ബി. ബി. സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സി. പി. എമ്മും കോണ്‍ഗ്രസും; തടയണമെന്ന് ബി. ജെ. പി

കൊച്ചി- ഗുജറാത്ത് കലാപത്തെക്കുറിച്ചുളള ബി. ബി. സി ഡോക്യുമെന്ററി റിപ്പബ്ലിക് ദിനത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കെ. പി. സി. സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്ത് അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററിയ്ക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. 

ഗുജറാത്ത് വംശഹത്യയില്‍ മോഡി- അമിത്ഷാ കൂട്ടുകെട്ടിന്റെ പങ്കാളിത്തം പുറത്തുവരാതിരിക്കനാണ് ഡോക്യുമെന്ററി രാജ്യത്ത് വിലക്കിയിരിക്കുന്നതെന്ന് അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്ത് പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും പറഞ്ഞു. 'ഒറ്റു കൊടുത്തതിന്റേയും മാപ്പ് എഴുതിയതിന്റേയും വംശഹത്യ നടത്തിയതിന്റേയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ സംഘപരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്,' ഷാഫി പറമ്പില്‍ പറഞ്ഞു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി. ബി. സിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി. വൈ. എഫ്. ഐ പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയുമായി സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന്  ഫേസ്ബുക്ക് കുറിപ്പിലൂടെ ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് അറിയിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ച് എസ്. എഫ്. ഐയും രംഗത്തെത്തി. ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സി. പി. എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാര്‍ പറഞ്ഞിരുന്നു.

ഇന്ന് വൈകിട്ട് ആറുമണിക്ക് പൂജപ്പുരയില്‍ ഡി. വൈ. എഫ്.ഐ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രദര്‍ശിപ്പിക്കും. വൈകിട്ട് ആറരയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്. എഫ്. ഐ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ജനുവരി 27ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നും എസ്. എഫ്. ഐ വ്യക്തമാക്കി.

ബി. ബി. സി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് പാര്‍ട്ടി സംരക്ഷണം നല്‍കുമെന്ന് സി. പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജന്‍ അറിയിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെയെന്നും ജയിലില്‍ പോകാനും തയ്യാറാണെന്നും ജയരാജന്‍ വിശദമാക്കി. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാര്‍ഥ്യം ഇല്ലാതാകുന്നില്ല.

ബി. ബി. സി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനമെന്നും അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി. ബി. സി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നാണ് ആവശ്യം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്നും രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണെന്നും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുവാനായി ബോധപൂര്‍വ്വം ചിലര്‍ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളേണ്ടതുണ്ടെന്നും കെ. സുരേന്ദ്രന്‍ കത്തില്‍ ആവശ്യപ്പെട്ടു. 

ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബി. ബി. സി നേരത്തെ വ്യക്തമാക്കിയിരുന്നു. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ബി. ജെ. പി നേതാക്കളുടെ ഉള്‍പ്പെടെ അഭിപ്രായം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബി. ബി. സി അറിയിച്ചിരുന്നു.

ബി. ബി. സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളുകളും ലിങ്കുകളും നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോടും യൂട്യൂബിനോടും ആവശ്യപ്പെട്ടിരുന്നു.

Latest News