Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

സഫലം, ഫസീലയുടെ ഗാനസപര്യ

അയ്യായിരത്തോളം പാട്ടുകൾ, ഒരു ലക്ഷത്തിലധികം സ്റ്റേജുകൾ-
നീണ്ട അഞ്ചു പതിറ്റാണ്ടിലേറെയായി തുടരുന്ന സംഗീതയാത്രയിൽ വിളയിൽ 
ഫസീല അടയാളപ്പെടുത്തിയ ആലാപനശൈലി കേരളത്തിന്റെ കലാചരിത്രത്തിലെ 
അനശ്വരമുദ്രകളാണ്. പ്രവാസികളാകെ ഹൃദയം നിറഞ്ഞ്് ഏറ്റുവാങ്ങിയ പാട്ടുകളുടെ
ഉടമയായ ഫസീലയാണ് (അന്നത്തെ വിളയിൽ വൽസല) ജിദ്ദയിലെ പ്രേക്ഷകരുടെ 
മുമ്പിൽ ആദ്യമായി ഗാനമേള അവതരിപ്പിച്ച ഇന്ത്യൻ ഗായിക. നാൽപത്തൊന്നു 
കൊല്ലത്തിനു ശേഷം അവർ കഴിഞ്ഞ ദിവസം വീണ്ടും ജിദ്ദയിൽ വന്നു. 
ഉംറ കഴിഞ്ഞെത്തിയ ഫസീല, ഉലച്ചിലൊട്ടും തട്ടാത്ത ആ പഴയ 
സ്വരസ്ഥായി വീണ്ടെടുത്ത് പാടി: ഹജിന്റെ രാവിൽ ഞാൻ 
കഅബം കിനാവ് കണ്ടു...

1982 ജനുവരി ആദ്യവാരം. പുതുവർഷത്തിലെ തണുപ്പ് വീണ രാത്രി. ജിദ്ദ ബാഗ്ദാദിയയിലെ ന്യൂഡൽഹി സ്ട്രീറ്റിലെ ഇന്ത്യൻ എംബസിയിൽ (അന്ന് എല്ലാ രാജ്യങ്ങളുടേയും എംബസി ജിദ്ദയിലാണ്) ഇന്ത്യൻ സ്‌കൂൾ കെട്ടിടഫണ്ട് ധനശേഖരണാർഥം സംഘടിപ്പിച്ച ഗാനമേളയിലെ പ്രധാനഗായകർ വി.എം. കുട്ടിയും വിളയിൽ വൽസലയും. ആദ്യകാല ജിദ്ദാ മലയാളി എ.വി അബ്ദുറഹീം കോയയായിരുന്നു മുഖ്യസംഘാടകൻ. മാപ്പിളപ്പാട്ട് ലോകത്ത് ജ്വലിച്ചു നിൽക്കുന്ന താരങ്ങളായിരുന്നു വി.എം.കുട്ടിയും വൽസലയും. മലയാളികളോടൊപ്പം ഹൈദരബാദുകാരും ഉത്തർപ്രദേശുകാരും ഇവരുടെ പാട്ടിന്റെ ലഹരിയിൽ മതിമറന്നു. മുഖ്യാതിഥി അന്നത്തെ ധനകാര്യമന്ത്രി ആർ. വെങ്കട്ടരാമൻ (പിന്നീട് രാഷ്ട്രപതി),  സൗദിയിലെ ഇന്ത്യൻ അംബാസഡർ കണ്ണൂർ വളപട്ടണത്തുകാരൻ ടി.ടി.പി അബ്ദുല്ല, ഗാനമേളയ്ക്ക് ശേഷം വി.എം കുട്ടിയേയും വൽസലയേയും നേരിട്ടെത്തി അനുമോദിക്കുകയും മുഖ്യാതിഥിയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ അഞ്ചു സ്‌റ്റേജുകളിൽ കൂടി പാടാൻ ഇവരോടാവശ്യപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പിന്നീട് ജിദ്ദയിലെത്തി ഉദ്ഘാടനം നിർവഹിച്ച ഇന്ത്യൻ എംബസി സ്‌കൂൾ (ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ, ഗേൾസ് വിഭാഗം) കെട്ടിടത്തിന്റെ ഫണ്ട് പിരിവിൽ, വിളയിൽ വൽസല എന്ന ഗായികയുടേയും അദൃശ്യസംഭാവനയുണ്ട്. അന്നത്തെ ഗാനമേള, പിന്നീടുള്ള നിരന്തരമായ സംഗീതയാത്രകൾ… ഇപ്പോൾ കൂടെയില്ലാത്ത ഗുരുതുല്യനായ വി.എം. കുട്ടി, ഭർത്താവ് മുഹമ്മദലി എന്നിവരുടെയൊക്കെ ആർദ്രമായ ഓർമകളിലൂടെ, ശബ്ദമാധുരിയുടെ ഈ രാജകുമാരി, പിന്നിട്ട ജീവിതത്തിന്റെ അനുപല്ലവി മീട്ടുന്നു.   

