Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

എല്ലായിടത്തും നിരാശയും കണ്ണീരും; അനുഭവങ്ങളുടെ തീച്ചൂളയില്‍ കുരുത്ത ലൂക്ക് മോദ്‌റിച്ച്

വെലെബിറ്റ് പർവത നിരകൾ അതിരിടുന്ന ഡാൽമേഷ്യയിലെ  മോദ്‌റിച്ചി എന്ന ഗ്രാമത്തിൽ ജനിച്ച വെളുത്ത് ഉയരം കുറഞ്ഞ ലൂക്ക എന്ന ആറു വയസ്സുകാരന് ജീവിതാഭിലാഷമായ ഫുട്‌ബോൾ എന്നെങ്കിലും കളിക്കാൻ കഴിയുമോ എന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. യൂഗോസ്ലോവ്യയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ക്രൊയേഷ്യക്കാർ സെർബുകൾക്കെതിരെ യുദ്ധം ആരംഭിച്ച കാലമായിരുന്നു അത്. വെടിയൊച്ചകൾ എല്ലാ മോഹങ്ങളുടെയും മുളയൊടിച്ച കാലം. രോമക്കുപ്പായങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലെ തൊഴിലാളിയായ സ്‌റ്റൈപ്പ് മോദ്‌റിച്ചിന്റെയും റഡോയ്ക്ക മോദ്‌റിച്ചിന്റെയും കടിഞ്ഞൂൽ സന്തതിയായി 1985 സെപ്റ്റംബർ ഒമ്പതിനായിരുന്നു ലൂക്കയുടെ ജനനം. മാതാപിതാക്കൾ ജോലി ആവശ്യങ്ങൾക്കായി പുറത്തു പോകുമ്പോൾ മുത്തച്ഛനായിരുന്നു ലൂക്കയുടെ കൂട്ട്. ആറ് വയസ്സു വരെ  വെലെബിറ്റ് പർവത നിരകളുടെ താഴ്‌വാരങ്ങളിൽ മുത്തച്ഛനൊപ്പം ചിരിച്ചുകളിച്ചു നടന്നിരുന്ന ലൂക്കയുടെ സന്തോഷങ്ങളിലേക്ക് പെട്ടെന്നായിരുന്നു അരക്ഷിതാവസ്ഥയുടെ കരിനിഴലുകൾ വന്നുവീണത് . 1991 ൽ യൂഗോസ്ലാവിയയിൽ നിന്ന്   സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ക്രൊയേഷ്യ പോരാട്ടം തുടങ്ങിയ സമയം.  മോദ്‌റിച്ചി ഗ്രാമം വിട്ട് എല്ലാവരും ഒഴിഞ്ഞു പോകണമെന്ന സെർബിയൻ സൈന്യത്തിന്റെ നിരന്തര ഭീഷണികളെ കുഞ്ഞു ലൂക്കയുടെ കുടുംബം വകവെച്ചില്ല. ജനിച്ച മണ്ണും വീടും വിട്ട് അഭയാർത്ഥികളാവാൻ തയാറാവില്ല എന്നായിരുന്നു ആ കുടുംബത്തിന്റെ തീരുമാനം. പക്ഷേ ആ തീരുമാനം ആ കുടുംബത്തെ വൈകാതെ വഴിയാധാരമാക്കി. 1991 ഡിസംബർ 18. സെർബിയൻ സൈന്യത്തെ വെല്ലുവിളിച്ച് ആളുകൾ ഒഴിഞ്ഞുപോയി തുടങ്ങിയ മോദ്‌റിച്ചിയിലെ പാതകളിലൂടെ ലൂക്കയുടെ മുത്തച്ഛനും സുഹൃത്തുക്കളും  നടക്കാനിറങ്ങി. അതിൽ അപമാനിതരായ സെർബിയൻ സൈന്യം ലൂക്കാ മോദ്‌റിച്ചിന്റെ വീട് ആക്രമിച്ച് മുത്തച്ഛനെ വധിച്ചു. സന്തോഷം അലതല്ലിയിരുന്ന അവരുടെ വീടും അഗ്‌നിക്കിരയാക്കി. ആ രാത്രി തന്നെ ഡിസംബറിന്റെ കടുത്ത കുളിരിനെയും ഇരുട്ടിനെയും വകവെക്കാതെ സ്‌റ്റൈപ്പും റഡോയ്ക്കയും ലൂക്കയെ തോളിലേറ്റി ആ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തു. തങ്ങൾ സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീട് കത്തിയമരുന്നത് പിതാവിന്റെ തോളിൽ ഇരുന്നുകൊണ്ട് വേദനയോടെ ലൂക്ക നോക്കി നിന്നു. ജനിച്ച മണ്ണിൽ നിന്ന് കണ്ണീരോടെ പടിയിറങ്ങുമ്പോൾ അവന്റെ കൂടെയുണ്ടായിരുന്നത് ഒന്നു മാത്രമായിരുന്നു, സെർബിയൻ സൈന്യം വെടിവെച്ചു കൊന്ന മുത്തച്ഛന്റെ പേരായ ലൂക്ക മോദ്‌റിച്.
