Sorry, you need to enable JavaScript to visit this website.

സ്വപ്‌നച്ചിറകുള്ള പക്ഷി: ആദിവാസി ഊരിൽനിന്ന് സൗന്ദര്യമത്സര വേദിയിലേക്ക്‌

കളങ്കമില്ലാത്ത അട്ടപ്പാടിയുടെ സൗന്ദര്യമാണ് അനു പ്രശോഭിനിക്ക്. 
അതിൽ കഴിവും ആത്മവിശ്വാസവും കൂടി ഒത്തുചേർന്നതോടെയാണ് 
അനു എന്ന ഗോത്രസുന്ദരി മിസ് കേരള മത്സരത്തിൽ ഉയരങ്ങൾ കീഴടക്കിയത്. ഇരുള വിഭാഗത്തിൽപ്പെട്ട അനു ഉയരങ്ങൾ കീഴടക്കുമ്പോൾ 
സന്തുഷ്ടചിത്തരാകുന്നത് ഒരു കുടുംബം മാത്രമല്ല, 
അട്ടപ്പാടി എന്ന ദേശം മുഴുവനുമാണ്.


വന്യമായ സൗന്ദര്യമാണ് അട്ടപ്പാടിക്ക്. ഈ സുന്ദരഭൂമിയിൽ ജനിച്ചതുകൊണ്ടാകാം കേരളത്തിന്റെ സൗന്ദര്യറാണിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ അവസാനറൗണ്ടിൽ അട്ടപ്പാടിക്കാരിയായ അനു പ്രശോഭിനി ഇടം നേടിയത്. 
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നിരവധി ഗോത്രവിഭാഗങ്ങൾ ഒന്നിച്ചുകഴിയുന്നവരാണ്. ഇരുളരും കുറുമ്പരും മൂടുകരുമെല്ലാം അടുത്തടുത്ത വീടുകളിലായാണ് കഴിയുന്നത്. പെൺകുട്ടികളെ പുറംലോകത്തേയ്ക്ക് അയയ്ക്കാൻ ഭയപ്പെട്ടിരുന്ന ഊരുകാർക്കിടയിൽ അനു പ്രശോഭിനി എന്ന പതിനേഴുകാരി വിഭിന്നയാകുന്നത് മറ്റൊന്നും കൊണ്ടല്ല. സൗന്ദര്യമത്സരവേദിയിൽ പങ്കെടുത്ത ആദ്യത്തെ ഗോത്രവർഗ്ഗക്കാരിയാണവർ. ഗോത്രപൈതൃകത്തിന്റെ ചിട്ടവട്ടങ്ങൾക്കനുസരിച്ച് ജനിച്ചുവളർന്ന പെൺകുട്ടിയാണവൾ. അട്ടപ്പാടിയിൽനിന്നും സൗന്ദര്യമത്സരവേദിയിലെത്തുന്ന ആദ്യത്തെ പെൺതരി. സൗന്ദര്യമത്സരവേദിയിലേയ്ക്ക് അവളെ അയയ്ക്കുമ്പോൾ ഊരുകാർക്കെല്ലാം നല്ല ഭയമുണ്ടായിരുന്നു. അരുതാത്തതെന്തോ ചെയ്യുകയാണെന്ന തോന്നൽ. എന്നാൽ ആ ചിന്തകളെ അസ്ഥാനത്താക്കിയായിരുന്നു അനുവിന്റെ പ്രകടനം. ഒടുവിൽ മിസ് കേരളാ ഫിറ്റ്‌നസ് ആന്റ് ഫാഷൻ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലെത്തിയ അവൾ വനദേവതാ വിഭാഗം ടൈറ്റിൽ സ്വന്തമാക്കുകയും ചെയ്തു. അതോടെ ഊരുകാരുടെ അഭിമാനമായി മാറിയിരിക്കുകയാണ് അനു പ്രശോഭിനി.


അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിൽ കോട്ടത്തറയ്ക്കടുത്തുള്ള ഇരുള ഗോത്ര വിഭാഗക്കാരുടെ ഊരായ ചൊറിയന്നൂരിൽനിന്നാണ് ഈ പതിനേഴുകാരി റാമ്പിലെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രവിഭാഗത്തിൽനിന്നും ഒരു പെൺകുട്ടി സൗന്ദര്യമത്സരവേദിയിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കുന്നത്. മൂടൽമഞ്ഞു പുതച്ച തണുത്തുവിറച്ചുനിൽക്കുന്ന ആ ഗ്രാമത്തിൽ അൻപതിലേറെ ഇരുളഗോത്ര കുടുംബങ്ങളാണ് വസിക്കുന്നത്. സർക്കാർ നിർമ്മിച്ചുകൊടുത്ത വീട്ടിൽ അവൾക്ക് പ്രചോദനമായി നിലകൊള്ളുന്നത് മാതാപിതാക്കളാണ്. മണ്ണാർക്കാട് വനം ഡിവിഷനിലെ ജീവനക്കാരനും സിനിമാനടനും ആദിവാസി കലാകാരനുമെല്ലാമായ എസ്. പഴനിസ്വാമിയുടെയും അട്ടപ്പാടി ഐ.ടി.ഡി.പിയിലെ ട്രൈബൽ പ്രമോട്ടർ ശോഭയുടെയും മകളാണ് അനു. സഹോദരൻ ആദിത്യൻ വട്ടലക്കി ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.


അയ്യപ്പനും കോശിയും, പഴശ്ശിരാജ, ഭാഗ്യദേവത, സല്യൂട്ട് എന്നീ ചിത്രങ്ങളിൽ വേഷമിട്ട പഴനിസ്വാമിക്കും ഭാര്യക്കും മകളെയും കലാരംഗത്തേയ്ക്ക് നയിക്കാനാണ് ആഗ്രഹം. കുട്ടിക്കാലംതൊട്ടേ കലാരംഗത്ത് മികവ് പുലർത്തിയിട്ടുണ്ട് ഈ കലാകാരി. സ്‌കൂൾ കലോത്സവങ്ങളിൽ നാടോടിനൃത്തത്തിലും സിനിമാറ്റിക് ഡാൻസിലും ഫാൻസി ഡ്രസിലും മിമിക്രിയിലുമെല്ലാം  സമ്മാനങ്ങൾ വാരിക്കൂട്ടിയ മകളെ അഭിനേത്രിയായിക്കാണാനാണ് അവർ മോഹിച്ചത്. കഴിയാവുന്നിടത്തോളം പ്രോത്സാഹനവുമായി അവൾക്കൊപ്പം നിൽക്കുകയാണവർ. തങ്ങൾക്ക് നേടാനാവാത്ത സ്വപ്നങ്ങൾ മകളിലൂടെ നേടിയെടുക്കുകയാണ് ലക്ഷ്യം. അനുയോജ്യമായ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം അവൾക്കായി ഒരുക്കിനൽകുന്നതിൽ അമ്മയും ശ്രദ്ധ ചെലുത്തുന്നു.
പാലക്കാട് ഗവൺമെന്റ് മോയൻസ് ഗേൾസ് ഹൈസ്‌കൂളിൽ പ്‌ളസ് ടു വിദ്യാർഥിനിയായ അനുവിന് അട്ടപ്പാടിക്കാരി എന്നൊരു യൂട്യൂബ് ചാനലും സ്വന്തമായുണ്ട്. അച്ഛനാണ് ഈ ചാനൽ തുടങ്ങാനുള്ള പ്രചോദനമായത്. അച്ഛന്റെ പൂർണ്ണ പിന്തുണകൊണ്ടാണ് ഈ ചാനൽ നിലനിന്നുപോരുന്നതും. ഗോത്രവർഗ്ഗക്കാരുടെ സംസ്‌കാരത്തെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും മൺമറഞ്ഞുപോകുന്ന കലകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമെല്ലാം പുറംലോകത്തെ അറിയിക്കുകയായിരുന്നു ഈ ചാനലിലൂടെ ലക്ഷ്യം വച്ചത്. അറിയപ്പെടാതെ പോകുന്ന ഒരുപാട് കലാകാരന്മാർ ഞങ്ങളുടെ ഗോത്രവിഭാഗങ്ങളിലുണ്ട്. അവരെയൊക്കെ ഈ ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യവും കൂട്ടിനുണ്ട്. സിനിമാ സ്വപ്‌നങ്ങളും മനസ്സിലേറ്റി നടക്കുന്ന അച്ഛനാണ് എന്റെ റോൾ മോഡൽ. ക്യാമറയുടെ മുൻപിൽ വരാനുള്ള ധൈര്യം പകർന്നുനൽകിയതും അച്ഛനാണ്്- അനു പറയുന്നു.