ആകാശവാണി ബാലലോകം  1970
കവി, ഗായകൻ, ഗാനരചയിതാവ്, നോവലിസ്റ്റ്… ഇതെല്ലാമായ മലപ്പുറം പുളിക്കലിലെ വി.എം.കുട്ടി മാഷാണ് കൊണ്ടോട്ടി വിളയിൽ പറപ്പൂരിലെ  തിരുവാച്ചോല സൗദാമിനി ടീച്ചറോട് പറഞ്ഞത്: ആകാശവാണി ബാലലോകത്തിൽ പാടാൻ നമുക്ക് കുറച്ച് കുട്ടികളെ വേണമല്ലോ ടീച്ചറേ... ടീച്ചർക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. സ്‌കൂൾ സാഹിത്യസമാജത്തിലും മറ്റും അത്യാവശ്യം നന്നായി പാടാറുള്ള വൽസലയേയും ഒപ്പം മാലതി, സതി, സുശീല, സോണിയ, ഇന്ദിര എന്നീ കുട്ടികളേയും ടീച്ചർ നിർദേശിച്ചു. സഖാവ് കാരിക്കുഴിയൻ മുഹമ്മദ് കുട്ടി മാഷുടെ പ്രോൽസാഹനവും അന്നത്തെ പ്രാദേശിക ക്ലബ്ബായ പുളിക്കൽ ചെന്താര തിയേറ്റേഴ്‌സിന്റെ പിന്തുണയും കൂടിയായതോടെ വൽസല എന്ന പാട്ടുകാരി പിറവിയെടുത്തു. ആകാശവാണി ബാലലോകത്തിലൂടെ 1970 ൽ വൽസലയുടേയും കൂട്ടുകാരികളുടേയും പാട്ട് ശ്രോതാക്കളിലേക്ക്.
വി.എം കുട്ടി രചിച്ച് വൽസല പാടിയ 'കിരി കിരീ ചെരുപ്പുമ്മേൽ അണഞ്ഞുള്ള പുതുനാരി..' എന്ന പാട്ടായിരുന്നു ആദ്യമായി റെക്കാർഡ് ചെയ്തത്. പി.ടി അബ്ദുറഹ്മാൻ രചിച്ച ആമിനാബീവിക്കോമന മോനെ.. എന്ന രണ്ടാമതിറങ്ങിയ ഗ്രാമഫോൺ റെക്കാർഡിലെ പാട്ട് മലബാറിലാകെ തരംഗമാവുന്നതും വൽസലയുടെ മധുരശബ്ദം ശ്രദ്ധേയമാകുന്നതും ഇതോടെയാണ്. വിളയിൽ വൽസലയെന്ന നാമം മലബാറിലാകെ പ്രചരിക്കാൻ തുടങ്ങിയ കാലം. നൂറുക്കണക്കിന് വിവാഹങ്ങളിലെ ഗാനമേളകളിലേക്കുള്ള ക്ഷണം. പാപം പേറുന്നൊരു യാത്രക്കാരി..പാടിപ്പാടി തളർന്നിട്ടൊരിക്കൽ പാഴ്മുളം തണ്ടിൽ ഞാൻ മരിക്കും എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറനാട്ടിലെ ഉമ്മമാരുടെ ചുണ്ടുകളിൽ വിളയിൽ വൽസലയുടെ പാട്ടിന്റെ മധുരം തങ്ങി നിന്നു. റേഡിയോകളിലും ഗ്രാമഫോണുകളിലും പിന്നീട് കാസറ്റുകളിലും വി.എം.കുട്ടി  വൽസല ദ്വയം, സംഗീത വിപ്ലവമാണ് സൃഷ്ടിച്ചത്.

