക്കരണം നമ്മുടെ അജണ്ടയിൽ തന്നെ ഇല്ലാതെപോയി. അതുകൊണ്ടാണ് പരസ്പര സംശയവും, വെറുപ്പും, അന്യവൽക്കരണവും, ആൾക്കൂട്ടക്കൊലകളും  ഒക്കെ ഉണ്ടാകുന്നത്.  അതുകൊണ്ടാണ്, ഒരു ഡോക്യുമെൻററി കണ്ടാൽ പോലും ഇന്ത്യയിലെ ജനങ്ങൾ വർഗീയമായി ധ്രൂവീകരിക്കപ്പെടുമെന്നു നമ്മൾ ഭയക്കുന്നത്.         
റിപ്പബ്ലിക് ദിനത്തിൽ നമ്മൾ ഓർമ്മിക്കേണ്ട മറ്റൊരു കാര്യം, ഭരണഘടനയുടെ ആമുഖത്തിൽ, രാഷ്ട്രത്തിന്റെ 'ഐക്യത്തിനും അഖണ്ഡതക്കും' മുന്നിലാണ് വ്യക്തിയുടെ അന്തസ്സ്  എഴുതി വെച്ചിരിക്കുന്നത് എന്ന വസ്തുതയാണ്. ഇത് നേരെ തിരിച്ചാണ് വേണ്ടതെന്ന അഭിപ്രായം കരട് കമ്മിറ്റിയിൽ ഉയർന്നപ്പോൾ, ആ വാദം തള്ളിക്കളഞ്ഞുകൊണ്ട് അംബേദ്കർ പറഞ്ഞത്'അന്തസ്സുള്ള പൌരന്മാർക്ക് മാത്രമാണ്  രാജ്യത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കാൻ കഴിയുക' എന്നായിരുന്നു. 
ചുരുക്കത്തിൽ  'മനുഷ്യാന്തസ്സ്' അഥവാ പൌരന്റെ അന്തസ്സ് ആണ് ഭരണഘടന എക്കാലത്തും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത്. 'മൈത്രിയും സഹജീവിസ്‌നേഹവും സ്വാഭാവികതയാകുന്ന, വ്യക്തിയുടെ അന്തസ്സ് ആദരിക്കപ്പെടുന്ന ഒരു രാഷ്ട്രത്തിൽ ഐക്യവും അഖണ്ഡതയും പുലർന്നുകൊള്ളും എന്ന വിശാലമായ ദർശനം ആയിരുന്നു എതിരില്ലാതെ നമ്മുടെ ഭരണഘടനാനിർമ്മാണ സഭ അംഗീകരിച്ചത്. 
ഇന്ന് നമ്മൾ മറന്നുപോയതും അതാണ്. 
പോർട്ട്‌ലാൻഡ് സംഭവത്തിലേക്ക് തിരികെ പോകാം. ആ  സംഭവത്തിൽ നിന്നും  രക്ഷപ്പെട്ട മിക്കാ  ഫ്‌ലെച്ചർ നിരന്തരം തന്റെ സഹജീവികളോട് അപേക്ഷിച്ചത് തങ്ങളെ  ആഘോഷിക്കാതെ ആ പെൺകുട്ടികൾക്കും, അപരത്വം അനുഭവിക്കുന്ന മറ്റു മനുഷ്യർക്കും  ഒപ്പം നിൽക്കാനും ജീവിതത്തെ ആത്മധൈര്യത്തോടെ നേരിടാൻ അവരെ പ്രാപ്തരാക്കാനും ആണ്.പൊതുപരിപാടികളിലേക്ക് ക്ഷണിച്ചവരോട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു: ഞങ്ങളെ ഒരിക്കലും ഹീറോ ആക്കരുത്. ഞങ്ങൾ ശ്രമിച്ചത് 'നമ്മുടെ കുഞ്ഞുങ്ങളെ' രക്ഷിക്കാൻ ആയിരുന്നു.
'നമ്മുടെ കുഞ്ഞുങ്ങൾ' എന്ന ആ വാക്കിൽ അടങ്ങിയിരിക്കുന്ന മാനവീകമായ ദർശനമാണ് വർത്തമാനകാല ഇന്ത്യയിൽ ഏറെ പ്രസക്തം. സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്നവർപോലും  ദേശവിരോധികൾ ആകുന്ന ഇക്കാലത്ത് നമ്മൾ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ  'മൈത്രി' യും മനുഷ്യാന്തസ്സിലുള്ള വിശ്വാസവും മറ്റെന്തിനെക്കാളും ഉപരിയായി നമ്മെ മുന്നോട്ടു നയിക്കട്ടെ.
എല്ലാ സുഹൃത്തുക്കൾക്കും എന്റെ റിപ്പബ്ലിക് ദിനാശംസകൾ...
 

Latest News