Sorry, you need to enable JavaScript to visit this website.

പന്നിയാർ എസ്റ്റേറ്റിൽ 'അരിക്കൊമ്പന്റെ' തേർവാഴ്ച! രണ്ട് ചാക്ക് അരി അകത്താക്കിയ ആനക്കൊമ്പൻ രണ്ട് വീടും തകർത്തു

ഇടുക്കി - അരിക്കൊമ്പൻ എന്നു വിളിക്കുന്ന കാട്ടാനയുടെ പരാക്രമത്തിൽ പൊറുതിമുട്ടി പൂപ്പാറ നിവാസികൾ. കഴിഞ്ഞദിവസം തോണ്ടിമല പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്ത് രണ്ട് ചാക്ക് അരിയെടുത്ത് അകത്താക്കിയ അരിക്കൊമ്പൻ, ആനയിറങ്കലിനു സമീപം ശങ്കരപാണ്ഡ്യമെട്ടിൽ രണ്ട് വീടുകളും തകർത്തു. വിജയൻ, ബന്ധു മുരുകൻ എന്നിവരുടെ വീടുകളാണ് പുലർച്ചെ നാലിന് കാട്ടുകൊമ്പൻ തകർത്തത്. കുടുംബാംഗങ്ങൾ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിലേക്കു പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 
 രണ്ടാഴ്ച മുമ്പും മുരുകന്റെ വീടിനുനേരെ അരിക്കൊമ്പൻ ആക്രമണം നടത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന ഭക്ഷണവസ്തുക്കൾ അകത്താക്കിയ ശേഷമാണ് അന്ന് ഒറ്റയാൻ കലിപ്പടക്കിയത്. ഇന്നലത്തെ ആക്രമണത്തിൽ മുരുകന്റെ വീട് പൂർണമായും തകർന്നിരിക്കുകയാണ്. 
 അരിപ്രിയനായ ആന റേഷൻ കടകളിൽ നിന്നും വീടുകളിൽ നിന്നും അരി തിന്നുന്നത് പതിവാണ്. അതിനാലാണ് നാട്ടുകാർ ആനയെ അരിക്കൊമ്പൻ എന്ന പേരിട്ടതെന്ന് ഭീഷണിയിൽ കഴിയുന്ന പ്രദേശവാസികൾ പ്രതികരിച്ചു. ഇടുക്കി തോണ്ടിമലയ പന്നിയാറിലെ റേഷൻ കടയിൽ 15 മാസത്തിനിടെ ഏഴാം തവണയാണീ അരിക്കൊമ്പന്റെ തേർവാഴ്ച.
 ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി അറുപതോളം വീടുകളും നിരവധി കടകളുമാണ് അരിക്കൊമ്പൻ തകർത്തത്. കൂടാതെ പത്ത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടകാരിയായ ഈ കാട്ടാനയെ മയക്കുവെടി വച്ചു പിടിച്ച് ആനത്താവളത്തിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് വനം മന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും കത്ത് നൽകിയിട്ടുണ്ടെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു. ഏത് സമയവും ആനിയിറങ്ങി വരാമെന്നിരിക്കെ അത്യധികം ഭയത്തോടെയാണ് കുടുംബംങ്ങൾ കഴിയുന്നതെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
 

Latest News