Sorry, you need to enable JavaScript to visit this website.

'ഞാനാദ്യമേ ഇങ്ങെത്തി, 10 പേർ പിന്നാലെയുണ്ട്'

നമ്മൾ വളരെ ബുദ്ധിമുട്ടിയാണ് വയനാട് വഴി ബംഗളുരുവിലേക്കുള്ള രാത്രിയാത്രയ്ക്ക് നിരോധനമേർപ്പെടുത്തിയത്. പണ്ടത്തെ പോലെ യാത്ര ചെയ്യാനാവില്ല. ഗുണ്ടിൽപേട്ട് ടൗണിൽ രാത്രി തങ്ങുന്നവർക്കായി കൂടുതൽ ലോഡ്ജ് മുറികളും റിസോർട്ടുകളുമുൾപ്പെടെ സൗകര്യങ്ങളായി. കർണാടകയുടെ  വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിൽ നിന്നും പുറപ്പെടുന്നവർക്ക് സൂര്യാസ്തമയത്തിന്റെ മുമ്പ് അന്തർ സംസ്ഥാന അതിർത്തിയിലെത്തുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അവിടെ തങ്ങുകയേ നിർവാഹമുള്ളു. സർക്കാരുകൾ ഇത്തരം നിയന്ത്രങ്ങളേർപ്പെടുത്തുന്നത് വെറുതെയല്ല. മൃഗങ്ങൾ ശബ്ദശല്യമില്ലാതെ സ്വസ്ഥമായി കഴിഞ്ഞു കൂടിക്കോട്ടെയെന്ന് കരുതി മാത്രമാണ്. മൃഗലോകത്ത് ഇതിന്റെ പ്രതികരണം കണ്ടു തുടങ്ങിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ ജീവിതം മടുത്ത് കടുവകളും ആനകളും മറ്റും സുൽത്താൻ ബത്തേരി, തൊണ്ടർനാട്, അമ്പലവയൽ പോലുള്ള സ്ഥലങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കാട്ടിൽ എന്ത് കാട്ടാനാ എന്നു വിലപിച്ചു നടന്ന കാട്ടാന ബത്തേരിയാണ് തെരഞ്ഞെടുത്തത്. നഗരസഭയായതു കൊണ്ട് ബത്തേരി ഇഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. വിലസി നടക്കുന്ന കടുവയുടെ ആക്രമണങ്ങൾ അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പാവം കർഷകൻ തോമസ് ഒരാഴ്ച മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണപ്പെട്ടത് കടുവയുടെ ആക്രമണത്തെ തുടർന്നാണ്. വയനാട്ടിലെ ചികിത്സാ സംവിധാനങ്ങളുടെ പോരായ്മ ഒരിക്കൽ കൂടി ബോധ്യപ്പെട്ടു. വയനാട്ടിലെ മെഡിക്കൽ കോളജ് അലിഞ്ഞില്ലാതായോ? ഹൃദ്രോഗിയായ തോമസ് മണിക്കൂറുകൾ നീണ്ട യാത്രക്ക് ശേഷമാണ് ചുരമിറങ്ങി ചികിത്സാ കേന്ദ്രത്തിലെത്തുന്നത്. കേരളത്തിലെ മന്ത്രിയുടെ പ്രസ്താവന ഗംഭീരമായി. മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാ കടുവകളേയും വെടിവെച്ചു കൊല്ലാൻ കൽപിക്കുമെന്നാണ് മന്ത്രി പുംഗവൻ പറഞ്ഞത്. 
ഇതെങ്ങിനെ സാധിക്കുമെന്നറിയാൻ അൽ ജസീറ, സി.എൻ.എൻ, ബി.ബി.സി ചാനുകളിൽ നിന്നുവരെ മന്ത്രിയെ തേടി ഫോൺ കോളുകളെത്തിയെന്നാണ് കരക്കമ്പി. കടുവയുടെ ആഗമനം സംബന്ധിച്ച മലയാളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ കണ്ടെത്തൽ സോഷ്യൽ മീഡിയക്ക് ആഘോഷിക്കാനുള്ള വകയുമായി. കർഷകനെ കൊന്ന കടുവ മാത്രമല്ല, വേറൊരു പത്തെണ്ണം കൂടി കേരളത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടണ്ടെന്നായിരുന്നു ന്യൂ ജെൻ ജേണലിസ്റ്റിന്റെ കണ്ടെത്തൽ. കൃത്യമായ സംഖ്യ തന്നെ റിപ്പോർട്ടർക്ക് നൽകാൻ കഴിഞ്ഞു. ഇത് വനംവകുപ്പിനും മറ്റു അധികൃതർക്കുമെല്ലാം സഹായകമാണ്. സമൂഹ മാധ്യമങ്ങളിൽ ഈ യുറീക്ക റിപ്പോർട്ട് തരംഗമായത് മുതൽ ചില വിരുതന്മാർ ഭാവനയ്‌ക്കൊപ്പിച്ച്് ലേഖകൻ കണ്ടെത്തിയ കടുവയുമായുള്ള അഭിമുഖങ്ങൾ തയാറാക്കി വായനക്കാർക്ക് ഹരം പകർന്നതും ശ്രദ്ധേയമായി. 