യേശുദാസിനൊപ്പം റെക്കാർഡിംഗ്
1982 ൽ യേശുദാസിനോടൊപ്പം പാട്ട് റെക്കാർഡ് ചെയ്തത് തന്റെ ജീവിതത്തിലെ അമൂല്യസംഭവമായി ഫസീല കാണുന്നു. ഇപ്പോഴും ഓർമയിൽ പച്ച പിടിച്ചുനിൽക്കുന്നത് ദാസേട്ടന്റെ സ്‌നേഹവാൽസല്യം. ബാപ്പു വെള്ളിപ്പറമ്പ് രചിച്ച ഹസ്ബീ റബ്ബീ സല്ലല്ലലാഹ്... എന്ന പാട്ടിന്റെ റെക്കാർഡിംഗ്. സ്റ്റുഡിയോയിൽ ചെന്നപ്പോൾ ദാസേട്ടൻ മുമ്പിൽ. മഹാനായ ആ ഗായകന്റെ മുമ്പിൽ പരിഭ്രമിച്ചു പോയ തന്നെ കണ്ട് ദാസേട്ടൻ ആശ്വസിപ്പിക്കുകയും പാട്ട് മൂളാൻ ആവശ്യപ്പെടുകയും ചെയ്തു. അറബിഭാഷ ഉച്ചാരണശുദ്ധിയോടെ ദാസേട്ടൻ ആലപിക്കുന്നത് കണ്ട് അദ്ഭുതപ്പെട്ടു. സംകൃതപമഗരി എന്ന ടൈറ്റിലിൽ ഇറങ്ങിയ കാസറ്റിലൂടെ ഹസ്ബീ റബ്ബീ സല്ലല്ലാഹ്...എന്ന താരാട്ട്പാട്ട് ഏറെ ആരാധകരെ സൃഷ്ടിച്ചു. ഈ പാട്ട് പാടിക്കൊടുത്താണ് പല ഉമ്മമാരും കുഞ്ഞുങ്ങളെ ഉറക്കിയിരുന്നത്.
കെ.എസ് ചിത്രയോടൊപ്പവും പാടാൻ അവസരം കിട്ടി. മനസ്സകമിൽ, മുഹബ്ബത്ത് ചൊരിഞ്ഞു.. എന്ന പാട്ടിന്റെ ട്രാക്ക് ഇട്ടുകൊടുത്തപ്പോൾ തന്നെ പരിചിതമായ ശബ്ദം കേൾക്കെ ചിത്ര ചോദിച്ചുവത്രേ: ഇത് ഫസീലയുടെ ശബ്ദമല്ലേ? യത്തീമിനത്താണി.. എന്ന പാട്ട് ചിത്ര പാടുകയും ഹിറ്റാവുകയും ചെയ്തു.

ബാബുരാജിനോടൊപ്പം പാടിയ ആ നിമിഷം
സംഗീതമാന്ത്രികൻ എം.എസ്. ബാബുരാജിനോടൊപ്പം പാടാൻ ലഭിച്ച അവസരവും വിളയിൽ ഫസീലയെന്ന ഗായികയുടെ ജീവിതത്തിലെ അനശ്വര മുഹൂർത്തങ്ങളാണ്. കെ. രാഘവൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിൽ ബാബുരാജിന്റെ കൂടെ പാട്ടിയ ആ പാട്ട്: വിശ്വപ്രപഞ്ചത്തിനാകെ റസൂലേ, വിശ്വാസികൾക്ക് ഹബീബേ... കരിമേഘമാല ഇരുൾതീർത്ത മാനത്ത് കനിവായി വിടർന്ന നിലാവേ.. ഇതായിരുന്നു ബാബുക്കയോടൊപ്പം പാടിയ പാട്ട്. പ്രവാസിയായമണ്ണിൽ മുഹമ്മദ് നിർമിച്ച 1921 എന്ന സിനിമയിൽ (സംവിധാനം ഐ.വി ശശി) 'മണവാട്ടി കരം കൊണ്ട് മുഖം മറച്ച് ഫിർദൗസിലടുക്കുമ്പോൾ' എന്ന ഗാനം മൂസ എരഞ്ഞോളിയുമൊത്ത് ഫസീല ആലപിച്ചു. 
