Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ നാല് മക്കളുടെ അമ്മ ഒളിച്ചോടി; ലൗ ജിഹാദെന്ന് സംഘ് പരിവാർ

ബംഗളൂരു- കര്‍ണാടകയില്‍ നാല് മക്കളുടെ അമ്മ യുവാവിനോടൊപ്പം ഒളിച്ചോടി. ഇതേ തുടര്‍ന്ന് ലൗ ജിഹാദ് ആരോപിച്ച് സംഘ് പരിവാര്‍ രംഗത്തെത്തി. മുസ്ലിം യുവാക്കളും ഹിന്ദു യുവതികളും തമ്മിലുള്ള വിവാഹത്തെ എതിര്‍ക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ ഉപയോഗിക്കുന്ന പദമാണ് ലൗ ജിഹാദ്.
ഹിന്ദു യുവതിയുമായി ഒളിച്ചോടിയ മുസ്ലിം യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഗഡാഗ് നിവാസിയും സ്വര്‍ണപ്പണിക്കാരനുമായ പ്രകാശ് ഗുജറാത്തിയാണ് ഭാര്യ ഹേമാവതി തന്നെ ഉപേക്ഷിച്ച് സവനൂര്‍ സ്വദേശിയായ മഖ്ബൂല്‍ ബയബദകിയെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് പോലീസിനെ സമീപിച്ചത്. ഭാര്യ ഇസ്ലാം മതം സ്വീകരിച്ചതായും ഭര്‍ത്താവിന്റെ കുടുംബം ആരോപിച്ചു.
ഭാര്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മഖ്ബൂലിന്റെ വീട്ടുകാര്‍ അനുവദിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും തന്റെ ഭാര്യയെ ഇസ്ലാം മതത്തിലേക്ക് മാറ്റിയെന്നും പ്രകാശ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് സംഭവവികാസത്തെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിച്ച് സംഘ് പരിവാര്‍ വിഷയം ഏറ്റെടുത്തത്. തന്റെ മക്കളില്‍ പെണ്‍കുട്ടിയേയും ഭാര്യ ഒപ്പം കൊണ്ടുപോയെന്നും പ്രകാശ് പറഞ്ഞു.
ഒളിച്ചോടിയ യുവതിയെയും മകളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെയും യുവതിയെയും മകളെയും കസ്റ്റഡിയിലെടുത്തതായി ഗദഗ് പോലീസ് സൂപ്രണ്ട് ബാബാ സാഹേബ നേമ ഗൗഡ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ഗോവയില്‍വെച്ചാണ് പ്രകാശ് മഖ്ബൂലിനെ ഭാര്യക്കും മക്കള്‍ക്കും  പരിചയപ്പെടുത്തിയത്. കര്‍ണാടക സ്വദേശി കൂടിയായ മഖ്ബൂലിന്റെ അടുത്ത സുഹൃത്തായി മാറിയ പ്രകാശ് തന്റെ വീടിനടുത്ത് വാടകക്ക് മുറിയെടുത്ത് നല്‍കുകയും ചെയ്തു. ഭാര്യയുമായും സൗഹൃദത്തിലായ മഖ്ബൂല്‍ അടുത്തിടെ ഭാര്യയെ അജ്മീര്‍ ദര്‍ഗയിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് മതം മാറ്റിയെന്നാണ് പ്രകാശ് പറയുന്നത്. കുടുംബം തകര്‍ക്കരുതെന്ന് പറഞ്ഞ് അപേക്ഷിച്ചെങ്കിലും മഖ്ബൂല്‍ ഭാര്യയെ തിരിച്ചയക്കാന്‍ കൂട്ടാക്കിയില്ല.
വിവാഹിതയായ യുവതിയെ ഭര്‍ത്താവിന്റേയും മക്കളുടേയും അടുത്തേക്ക് ഉടന്‍ തിരിച്ചയച്ചില്ലെങ്കില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്ന് ശ്രീരാമ സേന മുന്നറിയിപ്പ് നല്‍കി. അതിനിടെ ലൗ ജിഹാദ് എന്ന വാക്കുണ്ടായത് തന്റെ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ അല്ലെന്നും കേരളത്തിലാണെന്നും  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ലൗ ജിഹാദിന്റെ പേരിലുള്ള സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധം സമൂഹത്തിനുള്ളിലെ സ്വാഭാവിക പ്രതികരണമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. മുസ്ലിം യുവാക്കളും ഹിന്ദു യുവതികളും തമ്മിലുള്ള വിവാഹം തടയാന്‍ സംഘ് പരിവാര്‍ ഉപയോഗിക്കുന്ന ലൗ ജിഹാദ്.
ലൗ ജിഹാദ് ഇവിടെ മഹാരാഷ്ട്രയില്‍ മാത്രം നടന്ന കാര്യമല്ല. കേരളത്തിലാണ് ആ വാക്കുണ്ടായത്. ബി.ജെ.പി സര്‍ക്കാരല്ല അവിടെയുള്ളത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ് കേരളം ഭരിച്ചത് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ലൗ ജിഹാദ് പ്രതിഷേധങ്ങളില്‍ ബി.ജെ.പി നേതാക്കളും മന്ത്രിമാരും പങ്കെടുക്കുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു.  ചില റാലികളില്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ പങ്കെടുത്തിട്ടുണ്ട്. കാരണം അവരും ഹിന്ദുക്കളാണ്. ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റാലി സംഘടിപ്പിക്കുന്നതെങ്കില്‍ ഈ നേതാക്കള്‍ പങ്കെടുക്കുന്നത് സ്വാഭാവികമാണ്. ഇത് ബി.ജെ.പിയുടെ അജണ്ടയല്ല. ഇവ ബി.ജെ.പി റാലികളല്ല. സമൂഹം സംഘടിപ്പിക്കുന്ന റാലികളാണ്. ഇത്തരം റാലികള്‍ സംഘടിപ്പിക്കാന്‍ വിവിധ സംഘടനകള്‍ ഒത്തുചേരുന്നു- അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് എന്നത് വിദൂരമായ കാര്യമല്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള എല്ലാ വിവാഹങ്ങളും ലൗ ജിഹാദ് ആണെന്ന് പറയുന്നില്ല. എന്നാല്‍ സമൂഹത്തില്‍ അത്തരം മാറ്റം സ്ഥിരമായി കൊണ്ടുവരുന്ന ഒരു വിഭാഗമുണ്ട്. അത് ശ്രദ്ധിക്കുമ്പോള്‍, സമൂഹത്തിനുള്ളില്‍ നിന്ന് പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ് മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News