പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സ്പീക്കര്‍ കുറ്റവിമുക്തന്‍

കണ്ണൂര്‍- സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ സ്പീക്കര്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസില്‍ ഒന്നാം പ്രതിയായ അന്നത്തെ ഡി.വൈ.എഫ്.ഐ നേതാവും ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കറുമായ എ.എന്‍.ഷംസീര്‍ ഉള്‍പ്പെടെ 500 പേരെയാണ് കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് രാജീവന്‍ വാച്ചാല്‍ വിട്ടയച്ചത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ 2012 മാര്‍ച്ച് 21 ന് എല്‍.ഡി.എഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അ ക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
എ.എന്‍ ഷംസീറിന് പുറമെ, എ.ഐ.വൈ.എഫ് നേതാവും ഇപ്പോള്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ പി. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ എന്നിവര്‍ ഉള്‍പ്പെടെ 84 തിരിച്ചറിഞ്ഞ പ്രതികളും 416 തിരിച്ചറിയാത്ത പ്രതികളും ഉള്‍പ്പെടെ 500 പേരാണ് കേസിലെ പ്രതികള്‍. സമരക്കാര്‍ കലക്ടറേറ്റിന്റെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട പോലീസ് വാഹനം ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നശിപ്പിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് കേസ്. പ്രകടനവുമായി എത്തിയവര്‍ കലക്ടറേറ്റിന്റെ ചുറ്റുമതിലും ഗേറ്റും തകര്‍ക്കുകയും കംപ്യൂട്ടര്‍ സര്‍വര്‍ നശിപ്പിക്കുകയും മറ്റ് സെക്ഷനുകളിലെ കംപ്യൂട്ടറുകള്‍ക്കും ഫര്‍ണ്ണിച്ചറുകള്‍ക്കും നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്.
പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ 16 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ച ശേഷമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. വിചാരണക്കിടെ ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയ എ.എന്‍.ഷംസീറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അന്നത്തെ ടൗണ്‍ സി.ഐ ആയിരുന്ന പി. സുകുമാരന്‍, യു. പ്രേമന്‍, തഹസില്‍ദാര്‍ സി എം ഗോപി നാഥ് തുടങ്ങി 39 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ടൗണ്‍ എസ്.ഐ ആയിരുന്ന ജി.ഗോപകുമാര്‍ ചാര്‍ജ് ചെയ്ത കേസ് എസ്.ഐ കെ പി ടി ജലീലാണ് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News