*** *** ***
വിദ്വേഷ പ്രസംഗങ്ങൾ വലിയ വിപത്തായി മാറിയിരിക്കയാണെന്നും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ടെലിവിഷൻ ചാനൽ അവതാരകരെ പുറത്താക്കണമെന്നും സുപ്രീം കോടതി. ഇന്ത്യയിൽ സ്വതന്ത്രവും സന്തുലിതവുമായ മാധ്യമം ആവശ്യമാണെന്നും ടിവി വാർത്താ ഉള്ളടക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കയാണെന്നും പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി. റേറ്റിംഗ് പോയിന്റാണ് ടെലിവിഷൻ ചാനലുകളെ നയിക്കുന്നതെന്നും ഇതിനായി ചാനലുകൾ പരസ്പരം മത്സരിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗം പ്രചരിപ്പിക്കുന്ന ടിവി ന്യൂസ് അവതാരകനെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്നും കോടതി ചോദിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നതു ശരി തന്നെ. പക്ഷേ അതിന് എന്തുമാത്രം വിലയാണ് കൊടുക്കുന്നത്. അച്ചടി മാധ്യമങ്ങളെ പോലെ വാർത്താ ചാനലുകൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഇല്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.വിദ്വേഷ പ്രസംഗങ്ങൾ തടയണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെഎം ജോസഫും ബി.വി നാഗരത്നയും അടങ്ങുന്ന ബെഞ്ചാണ് ശ്രദ്ധേയമായ പരാമർശങ്ങൾ നടത്തിയത്. വിദ്വേഷ പ്രസംഗം സമ്പൂർണ ഭീഷണിയായി മാറിയിരിക്കുന്നു. അത് അവസാനിപ്പിക്കണം- ബെഞ്ച് പറഞ്ഞു.
മാധ്യമ വിചാരണയിൽ ആശങ്ക പ്രകടിപ്പിച്ച ബെഞ്ച്, അടുത്തിടെ എയർ ഇന്ത്യ വിമാനത്തിൽ ഒരാൾ മൂത്രമൊഴിച്ച സംഭവം പ്രത്യേകം ചൂണ്ടിക്കാട്ടി. പേരു പറഞ്ഞു കൊണ്ടാണ് ഇയാളെ വിമർശിച്ചത്. അയാൾ ഇപ്പോഴും വിചാരണയിലാണെന്ന് മാധ്യമപ്രവർത്തകർ മനസ്സിലാക്കണം. എല്ലാവർക്കും മാന്യതയുണ്ട്.  അപകീർത്തിപ്പെടുത്തരുത്. വാർത്താ കവറേജുകൾ ടിആർപി അടിസ്ഥാനമാക്കിയുള്ളതിനാലാണ് ടിവി ചാനലുകൾ പരസ്പരം മത്സരിക്കുന്നതെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞു.
*** *** ***
മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് തെന്നിന്ത്യൻ താരം ജയസുധ.  എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത രാസലീല എന്ന ചിത്രത്തിലൂടെയാണ് ജയസുധ മലയാള സിനിമയിൽ  എത്തുന്നത്. റോമിയോ, മോഹിനിയാട്ടം, ശിവരഞ്ജിനി തുടങ്ങിയ ചിത്രങ്ങളിലും  അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി സരോവരം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇഷ്ടം സിനിമയിൽ നെടുമുടി വേണുവിന്റെ കാമുകിയുടെ വേഷത്തിലൂടെയാണ് ജയസുധ കൂടുതൽ പരിചിതയായത്. ഇപ്പോൾ തിയേറ്ററുകളിലുള്ള വിജയ് ചിത്രം വാരിസ് ആണ് അവസാനം പ്രദർശനത്തിനെത്തിയ തമിഴ് ചിത്രം. വാരിസിൽ വിജയ്യുടെ അമ്മ വേഷമാണ് അവതരിപ്പിച്ചത്. ജയസുധ ഇപ്പോൾ ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചു. 64ാം വയസിൽ മൂന്നാം വിവാഹത്തിന്  ഒരുങ്ങുന്നുവെന്നാണ് പ്രചാരണം. 
