Sorry, you need to enable JavaScript to visit this website.

എന്നും അച്ഛന്റെ നിഴലില്‍, കോണ്‍ഗ്രസില്‍ നിലകിട്ടാതെ പോയ അനില്‍ ആന്റണി

മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകനായാണ് ബുധനാഴ്ച കോണ്‍ഗ്രസിലെ തന്റെ സ്ഥാനങ്ങള്‍ രാജിവച്ച അനില്‍ കെ. ആന്റണി പ്രധാനമായും അറിയപ്പെടുന്നത്. ചൊവ്വാഴ്ച നരേന്ദ്ര മോഡിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയെക്കുറിച്ച്  അദ്ദേഹം നടത്തിയ ട്വീറ്റ് വാര്‍ത്തകളില്‍ ഇടം നേടുകയും പാര്‍ട്ടി വൃത്തങ്ങളില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയയുടെയും കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെയും ദേശീയ കോഡിനേറ്റര്‍മാരില്‍ ഒരാളായ ആന്റണി ഒരിക്കലും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ തിരക്കുകളുടെ ഭാഗമായിരുന്നില്ല. പാര്‍ട്ടിയില്‍ മാറ്റമുണ്ടാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാനായില്ല. തിരുവനന്തപുരം എം.പി ശശി തരൂരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം, തനിക്ക് മാര്‍ഗനിര്‍ദേശം തന്നതിന് ബുധനാഴ്ച രാജിക്കത്തില്‍ നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടവരില്‍ ഒരാളായിരുന്നു ആന്റണി.

2000 ത്തിന്റെ തുടക്കത്തില്‍ തിരുവനന്തപുരത്തെ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് നേടിയ ശേഷം, ആന്റണി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2017 ല്‍ ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവേശം. 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോഡിനേറ്ററായി. അന്നത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും തരൂരുമാണ് അദ്ദേഹത്തെ കേരളത്തിലെത്തിച്ചതിന് പിന്നില്‍.

മൂത്തമകനെ പാര്‍ട്ടിയില്‍ ഇറക്കാനുള്ള എ.കെ ആന്റണിയുടെ ശ്രമമായി പലരും ഇതിനെ വ്യാഖ്യാനിച്ചതോടെ പാര്‍ട്ടിയില്‍ പുരികങ്ങളുയര്‍ന്നു. പല യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി തീരുമാനത്തെ പരസ്യമായി എതിര്‍ത്തിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ സോഷ്യല്‍ മീഡിയ ചുമതല അനില്‍ ആന്റണിക്കായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം, പാര്‍ട്ടിയില്‍ സജീവമായ പങ്ക് വഹിക്കുന്നതില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു, പാര്‍ട്ടിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിലും പിതാവില്‍ നിന്ന് സ്വതന്ത്രമായ ഒരു വ്യക്തിത്വം സൃഷ്ടിക്കുന്നതിലും പരാജയപ്പെട്ടു. ദേശീയ കോഡിനേറ്ററായിരുന്നിട്ടും, കഴിഞ്ഞ രണ്ട് മാസമായി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കിട്ടില്ല. കഴിഞ്ഞ ആഴ്ചകളില്‍ തരൂരിനെക്കുറിച്ച് നിരവധി ട്വീറ്റുകള്‍ പങ്കുവെച്ചിരുന്നുവെങ്കിലും ജോഡോ യാത്രയെക്കുറിച്ച് ഒന്നുപോലും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം, യുവ നേതാക്കളുടെ പരിപാടിയായ യൂറോപ്യന്‍ യൂണിയന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബറില്‍, അദ്ദേഹം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഏണസ്റ്റ് ആന്‍ഡ് ജൂലിയോ ഗാലോ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ ഉപദേശക സമിതിയില്‍ നിയോഗിതനായി.

ഇന്ത്യ: ദ മോഡി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തിന് ശേഷം സ്വന്തം സംസ്ഥാനത്ത്, ആന്റണിയുടെ രാഷ്ട്രീയ ജീവിതം ഇപ്പോള്‍ പാളം തെറ്റി.  അടുപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍പോലും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല. ട്വീറ്റ് പിന്‍വലിച്ച് മാധ്യമ ചര്‍ച്ചകളില്‍നിന്ന് മാറിനില്‍ക്കണമായിരുന്നുവെന്നാണ് പാര്‍ട്ടിയിലെ വികാരം.

പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നുള്ള ആന്റണിയുടെ രാജിയെ മുതിര്‍ന്ന കോണ്‍ഗ്രസ് നിയമസഭാംഗവും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശന്‍ സ്വാഗതം ചെയ്തു. 'പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാള്‍ പാര്‍ട്ടിയില്‍ തുടരരുത്. പാര്‍ട്ടി നിലപാടിനെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. ഭിന്നാഭിപ്രായമുള്ളവര്‍ക്ക് മറ്റ് വേദികള്‍ അന്വേഷിക്കാം,' കേരളത്തിലെ കോണ്‍ഗ്രസിലെ അനിലിനെക്കുറിച്ച വികാരം പ്രതിഫലിപ്പിച്ചുകൊണ്ട് സതീശന്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് അനിലിന്റെ നിലപാട് രാഷ്ട്രീയ ഗുരുവായ തരൂര്‍ തള്ളിയത്. ഡോക്യുമെന്ററി ദേശീയ സുരക്ഷയെയോ പരമാധികാരത്തെയോ ബാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'നമ്മുടെ ദേശീയ സുരക്ഷ അത്ര ദുര്‍ബലമല്ല. ഒരു ഡോക്യുമെന്ററി അതിനെ അപകടപ്പെടുത്തില്ല-' അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News