എ.ടി അബു സംവിധാനം ചെയ്ത മയിലാഞ്ചി എന്ന പടത്തിൽ ഇവർ പാടിയ കൊക്കരക്കൊക്കര കോയിക്കുഞ്ഞേ, ചക്കരമാവിലെ തത്തപ്പെണ്ണേ.. എന്ന പാട്ടും പ്രസിദ്ധമായി. വി.എം കുട്ടിയുടെ രചനകൾക്കാണ് കൂടുതലായും ഫസീല ശബ്ദം നൽകിയിട്ടുള്ളത്. ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ടു, ശജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ടൂ.. എന്ന പാട്ടും എൺപതുകളുടെ തുടക്കത്തിൽ ഹിറ്റായി. ഇന്നും കാസറ്റുകളിലൂടെ, യു ട്യൂബിലൂടെ ഫസീലയുടെ മനോജ്ഞമായ പാട്ടുകൾ പുനർജനിക്കുന്നു. ഏത് തലമുറയിലേയും ആസ്വാദകരുടെ മനം കവരുന്നതാണ് അവരുടെ ആലാപനം. 

മാസത്തിൽ 31 ദിവസം ഗാനമേള
1978, 79, 80 വർഷങ്ങൾ കേരളത്തിനകത്തും പുറത്തും ( മുംബൈ, ബാംഗ്ലൂർ, ചെന്നൈ) മിക്കവാറും എല്ലാ ദിവസവും ഗാനമേളയുടെ ബുക്കിംഗ്.. ഇതായിരുന്നു വിളയിൽ ഫസീലയുടെ ഷെഡ്യൂൾ. നിന്നുതിരിയാനിടമില്ലാത്ത വിധം പ്രോഗ്രാമുകൾ. ഇന്ന് കാസർകോടാണെങ്കിൽ നാളെ ബാംഗ്ലൂർ, മറ്റന്നാൾ പാലക്കാട്.. ഒരു മാസം 31 ദിവസവും പരിപാടികളുടെ ബുക്കിംഗ്. മറുനാടൻ മലയാളികൾ മാസ്മരികമായ ആ ശബ്ദത്തിൽ ആകൃഷ്ടരായി. മുംബൈയിൽ സ്ഥിരമായി പരിപാടികൾ. 1978 ലാണ് ആദ്യ ദുബായ് യാത്ര. പ്രവാസത്തിന്റെ വേവും ചൂടും അനുഭവിക്കുന്ന മലയാളികൾ തിങ്ങിനിറഞ്ഞ സദസ്സിൽ അവർ പാടി: കടലിന്റെയിക്കരെ വന്നോരെ, ഖൽബുകൾ വെന്ത് പൊരിഞ്ഞോരേ, തെങ്ങുകൾ തിങ്ങിയ നാടിന്റെയോർമയിൽ നിങ്ങടെ കഥ പറയൂ.. (രചന: പി.ടി അബ്ദുറഹ് മാൻ). അക്കാലത്തെ പ്രവാസികളുടെ ക്ലേശജീവിതത്തിന്റെ കണ്ണീർ വീണ ഈ പാട്ട് ആയിരങ്ങളാണ് ഏറ്റെടുത്തത്. ഇതോടെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രോഗ്രാമുകൾ. വിളയിൽ വൽസല എന്ന പേര് ഒരു തരംഗമായി മാറുകയായിരുന്നു. പി.എ ഖാദർ രചിച്ച വാരിയംകുന്നത്ത് ഹാജി, ശൂരിതം നിറഞ്ഞ ഹാജി എന്ന പാട്ടും അക്കാലത്ത് ഏറെ ആവേശകരമായിരുന്നു. 
തിരൂരിൽ നടന്ന സി.പി.എം സമ്മേളനവേദിയിൽ, വരികയായി ഞങ്ങൾ വരികയായി.. വിപ്ലവത്തിൻ കാഹളം മുഴക്കാൻ... എന്ന പാട്ട് പാടിയപ്പോൾ വേദിയിലുണ്ടായിരുന്ന എ.കെ.ജി ഓടിവന്ന് അനുമോദിച്ചത് മറക്കാനാവില്ല. അഴീക്കോടൻ രാഘവനായിരുന്നു അന്നു് തന്നെ കൈപിടിച്ച് സ്‌റ്റേജിലേക്ക് കയറ്റിയതെന്ന് ഗായിക ഓർക്കുന്നു. പി.എം കാസിം എഴുതിയ തൊള്ളായിരത്തി ഇരുപത്തൊന്നിൽ മാപ്പിളമാർ, വെള്ളക്കാരോടേറ്റു പട വെട്ടിയേ..., എസ്.എം കോയ പരിശീലിപ്പിച്ച ' പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന്, പതിവായി ഞാൻ ദുആ ഇരന്നു..' , ചാന്ദ്പാഷ സംഗീതം നൽകിയ പിഞ്ചായ നാൾ തൊട്ട് എന്നീ ഗാനങ്ങളും ഈ സംഗീതജ്ഞയെ ഉയരങ്ങളിലെത്തിച്ചു. നിരവധി നാടകഗാനങ്ങളും ആലപിച്ചു. 