അടുത്തിടെ ജയസുധ പങ്കെടുത്ത പരിപാടികളിലെല്ലാം താരത്തിനൊപ്പം അജ്ഞാതനായ ഒരു വിദേശി ഉണ്ടായിരുന്നു. ഇതേ ചുറ്റിപ്പറ്റി പുതിയ കഥകൾ വന്നതോടെയാണ് മൂന്നാം വിവാഹം ഉണ്ടാകുമെന്ന വാർത്തകൾ രൂപപ്പെട്ടത്. ഫിലിപ്പ് റൂവൽസ് എന്നാണ് പേര്. എന്റെ ജീവിതചരിത്രം സിനിമയാക്കാനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. സിനിമമേഖലയിലെ എന്റെ പ്രാധാന്യത്തെക്കുറിച്ചാണ് എല്ലാ പരിപാടികളിലും തനിക്കൊപ്പം പങ്കെടുക്കുന്നത്- ജയസുധ പറഞ്ഞു.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വഡെ രമേശിന്റെ ഭാര്യ സഹോദരൻ കാക്കർപുടി രാജേന്ദ്ര പ്രസാദുമായാണ് ജയസുധയുടെ ആദ്യവിവാഹം. അത് അധികനാൾ നീണ്ടുനിന്നില്ല. വിവാഹ മോചിതയായ ശേഷം 1985 ൽ നടൻ ജിതേന്ദ്രയുടെ ബന്ധുവായ നിതിൻ കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ട് ആൺ മക്കളുണ്ട്. 2017 ൽ നിതിൻ കപൂർ മരിച്ചു. ജയസുധ മൂന്നാമനെ കെട്ടിയാലും ഇല്ലെങ്കിലും ഇതിനൊരു പോസിറ്റീവ് വശമുണ്ട്. 64ാ-ാം വയസ്സെന്നതൊക്കെ ഒരു നമ്പർ മാത്രമാണെന്ന് താരം തെളിയിച്ചിരിക്കുകയാണ്. 
*** *** ***
നടി അപർണ ബാലമുരളിയോട് കോളജ് യൂണിയൻ ഉദ്ഘാടനവേദിയിൽ വച്ച് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവം മലയാളി സമൂഹത്തിനാകെ നാണക്കേടായി. ഒടുവിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് എറണാകുളം ഗവ. ലോ കോളേജ്. യൂണിയൻ ഭാരവാഹിയെ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. ഇവരൊക്കെ എന്ത് നിയമമാണാവോ പഠിക്കുന്നത്. സി.ആർ.പി.സി കലക്കി കുടിച്ചിട്ടും സമൂഹ വിരുദ്ധരെ പോലെ പെരുമാറുകയോ? 
എറണാകുളം ഗവ. ലോ കോളേജിൽ വെച്ചാണ് അപർണയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. തങ്കം സിനിമയുടെ പ്രമോഷനുവേണ്ടി ലോ കോളജിൽ എത്തിയതായിരുന്നു നടി. അപർണയോടൊപ്പം നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരും ഉണ്ടായിരുന്നു.അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ അടുത്തെത്തിയ വിദ്യാർഥി അപർണയുടെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. നടി അനിഷ്ടം പ്രകടമായത് വീഡിയോയിൽ വ്യക്തമായി കാണാം. വീണ്ടും യുവാവ് അപർണയുടെ തോളിൽ കയറി പിടിക്കുകയും അപർണ വെട്ടിച്ച് മാറുകയും ചെയ്യുന്നുണ്ട്.
ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം. എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി  -അപർണ പറഞ്ഞു. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു. അപർണ ബാലമുരളി ചെറിയ പ്രായത്തിൽ തന്നെ ദേശീയ ബഹുമതി നേടിയ കലകാരിയാണ്. 
*** *** ***
മലയാളികളുടെ പ്രിയ നടി ഭാമ വിവാഹ മോചനത്തിന്റെ ട്രാക്കിൽ. തന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും ഭാമ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തു.  നടി സോഷ്യൽ മീഡിയ പേജിന്റെ പേര് ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഡയാന രാജകുമാരിയുടെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ്. 'ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം' എന്നാണ് ഭാമ കുറിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഭർത്താവ് അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരിൽ സംശയമുണ്ടായി. ഇരുവരും വേർപിരിഞ്ഞോ എന്ന് ആരാധകർ കമന്റ് ബോക്സിലൂടെ അന്വേഷിച്ചിരുന്നു.
