Sorry, you need to enable JavaScript to visit this website.

ജിദ്ദ എയര്‍പോര്‍ട്ടിലെ ദുരനുഭവം ഇനി ഉണ്ടാകില്ല, നിരവധി നടപടികള്‍ സ്വീകരിച്ചു

റിയാദ്- കഴിഞ്ഞ റമദാനില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ അനുഭവപ്പെട്ട പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു.
നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഗ്രൂപ്പുകളായി എത്തുന്ന തീര്‍ഥാടകരുടെ പ്രകൃതം, തീര്‍ഥാടകരുടെ കൈശമുള്ള ബാഗേജുകളുടെ വലിപ്പക്കൂടുതലും ഭാരക്കൂടുതലും, ജീവനക്കാരുടെ കുറവ്, ഇവരുടെ യോഗ്യതക്കുറവ്, ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മില്‍ മതിയായ ഏകോപനമില്ലാതിരിക്കല്‍, ബോധവല്‍ക്കരണത്തിന്റെ അഭാവം എന്നിവയെല്ലാം എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം താളംതെറ്റാന്‍ ഇടയാക്കിയ ഘടകങ്ങളാണ്. വിമാനത്താവളത്തിലെ ബാഗേജ് പരിശോധനാ ഉപകരണങ്ങള്‍ വളരെ സെന്‍സിറ്റീവ് ആണ്. ബാഗേജുകളുടെ വലിപ്പത്തിലും തൂക്കത്തിലും ഉപകരണങ്ങള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ട്.
പ്രതിസന്ധി ഉടലെടുക്കാന്‍ ഇടയാക്കിയ മുഴുവന്‍ കാരണങ്ങളെ കുറിച്ചും അന്വേഷണവും പഠനവും നടത്തി പരിഹരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുകയും എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരുടെ നീക്കം നിയന്ത്രിക്കുകയും ചെയ്തു. ഹജ് ടെര്‍മിനല്‍ വര്‍ഷം മുഴുവന്‍ പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. യാത്രക്കാര്‍ക്ക് നല്‍കുന്ന ഏതെങ്കിലും ഒരു സേവനത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ പിന്നീടുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ലോജിസ്റ്റിക് സര്‍വീസ് സുപ്രീം കമ്മിറ്റി ജിദ്ദ എയര്‍പോര്‍ട്ട് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് മാനേജ്‌മെന്റിന് സഹായിക്കാനും സൗദി ജീവനക്കാര്‍ക്ക് വിവര കൈമാറ്റത്തിനും ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചിട്ടുമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News