മെകുനു നേരിടാന്‍ ഒമാന്‍ ഒരുങ്ങി; ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നു

മസ്‌കറ്റ്- ഓമാന്‍ തീരത്തേക്ക് ശക്തിയോടെ അടുത്തു വരുന്ന മെകുനു ചുഴലിക്കാറ്റ് ഉണ്ടാക്കാനുള്ള നാശനഷ്ടങ്ങള്‍ ലഘൂകരിക്കാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമുള്ള മുന്‍കരുതല്‍ നടപടികള്‍ പുരോഗമിക്കുന്നു. ദോഫാര്‍, വുസ്ത് പ്രവിശ്യകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുന്നു. അറേബ്യന്‍ കടലില്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന മെകുനു താമസിയാതെ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഒമാന്റെ തെക്കന്‍ തീരമേഖലയില്‍ വടക്കന്‍ യെമന്‍ തീരത്തും എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ചുഴലിക്കാറ്റ് ദോഫാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ സലാലയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ വരെ എത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്റെ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ മണിക്കൂറില്‍ 136 കിലോമീറ്റര്‍ വേഗതിയാണ് മെകുനു വീശുന്നത്. ദോഫാറിന്റെ ഒരു ഭാഗത്ത് മെകനു ശക്തമായി ആഞ്ഞുവീശും. സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും ഇടിയുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

സുരക്ഷാ മുന്‍കരുതില്‍ നടപടികളുമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സജീവമായി രംഗത്തുണ്ട്. വിവിധ അടിയന്തിര സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് നാഷണല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആണ്. മെകിനു കനത്ത നാശം വിതക്കാന്‍ സാധ്യതയുള്ള ഹല്ലാനിയ ദീപിലെ ജനങ്ങളെ പ്രതിരോധ മന്ത്രാലയം ഒഴിപ്പിച്ചു വരികയാണ്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. വിവിധ ഏജന്‍സികള്‍ക്ക് സഹായങ്ങളുമായി റോയല്‍ എയര്‍ ഫോഴ്‌സും രംഗത്തുണ്ട്.

ദേശീയ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ മവസലാത്ത് ദോഫാറിലേക്കും വുസ്തയിലേക്കുമുളള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മസ്‌കറ്റ്-സലാല, മസ്‌കറ്റ്-മര്‍മുല്‍, മസ്‌കറ്റ്-ദുഖും, സലാല-മസ്യുന, ദുഖും-ഹൈമ, സലാല-മര്‍മൂല്‍ റൂട്ടുകളിലെ സര്‍വീസാണ് വ്യാഴാഴ്ച നിര്‍ത്തിവച്ചത്. 

2002 ശേഷം ദോഫാറിലെത്തുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മെകുനു. 2002-ലെ ചുഴലിക്കാറ്റില്‍ ആറ് ഒമാനികളടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. കനത്ത നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
 

Latest News