പലായനം അടുത്ത ദിവസം അവസാനിക്കുന്നത് തീരദേശ പട്ടണമായ സദറിലാണ്. വൈകാതെ ക്രൊയേഷ്യൻ സൈനിക വാഹനങ്ങളുടെ  സ്‌പെയർ പാർട്‌സ് നിർമിക്കുന്ന ഫാക്ടറിയിൽ സ്‌റ്റൈപ്പിന് ജോലി കിട്ടി. അമ്മ റഡോയ്ക്കക്ക് വസ്ത്ര നിർമാണ കമ്പനിയിലും. അത് അവരുടെ ജീവിതത്തിലേക്ക് ചെറിയ തോതിൽ വെളിച്ചം വീശിത്തുടങ്ങി. പക്ഷേ ലൂക്കക്ക് തന്റെ ജീവിതാഭിലാഷമായ ഫുട്‌ബോൾ പരിശീലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കുഴിച്ചിട്ട മൈനുകളെയും ഗ്രനേഡുകളുടെയും ബുള്ളറ്റുകളുടെയും കാതടപ്പിക്കുന്ന ശബ്ദങ്ങളെയും അവന് പ്രതിരോധിക്കേണ്ടതുണ്ടായിരുന്നു. അടുത്ത വർഷം മുതൽ ഒരു മുതിർന്ന ബന്ധുവിന്റെ സഹായത്തോടെ ലൂക്ക മോദ്‌റിച്ച് സ്‌കൂളിലും ഫുട്‌ബോൾ പരിശീലനത്തിനും പോയിത്തുടങ്ങി. തന്റെ രാജ്യത്തിനായി ബൂട്ടണിയുക എന്നത് മാത്രമായി അവിടം മുതൽ അവന്റെ സ്വപ്നം. പക്ഷേ മെലിഞ്ഞ് ഉയരം കുറഞ്ഞ ലൂക്ക പല ക്ലബ്ബുകളുടെ ട്രയൽസിലും അവഗണിക്കപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

നിരാശയും കണ്ണീരുമായിരുന്നു എല്ലായിടത്തും ലൂക്കയെ കാത്തു നിന്നത്. എന്നാൽ അവന്റെ കളിയഴക് സദറിലെ തന്നെ ഒരു യൂത്ത് ക്ലബ്ബായിരുന്ന എൻ.കെ സദറിന്റെ പരിശീലകൻ ടോമിസ്ലാവ് ബാസിച്ചിന്റെ ശ്രദ്ധയിൽപെട്ടതോടെ ലൂക്ക മോദ്‌റിച്ചിന്റെ തലവര മാറി. ബാസിച്ചിന് കീഴിൽ മികച്ച കളിക്കാരനായി വളർന്ന മോദ്‌റിച്ച് 2001 ന്റെ അവസാനത്തോടെ ക്രൊയേഷ്യയിലെ പ്രമുഖ ക്ലബ്ബായ ഡീനാമോ സാഗരിബിലേക്ക് മാറി. സാഗരിബിൽ ഒരു വർഷം മാത്രം കളിച്ച മോദ്‌റിച് ക്രൊയേഷ്യയിലെ തന്നെ മറ്റൊരു പ്രമുഖ ക്ലബ്ബായ ഇന്റർ സാപ്‌റെസികിലേക്ക് കൂടുമാറി. സാപ്‌റെസികിനെ ക്രൊയേഷ്യൻ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മോദ്‌റിച്ചിനെ കാത്തിരുന്നത് മുൻ ക്ലബ്ബായ ഡീനാമോ സാഗരിബിന്റെ തന്നെ പത്തു വർഷത്തെ കരാറും ഒരു വീട് സ്വന്തമാക്കാനുള്ള പണവുമായിരുന്നു. നാടും വീടും നഷ്ടപ്പെട്ട് പലായനം ചെയ്ത ഒരു കുടുംബത്തിന് ആ കരാർ വലിയ ആശ്വാസം നൽകി. പതിയെ ലൂക്ക മോദ്‌റിച്ചിനെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ശ്രദ്ധിച്ചു തുടങ്ങി. 