1981 ൽ മാപ്പിള കലാരത്‌നം അവാർഡ് ഈ ഗായികയെത്തേടിയെത്തി. തിരുവനന്തപുരത്തേക്ക് അവാർഡ് വാങ്ങാൻ പോകുമ്പോൾ ടെമ്പോ വാൻ തൃശൂർ പുഴയ്ക്കലിനടുത്ത് അപകടത്തിൽ പെടുകയും പുരസ്‌കാരദാനച്ചടങ്ങ് മാറ്റിവെക്കുകയും ചെയ്ത സംഭവവുമുണ്ടായി. 
1986 ലാണ് തൃക്കരിപ്പൂർ സ്വദേശി ടി.കെ.പി മുഹമ്മദലിയുമായി വിവാഹം നടന്നത്. ദുബായിലായിരുന്ന മുഹമ്മദലിയുടെ ഹൃദയത്തിലേക്ക് സംഗീതത്തോടൊപ്പം പാട്ടുകാരിയും ചേക്കേറുകയായിരുന്നു. ആ വർഷം തന്നെ വിളയിൽ വൽസല, വിളയിൽ ഫസീലയാവുകയും ചെയ്തു. വ്രതമെടുക്കലും നിസ്‌കാരവും ഖുർആൻ പാരായണവുമെല്ലാം എത്രയോ മുമ്പ് തന്നെ കണ്ടും കേട്ടും പഠിച്ചിരുന്നു. അയൽപക്കത്തെ മുസ്‌ലിം കൂട്ടുകാരികളുമായുള്ള സഹവാസം അതിന് വലിയസഹായകമായി. പാട്ടുകളിലെ അറബി ഭാഷാ ഉച്ചാരണമെല്ലാം ബാല്യത്തിലേ അക്ഷര സ്ഫുടമായിരുന്നു. മതംമാറ്റം സ്വന്തം കുടുംബത്തിലെ ചില കേന്ദ്രങ്ങളിൽ നിന്നൊക്കെ എതിർപ്പുകൾ വരുത്തിയിരുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട വൽസലയെ മതംമാറ്റകാര്യത്തിൽ ആദ്യം എതിർത്ത മൂത്തസഹോദരൻ പിന്നീട് നിലപാട് മാറ്റുകയും പിന്തുണയ്ക്കുകയും ചെയ്തു. നാട്ടിലെ ചിലരൊക്കെ ചോദ്യം ചെയ്യാൻ വന്നുവെങ്കിലും വി.എം.കുട്ടിയും നാട്ടിലെ പ്രാദേശിക നേതാക്കളും തീർത്ത പ്രതിരോധത്തിൽ അതെല്ലാം പിന്നീട് മാഞ്ഞുപോയി. 
ഫോക് ലോർ അക്കാദമി, ലൈവ് അച്ചീവ്‌മെന്റ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള വിളയിൽ ഫസീലയെന്ന ഈ മഹാഗായികയെ കലാകേരളം വേണ്ട രീതിയിൽ പരിഗണിച്ചിട്ടുണ്ടോ എന്ന ചോദ്യം, അവരുടെ സ്വരമാധുരി ആസ്വദിച്ചിട്ടുള്ള, അവരുടെ ശ്രോതാക്കളുടെ റെക്കാർഡ് എണ്ണം ശ്രദ്ധിച്ചിട്ടുള്ള, കാലത്തിന് കീഴടക്കാനാവാത്ത ആ ശബ്ദസ്ഥായി തിരിച്ചറിഞ്ഞിട്ടുള്ള സംഗീതപ്രിയരായ ആളുകളുടെ ചോദ്യം പ്രസക്തമല്ലേ? നമ്മുടെ സംഗീത നാടക അക്കാദമിയോ സാംസ്‌കാരിക വകുപ്പോ ഇക്കാര്യം ശ്രദ്ധിക്കുമെന്നാശിക്കുക.  

Latest News