Sorry, you need to enable JavaScript to visit this website.

പരമ്പര തൂത്തുവാരി ഇന്ത്യ ഒന്നാം റാങ്കില്‍

ഇന്‍ഡോര്‍ - 90 റണ്‍സ് ജയത്തോടെ ന്യൂസിലാന്റിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരവും സ്വന്തമാക്കിയ ഇന്ത്യ മൂന്നു മത്സര പരമ്പര തൂത്തുവാരി. ഈ വര്‍ഷം ലോകകപ്പ് നടക്കാനിരിക്കേ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലാന്റിനെ തന്നെയാണ് മറികടന്നത്. ഇന്ത്യയുടെ ഒമ്പതിന് 385 നെതിരെ ശക്തമായി തിരിച്ചടിച്ച് ഇരുപത്തഞ്ചോവറില്‍ രണ്ടിന് 184 ലെത്തിയ ശേഷമാണ് ന്യൂസിലാന്റ് തകര്‍ന്നത്. ശാര്‍ദുല്‍ താക്കൂറാണ് തുടര്‍ച്ചയായ പന്തുകളില്‍ ഡാരില്‍ മിച്ചലിനെയും (24) ടോം ലേതമിനെയും (0) പുറത്താക്കി ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അപകടകാരിയായ ഗ്ലെന്‍ ഫിലിപ്‌സിനെയും (5) ശാര്‍ദുല്‍ മടക്കി (6-0-45-3). പിന്നീട് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും (9-0-62-3) യുസവേന്ദ്ര ചഹലും (7.2-0-43-2) നിയന്ത്രണമേറ്റെടുത്തു. ഓപണര്‍ ഡെവോണ്‍ കോണ്‍വെയുടെ സെഞ്ചുറി (100 പന്തില്‍ 138) പാഴായി. എട്ട് സിക്‌സറുണ്ട് കോണ്‍വെയുടെ ഇന്നിംഗ്‌സില്‍. 
ഇന്ത്യക്ക് ഇരുപത്താറോവറില്‍ വിക്കറ്റ് പോവാതെ 212 ലെത്തിയ ശേഷം ഒമ്പതിന് 385 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ന്യൂസിലാന്റിന് ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലനെ (0) നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍വെയും ഹെന്റി നിക്കോള്‍സും (40 പന്തില്‍ 42) തിരിച്ചടിച്ചു. കോണ്‍വെ 71 പന്തില്‍ ഏഴ് സിക്‌സറിന്റെയും ഏഴ് ബൗണ്ടറിയുടെയും സഹായത്തോടെയാണ് മൂന്നക്കത്തിലെത്തിയത്. നിക്കോള്‍സിനെ കുല്‍ദീപ് യാദവ് വിക്കറ്റിനു മുന്നില്‍ കുടുക്കി. 
തുടക്കം മുതല്‍ വെടിക്കെട്ട് ബാറ്റിംഗുമായി മുന്നേറിയ ഓപണര്‍മാര്‍ സെഞ്ചുറി തികച്ചപ്പോള്‍ അഞ്ഞൂറിനടുത്ത് സ്‌കോര്‍ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. എട്ടിന് മുകളിലായിരുന്നു ഇന്ത്യയുടെ റണ്‍റെയ്റ്റ്. എന്നാല്‍ പിന്നാലെ വന്ന ആരും പിടിച്ചുനിന്നില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധ ശതകമാണ് (38 പന്തില്‍ 54) സ്‌കോര്‍ നാനൂറിനോടടുപ്പിച്ചത്. 
ഇരുപത്തിനാലോവറില്‍ ഇന്ത്യ 200 പിന്നിട്ടിരുന്നു. രോഹിത് ശര്‍മയാണ് ആദ്യം മൂന്നക്കത്തിലെത്തിയത്. 83 പന്തില്‍ ആറ് സിക്‌സറിന്റെയും ഒമ്പത് ബൗണ്ടറിയുടെയും സഹായത്തോടെയായിരുന്നു സെഞ്ചുറി. 2020 ജനുവരിക്കു ശേഷം രോഹിതിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് ഇത്. ആകെ ഇരുപതാമത്തേതും. പിന്നാലെ ശുഭ്മന്‍ ഗില്ലും സെഞ്ചുറി തികച്ചു. 72 പന്തില്‍ നാല് സിക്‌സറിന്റെയും 13 ബൗണ്ടറിയുടെയും സഹായത്തോടെ. 26.1 ഓവറില്‍ ഇന്ത്യ ഒന്നിന് 121 ലെത്തി. രോഹിതിനെ (101) മൈക്കിള്‍ ബ്രെയ്‌സവെല്‍ ബൗള്‍ഡാക്കിയതോടെ ന്യൂസിലാന്റ് മത്സരത്തിലേക്ക് തിരിച്ചുവന്നു. അടുത്ത ഓവറില്‍ ഗില്‍ (78 പന്തില്‍ 112) പുറത്തായി. വിരാട് കോലി (27 പന്തില്‍ 36), ഇശാന്‍ കിഷന്‍ (24 പന്തില്‍ 17), സൂര്യകുമാര്‍ യാദവ് (9 പന്തില്‍ 14), വാഷിംഗ്ടണ്‍ സുന്ദര്‍ (14 പന്തില്‍ 9), ശാര്‍ദുല്‍ താക്കൂര്‍ (17 പന്തില്‍ 25) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍. ജേക്കബ് ഡഫിയും (10-0-100-3) ബ്ലയര്‍ ടിക്‌നറും (10-0-76-3) ആറു വിക്കറ്റ് പങ്കുവെച്ചു. 
ഇരുപതോവറില്‍ വിക്കറ്റ് പോവാതെ ഇന്ത്യന്‍ സ്‌കോര്‍ 165 ലെത്തിയിരുന്നു. ബാറ്റിംഗ് പിച്ചും ചെറിയ ബൗണ്ടറിയും വേഗമേറിയ ഔട്ഫീല്‍ഡും കാരണം ഒരു ബൗളര്‍ക്കും  റണ്‍ നിയന്ത്രിക്കാനാവാത്ത അവസ്ഥയായിരുന്നു.
2002 ല്‍ കംപ്യൂട്ടര്‍ റാങ്കിംഗ് ആരംഭിച്ച ശേഷം ആറാം തവണയാണ് ഒന്നാം സ്ഥാനത്ത് പരമ്പര ആരംഭിച്ച ടീം വൈറ്റ് വാഷ് ചെയ്യപ്പെടുക. മുമ്പ് രണ്ടു തവണ ന്യൂസിലാന്റിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരിയിട്ടുണ്ട് -2010 ല്‍ 5-0, 1998-99 ല്‍ 4-0. 
27 ന് ആരംഭിക്കുന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ 3-0 ന് തോല്‍പിച്ചാലേ ഇന്ത്യയെ മറികടക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കൂ. ഇന്ത്യ ആതിഥ്യമരുളുന്ന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ പുതുവര്‍ഷത്തിലെ രണ്ടാമത്തെ പരമ്പരയാണ് ഇന്ത്യ തൂത്തുവാരുന്നത്.
 

Latest News