Sorry, you need to enable JavaScript to visit this website.

സൗദി മരുഭൂമിയുടെ സൗന്ദര്യം വീണ്ടും ലോകത്തിനുമുന്നില്‍; ദകാര്‍ റാലിക്ക് സമാപനം

സൗദി അറേബ്യൻ മരുഭൂമികളുടെ സൗന്ദര്യം ലോകത്തിന് മുന്നിൽ അനാവരണം ചെയ്ത് മറ്റൊരു ദകാർ റാലിക്കു കൂടി സമാപനമായി. നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടാണ് നാൽപത്തഞ്ചാം എഡിഷന് ദമാമിൽ തിരശ്ശീല വീണത്. 14 സ്റ്റെയ്ജുകളുള്ള ഈ വർഷത്തെ റാലി സംഭവ ബഹുലമായിരുന്നു. നിരവധി പ്രമുഖ ഡ്രൈവർമാർക്ക് സാഹസ യാത്ര പൂർത്തിയാക്കാനായില്ല. 
കാർ വിഭാഗത്തിൽ നാസർ അൽഅതിയ്യയുടെ വിജയം വലിയ അദ്ഭുതമുളവാക്കുന്നതായിരുന്നില്ല. എന്നാൽ വിജയ മാർജിൻ ഏവരെയും ഞെട്ടിച്ചു. ഒരു മണിക്കൂർ 20 മിനിറ്റിന്റെ വ്യത്യാസത്തിലാണ് സെബാസ്റ്റ്യൻ ലോബിനെ അതിയ്യ മറികടന്നത്. അഞ്ചാം തവണയാണ് അതിയ്യ ചാമ്പ്യനാവുന്നതെങ്കിലും ആദ്യമായാണ് കിരീടം നിലനിർത്തുന്നത്. ലോബ് തലയുയർത്തിത്തന്നെയാണ് മടങ്ങിയത്. 14 സ്‌റ്റെയ്ജുകളിൽ ഏഴിലും ലോബാണ് ഒന്നാം സ്ഥാനത്തെത്തിയത്. ആറ് തുടർച്ചയായ സ്‌റ്റെയ്ജ് വിജയങ്ങളോടെ റെക്കോർഡിട്ടു. 
മോട്ടോർ ബൈക്ക് റാലി ഉടനീളം നാടകീയമായിരുന്നു. കെവിൻ ബെനാവിദേസിന് കിരീടമുറച്ചത് അവസാന സ്‌റ്റെയ്ജിലായിരുന്നു. 
വെറും 43 സെക്കന്റിന്റെ വ്യത്യാസത്തിലാണ് 4000 കിലോമീറ്റർ റാലിയിൽ ബെനാവിദേസ് ചാമ്പ്യൻഷിപ്പ് നേടിയത്. ദാകാറിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ വിജയ മാർജിനാണ് ഇത്. 
എസ്.എസ്.വികളിൽ എക്കാലത്തെയും പ്രായം കുറഞ്ഞ മത്സരാർഥി കിരീടം നേടിയത് അതിനേക്കാൾ നാടകീയമായാണ്. റോകാസ് ബാസിയൂക്ക പതിനെട്ടുകാരൻ എറിക് ഗോക്‌സാലിന് ലീഡ് അടിയറ വെച്ചു. പോളണ്ടുകാരനായ എറിക്കിനൊപ്പം വിജയ പീഠത്തിൽ പിതാവുമുണ്ടായിരുന്നു. മൂന്നാം സ്ഥാനത്ത് എറിക്കിന്റെ പിതാവ് മാരെക് ഗോക്‌സാലായിരുന്നു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അറാംകോയുടെ എഴുപത്തഞ്ചാം വാർഷികമാഘോഷിക്കുന്നതിന് പണിത ഇത്‌റ കൾച്ചറൽ സെന്ററിലായിരുന്നു സമാപനച്ചടങ്ങ്. അറാംകോ ഈ വർഷമാണ് ദകാർ റാലിയുടെ സ്‌പോൺസറായത്. 
355 വാഹനങ്ങളാണ് ഇത്തവണ ദകാർ റാലി തുടങ്ങിയത്. അതിൽ 235 വാഹനങ്ങൾ യാത്ര പൂർത്തിയാക്കി. 121 മോട്ടോർ ബൈക്കുകളിൽ എൺപതും 18 ക്വാഡുകളിൽ പത്തും 67 കാറുകളിൽ നാൽപത്താറും ഇതിൽ പെടും. 22 ട്രക്കുകളും യാത്ര പൂർത്തിയാക്കി. 
മൂന്നാം സ്റ്റെയ്ജിലാണ് കാർ വിഭാഗത്തിന്റെ വിജയം നിർണയിക്കപ്പെട്ടത്. കഠിനമായ വഴിയിൽ മറ്റു മത്സരാർഥികൾക്കെല്ലാം പിഴച്ചപ്പോൾ അതിയ്യ ഒരു മണിക്കൂറിലേറെ നീണ്ട വൻ ലീഡ് നേടി. പിന്നീട് തിരിഞ്ഞുനോക്കിയില്ല. 
ആറാം സ്‌റ്റെയ്ജാവുമ്പോഴേക്കും സ്‌റ്റെഫാൻ പീറ്റർഹാൻസലിന്റെയും കാർലോസ് സയ്ൻസിന്റെയും പ്രതീക്ഷയസ്മതിച്ചു. സെബാസ്റ്റ്യൻ ലോബ് സാഹസികവും ധീരവുമായി പോരാട്ടം നടത്തിയെങ്കിലും അതിയയുടെ വിജയം തടുക്കാനായില്ല. കഴിഞ്ഞ വർഷവും അതിയ്യയും ലോബുമായിരുന്നു ആദ്യ സ്ഥാനങ്ങളിൽ.

Latest News