കോവിഡ് കാലത്ത് അറോറ സിനിമാ കമ്പനി നടത്തിയ ഒഡീഷനിലൂടെയാണ് സൗന്ദര്യമത്സരത്തിലേയ്ക്കുള്ള അരങ്ങൊരുങ്ങുന്നത്. പല സ്ഥലങ്ങളിൽനിന്നായി ഗോത്രവിഭാഗത്തിൽപ്പെട്ട നിരവധി പെൺകുട്ടികൾ ഒഡീഷനിൽ പങ്കെടുത്തിരുന്നു. അക്കൂട്ടത്തിൽ ഞാനും പങ്കുചേർന്നു. ഓൺലൈനായി ഇൻട്രൊഡക്ഷനും പെർഫോർമൻസ് റൗണ്ടും നടത്തിയിരുന്നു. കൂടാതെ എന്റെ ചാനലിന്റെ പെർഫോൻസ് വീഡിയോ അവർക്കയച്ചുകൊടുത്തിരുന്നു. ഇതെല്ലാം കഴിഞ്ഞതിനുശേഷമാണ് സെലക്ഷൻ ലഭിച്ചത്. അഞ്ഞൂറിലധികം പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഒടുവിൽ മുപ്പത്തിരണ്ടുപേർക്കാണ് സെലക്ഷൻ ലഭിച്ചത്. അറോറ കമ്പനിയിലെ രോഹിത് നാരായണൻ സാറാണ് അവസരം ഒരുക്കിയത്. കുട്ടിക്കാലംതൊട്ടേ സൗന്ദര്യമത്സരവേദി സ്വപ്‌നം കണ്ടുനടന്നിരുന്ന എനിക്ക് കിട്ടിയ അംഗീകാരമായിരുന്നു ഈ സെലക്ഷൻ. അച്ഛനും അമ്മയും എനിക്കൊപ്പം നിന്നതോടെ സംഗതി എളുപ്പമായി.
സൗന്ദര്യമത്സര വേദിയിലേയ്ക്കുള്ള എന്റെ പ്രവേശനം അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഊരിലുള്ളവർ. അച്ഛനും അമ്മയും അവരുടെ കുറ്റപ്പെടുത്തലുകൾക്ക് വിധേയരാകേണ്ടിവന്നു. നിങ്ങൾക്കൊന്നും വിവരമില്ലേ എന്നും പെൺകുട്ടിയെ മോഡലിംഗിന് അയയ്ക്കുന്നത് നല്ലതല്ലെന്നുമായിരുന്നു അവരുടെ വിലയിരുത്തൽ. ആ ലോകം മോശമാണെന്നും അവർ വിലയിരുത്തി. എന്നാൽ എന്നെപ്പോലൊരാൾക്ക് ഇവിടംവരെയെത്തുക എന്നത് എളുപ്പമായിരുന്നില്ല. മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഗോത്രവർഗ്ഗക്കാരി ഞാനായിരുന്നു. ഞങ്ങളെപ്പോലുള്ളവർക്ക് മിസ് കേരള പോലുള്ള വേദികൾ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. ഗോത്രവിഭാഗത്തിലുള്ള പെൺകുട്ടികൾക്ക് എന്റെ നേട്ടം പ്രചോദനമാകണമെന്നാണ് ആഗ്രഹം. നിരവധി ആക്ഷേപങ്ങൾ നേരിടേണ്ടിവന്നെങ്കിലും ഒടുവിൽ അംഗീകാരം ലഭിച്ചപ്പോൾ ഊരിലെല്ലാവരും അനുമോദനങ്ങൾകൊണ്ട് മൂടുകയായിരുന്നു.