2008 ൽ ടോട്ടനമുമായുള്ള ആറു വർഷത്തെ കരാറിൽ മോദ്‌റിച്ച് ലണ്ടനിലേക്ക് പറന്നു. 160 കോടി രൂപയായിരുന്നു  അന്ന് ആ 23 കാരന് ലഭിച്ച പ്രതിഫലം. പിന്നീട് ഹാരി റെഡ്‌നാപ് ടോട്ടനത്തിന്റെ മാനേജരായി എത്തിയതോടെ മോദ്‌റിച്ചിനെ ചുറ്റിപ്പറ്റി അയാൾ കളി മെനഞ്ഞെടുത്തു. ടോട്ടനത്തിന്റെ മിഡ്ഫീൽഡിൽ ഒരു ആനയുടെ തലയെടുപ്പോടെ ലൂക്ക നിറഞ്ഞാടുന്നത് പിന്നീട് ഫുട്‌ബോൾ ലോകം കണ്ടു. കരുത്തും അഴകും സമന്വയിപ്പിച്ച ലൂക്ക മോദ്‌റിച്ചിന്റെ നീക്കങ്ങൾ വിസ്മയത്തോടെ ഫുട്‌ബോൾ ലോകം നോക്കിനിന്നു. പ്രീമിയർ ലീഗിലെ കരുത്തരായ ചെൽസി 388 കോടിയുടെ വലിയ ഓഫറുമായി ലൂക്ക മോദ്‌റിച്ചിനെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും 2012 ൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രീഡിലേക്കായിരുന്നു ലൂക്ക എത്തിച്ചേർന്നത്. 2013 ൽ കാർലോസ് ആഞ്ചലോട്ടി റയലിന്റെ പരിശീലകനായി എത്തിയതോടെ ലൂക്ക മോദ്‌റിച്ച് റയലിന്റെ എല്ലാമായി. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ഇപ്പോഴും റയലിന്റെ പോരാളിയായ ലൂക്ക ഇതിനിടയിൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും ലാ ലിഗയും സ്പാനിഷ് സൂപ്പർ കപ്പും കോപ്പ ഡെൽറേയുമടക്കം നിരവധി കിരീടങ്ങൾ ചൂടി. ഇതിനൊപ്പം വെളുപ്പും ചുവപ്പും നിറത്തിലുള്ള ചതുരക്കളങ്ങളുള്ള കുപ്പായമണിഞ്ഞ് ക്രൊയേഷ്യക്ക് വേണ്ടിയും അയാൾ വലിയ കാര്യങ്ങൾ ചെയ്തു. റഷ്യൻ ലോകകപ്പിൽ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തേക്കും ഖത്തറിൽ മൂന്നാം സ്ഥാനത്തേക്കും കൈ പിടിച്ചുയർത്തിയ അസാമാന്യ പ്രകടനവും നാം കണ്ടു. എന്നെന്നും ഓർമകളിൽ സൂക്ഷിക്കാവുന്ന മനോഹരമായ കളിയഴക് സമ്മാനിച്ച ഒരു കാലത്തെയാണ് ലൂക്ക മോദ്‌റിച്ച് കളിക്കമ്പക്കാർക്ക് നൽകിയത്. ഒരുപക്ഷേ കണ്ണീരും നിസ്സഹായതയും ഏറ്റുവാങ്ങിയ ഒരു ബാല്യകാലമായിരിക്കാം അദ്ദേഹത്തെ അഴകോടെയും കരുത്തോടെയും മുന്നോട്ട് നടക്കാൻ ഇപ്പോഴും പ്രേരിപ്പിക്കുന്നത്.

Latest News