എന്നാൽ, ഇത്തരം ചോദ്യങ്ങളോട് ഭാമ പ്രതികരിച്ചിരുന്നില്ല. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുൻനിര നായികയായി ഉയർന്നുവന്ന ഭാമ 2020ൽ ബിസിനസുകാരനായ അരുൺ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് 2020 ഡിസംബറിലാണ് ദമ്പതികൾക്ക് ഒരു മകൾ ജനിക്കുന്നത്. ഇടയ്ക്കു താരം ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ഭാമ മൊഴിമാറ്റിയതു വലിയ വിവാദമായിരുന്നു.
*** *** ***
പാവം ലളിത് മോഡി. രോഗം വന്നപ്പോൾ കൂട്ടുകാരി സുസ്മിത സെൻ പറന്നകന്നു. ബിസിനസ് പ്രമുഖൻ ലളിത് മോഡിയും മുൻ വിശ്വ സുന്ദരി സുസ്മിത സെന്നുമായി മുടിഞ്ഞ പ്രണയമായിരുന്നു. മാസങ്ങൾക്കപ്പുറം ഇരുവരും ലിവ് ഇൻ റിലേഷൻഷിപ്പും തുടങ്ങി. പണം കണ്ട് അടുത്തു കൂടിയതായിരിക്കാമെന്ന് അന്നു തന്നെ ദുഷ്ടന്മാർ പറഞ്ഞു പരത്തിയിരുന്നു. ഇപ്പോഴത് സ്ഥിരീകരിക്കുന്ന വിധത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. കോവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലായിരുന്നു ലളിത് മോഡി. 24 മണിക്കൂർ ഓക്‌സിജൻ സപ്പോർട്ടിലാണ് ലളിത് മോഡിയുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ ലളിത് മോഡി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. മൂന്നാഴ്ചയോളം കോവിഡ് ബാധിച്ച് കിടന്നു. അതിന് ശേഷം ന്യൂമോണിയ വന്നെന്ന് ലളിത് മോഡി പറയുന്നു. എയർ ആംബുലൻസിൽ ലണ്ടനിലേക്ക് ഇദ്ദേഹത്തെ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇപ്പോഴും 24 മണിക്കൂർ ഓക്‌സിജൻ സപ്പോർട്ടിലാണ് താനെന്നും ലളിത് മോഡി വ്യക്തമാക്കി.  മറുവശത്ത് നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന താരവുമാണ് സുസ്മിത. നടിയുടെ പ്രണയങ്ങളും പ്രണയത്തകർച്ചകളും എല്ലാം നേരത്തെ ഏറെ ചർച്ച ആയിരുന്നു. അടുത്തിടെയാണ് ബിസിനസ്മാൻ ലളിത് മോഡിയുമായി സുസ്മിത പ്രണയത്തിലാണെന്ന് ഗോസിപ്പ് പരന്നത്. സുസ്മിതയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് ലളിത് മോഡി തന്നെ ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് വലിയ വാർത്തയായിരുന്നു സംഭവം. എന്നാൽ പിന്നീടിരുവരും വേർപിരിഞ്ഞെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നു. വിശ്വ സുന്ദരിപ്പട്ടം ചൂടി ആ നേട്ടത്തിന്റെ ഖ്യാതി കാത്ത് സൂക്ഷിച്ച താരം ആയാണ് വിശ്വസുന്ദരിപ്പട്ടം ചൂടി ഇന്ത്യൻ വിനോദ രംഗത്ത് തരംഗം സൃഷ്ടിച്ച താരമാണ് സുസ്മിത സെൻ. മോഡലിംഗ് രംഗത്ത് ഇന്ത്യയിൽ വലിയ ചലനങ്ങൾ ഉണ്ടാവുന്നത് 90 കളിൽ ഐശ്വര്യ റായി ലോക സുന്ദരി പട്ടവും, സുസ്മിത സെൻ വിശ്വ സുന്ദരി പട്ടവും ചൂടിയ ശേഷമാണ്. ബഹുരാഷ്ട്ര കമ്പനികൾ സുസ്മിതയെയും ഐശ്വര്യയെയും തേടി വന്നു. എന്നാൽ പ്രിയങ്ക ചോപ്രയ്ക്ക് ശേഷം ലോകസുന്ദരി പട്ടം ചൂടിയ ഇന്ത്യക്കാർക്കൊന്നും വലിയ സ്വീകാര്യത ബോളിവുഡിൽ ലഭിച്ചിട്ടില്ല. ഏതായാലും സുസ്മിത സെൻ ചെയ്തതൊട്ടും ശരിയായില്ലെന്ന അഭിപ്രായക്കാരാണ് നെറ്റിസൺസിൽ ഭൂരിഭാഗവും. 

Latest News