മകളുടെ നേട്ടത്തിൽ ഏറെ സന്തുഷ്ടരാണ് ആ മാതാപിതാക്കൾ. അവളുടെ താല്പര്യം കണ്ടറിഞ്ഞ് വേണ്ടുന്നതെല്ലാം ചെയ്യുകയാണ് ഞങ്ങൾ. മോഡലിംഗ് എന്നൊക്കെ പറയുമ്പോൾ ഊരിലുള്ളവർക്ക് ഭയമാണ്. അവർക്കത് ഉൾക്കൊള്ളാനാവില്ല. എന്നാൽ അംഗീകാരം ലഭിച്ചപ്പോൾ നമുക്കും ഇതിനെല്ലാം സാധിക്കുമെന്ന ചിന്ത അവർക്കുമുണ്ടായിട്ടുണ്ട്. അട്ടപ്പാടിയിൽനിന്നും ആദ്യമായി ഫാഷൻ ഷോയിൽ പങ്കെടുക്കുന്നത് അനുവാണ്. കുട്ടിക്കാലംതൊട്ടേയുള്ള എന്റെ സിനിമാ മോഹം മകൾക്കും പകർന്നുകിട്ടിയിരിക്കണം. അച്ഛൻ പഴനിസ്വാമി പറയുന്നു.
കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കണം. അട്ടപ്പാടിക്കാരിയാണോ എന്നൊക്കെ ചിലർ ചോദിക്കാറുണ്ട്. ഇരുള വിഭാഗത്തിൽനിന്നുള്ളതാണെന്നു പറയുമ്പോൾ ചിലർക്ക് സംശയം. ഞങ്ങൾക്കിടയിലും കഴിവുള്ളവരുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം. എന്നാൽ അതിനുള്ള അവസരമോ വേദിയോ ഞങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് അവരറിയുന്നില്ല. അനു പറയുന്നു.
ഭാവിയിൽ ഒരു ഇംഗ്ലീഷ് അധ്യാപികയാകാൻ ലക്ഷ്യമിടുന്ന അനു ഇതിനകം സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. പ്രിയനന്ദൻ സംവിധാനം ചെയ്ത ധബാരിക്കുരുവി എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആദിവാസി വിഭാഗക്കാർ മാത്രം വേഷമിടുന്ന ഈ ചിത്രം അട്ടപ്പാടിയിൽതന്നെയാണ് ചിത്രീകരിച്ചത്. ഇരുളി ഭാഷയിലാണ് ചിത്രമൊരുക്കുന്നത്. ഒരിക്കൽ ഒരു സിനിമയുടെ ഒഡീഷനിടയിൽ പ്രിയനന്ദൻ സാറിന് എന്റെ യൂട്യൂബ് ചാനൽ അച്ഛൻ കാണിച്ചുകൊടുത്തിരുന്നു. തുടർന്ന് വീട്ടിലെത്തിയ അദ്ദേഹം ധബാരിക്കുരുവിയിൽ ഒരു പ്രധാന വേഷമുണ്ടെന്നും അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്നും അന്വേഷിച്ചു. തുടർന്ന് ഒഡീഷനുശേഷമാണ് ചിത്രത്തിലേയ്ക്ക് സെലക്ഷൻ ലഭിക്കുന്നത്. 
ചിത്രത്തിൽ മുരുകി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആദ്യസിനിമയായതുകൊണ്ട് നല്ല ടെൻഷനുണ്ടായിരുന്നു. തിരക്കഥാകൃത്തായ സ്മിതചേച്ചിയും അസിസ്റ്റന്റ് ഡയറക്ടറായ സബിനേട്ടൻ, അയ്യപ്പേട്ടൻ എന്നിവരും തികഞ്ഞ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നെല്ലാം അവർ പറഞ്ഞുതന്നു. അച്ഛനും ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.


മിസ് കേരളയിൽ പങ്കെടുത്തതിനുശേഷം നിരവധി സിനിമാ അവസരങ്ങളും അനുവിനെ തേടിയെത്തുന്നുണ്ട്. എന്നാൽ പ്‌ളസ് ടു പഠനം പൂർത്തിയായശേഷം മാത്രമേ സിനിമയിൽ അഭിനയിക്കൂ എന്നാണ് തീരുമാനം. നല്ല കഥാപാത്രങ്ങളുമായി സിനിമയിൽ സജീവമാകണമെന്നാണ് മോഹം. അച്ഛനാണ് സിനിമയിലേയ്ക്കു കടന്നുവരാനുള്ള പ്രചോദനമായത്. അഭിനയത്തിനു പുറമെ അവതാരകയാകാനും ഇഷ്ടമാണ്. ഞങ്ങളുടെ സമുദായത്തിലുള്ള പെൺകുട്ടികൾക്ക് പ്രചോദനം നൽകുകയാണ് ലക്ഷ്യം. കഴിവുകൾ പ്രകടിപ്പിക്കാൻ നിരവധി അവസരങ്ങളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം- അനു പറയുന്നു.
വനം വകുപ്പിൽ ഉദ്യോഗസ്ഥനായ അച്ഛൻ പഴനിസ്വാമി മണ്ണാർക്കാട് ആന സ്‌ക്വാഡിലാണ് ജോലി നോക്കുന്നത്. നാട്ടിൽ ആനയിറങ്ങിയാൽ പടക്കം പൊട്ടിച്ച് കാട്ടിലേയ്ക്കുതന്നെ തിരിച്ചയയ്ക്കുന്നതാണ് ജോലി. സിനിമാ മേഖലയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പഴനിസ്വാമി. സംവിധായകൻ സച്ചിയുമായി അദ്ദേഹത്തിന് നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിലാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മയെക്കൊണ്ട് പാട്ടു പാടിച്ചത്. അവരുടെ ഒരു പാട്ട് സച്ചിസാറിന് അയച്ചുകൊടുത്തു. അദ്ദേഹത്തിനത് വളരെ ഇഷ്ടമായി. തുടർന്നാണ് ചിത്രത്തിലെ ആദകച്ചക്ക എന്ന ഗാനം പാടിച്ചത്. ലിവർപൂളിൽ സംഗീത വിരുന്നൊരുക്കാൻ നാഞ്ചിയമ്മയെ ക്ഷണിച്ചപ്പോൾ കൂട്ടിനുപോയതും പഴനിസ്വാമിയായിരുന്നു. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലാണ് ഒടുവിലായി വേഷമിട്ടത്.
കളങ്കമില്ലാത്ത അട്ടപ്പാടിയുടെ സൗന്ദര്യമാണ് അനു പ്രശോഭിനിക്ക്. അതിൽ കഴിവും ആത്മവിശ്വാസവും കൂടി ഒത്തുചേർന്നതോടെയാണ് അനു എന്ന ഗോത്രസുന്ദരി മിസ് കേരള മത്സരത്തിൽ ഉയരങ്ങൾ കീഴടക്കിയത്. ഇരുള വിഭാഗത്തിൽപ്പെട്ട അനു ഉയരങ്ങൾ കീഴടക്കുമ്പോൾ സന്തുഷ്ടചിത്തരാകുന്നത് ഒരു കുടുംബം മാത്രമല്ല, അട്ടപ്പാടി എന്ന ദേശം മുഴുവനുമാണ്.

Latest News