സൗദിയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം വൈദ്യതി കാറുകള്‍ നിര്‍മിക്കും, ഒരു ഭാഗം കയറ്റി അയക്കും

ഖാലിദ് അല്‍ഫാലിഹ്

റിയാദ് - 2030 ഓടെ പ്രതിവര്‍ഷം അഞ്ചു ലക്ഷം വൈദ്യുതി കാറുകള്‍ നിര്‍മിക്കാന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ആഗോള കമ്പനിയുമായി പങ്കാളിത്തം സ്ഥാപിച്ച് സൗദിയില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണത്തിനുള്ള പദ്ധതിയെ കുറിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ പരസ്യപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ലൂസിഡ്, സീര്‍ കമ്പനികള്‍ സൗദിയില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണം ആരംഭിക്കും. ഇക്കൂട്ടത്തില്‍ പെട്ട മൂന്നാമത്തെ പദ്ധതി ഈ വര്‍ഷം ആദ്യ പകുതിയില്‍ പ്രഖ്യാപിക്കും. സൗദിയില്‍ നിര്‍മിക്കുന്ന വൈദ്യുതി കാറുകളില്‍ ഒരു ഭാഗം വിദേശങ്ങളിലേക്ക് കയറ്റി അയക്കും.
സൗദി അറേബ്യ സാമ്പത്തിക വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമായി തുടരുകയാണ്. സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ മൂന്നു ശതമാനത്തോളമായി ഉയര്‍ന്നിട്ടുണ്ട്. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇത് ഒരു ശതമാനമായിരുന്നു. 2030 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ വിദേശ നിക്ഷേപങ്ങള്‍ 5.7 ശതമാനമായി ഉയരുമെന്നാണ് കരുതുന്നത്. ശക്തമായ ബാങ്കിംഗ് മേഖല, രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത, വായ്പാ പ്രോത്സാഹനങ്ങള്‍, മാനവശേഷി, ഊര്‍ജം, സുസ്ഥിരത എന്നീ ഘടകങ്ങള്‍ ആഗോള സപ്ലൈ ചെയിന്‍ കേന്ദ്രമായി സൗദി അറേബ്യയെ മാറ്റും.
ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ വിദേശ നിക്ഷേപങ്ങളില്‍ മാന്ദ്യമുണ്ടാക്കും. കരുതല്‍ ആസ്തികള്‍ വര്‍ധിപ്പിച്ചും നിക്ഷേപങ്ങള്‍ കുറച്ചും കമ്പനികള്‍ പണലഭ്യത നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍ ആഗോള സാമ്പത്തിക മാന്ദ്യം എല്ലാവരെയും ബാധിക്കും. ലോകത്ത് സാമ്പത്തിക വളര്‍ച്ച കുറഞ്ഞതിനിടെ സൗദി അറേബ്യ അനിതരസാധാരണമായ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ കൊല്ലം മൂന്നു പാദങ്ങളില്‍ പത്തു ശതമാനത്തില്‍ കവിഞ്ഞ വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തിലും ഈ കൊല്ലവും മികച്ച വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
സൗദിയിലെ സ്ഥിരതയാര്‍ന്ന നയങ്ങള്‍, നിയന്ത്രണ, സാമ്പത്തിക, നിയമനിര്‍മാണ അന്തരീക്ഷത്തിന്റെ സ്ഥിരത, ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ്, സൗദി കറന്‍സിയുടെ സ്ഥിരത, ഉയര്‍ന്ന പണലഭ്യത, വായ്പാ ലഭ്യത എന്നീ ഘടങ്ങള്‍ സൗദിയില്‍ നിക്ഷേപ അനുകൂല അന്തരീക്ഷം ശക്തിപ്പെടുത്തുന്നു. ചില മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആവശ്യമാണ്. ഖനന മേഖലയില്‍ ചെമ്പ്, ഇരുമ്പ്, അപൂര്‍വ ലോഹങ്ങള്‍, ബാറ്ററികള്‍ക്കാവശ്യമായ ധാതുക്കള്‍ എന്നിവക്ക് ആവശ്യം വര്‍ധിച്ചുവരികയാണ്. ലോകത്ത് ചില വ്യവസായ കേന്ദ്രങ്ങള്‍ ശുദ്ധമായ ഊര്‍ജം ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് മാറ്റേണ്ടതുണ്ട്. ഈ മേഖലയില്‍ ലോകത്ത് ഏറ്റവും മികച്ച നിലയിലാണ് സൗദി അറേബ്യ.
ഏറ്റവും മികച്ച നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് രാജ്യം ശ്രമിക്കുന്നത്. എണ്ണക്കപ്പുറമുള്ള മേഖലകളില്‍ മികച്ചതും സുസ്ഥിരവുമായ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്നോട്ടുവരുന്ന നിക്ഷേപകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ബയോടെക്‌നോളജി മേഖലയില്‍ സൗദിയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള ആഗ്രഹം ഏതാനും വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചില കമ്പനികള്‍ റിയാദില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറന്നിട്ടുണ്ട്. അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങള്‍ സൗദി ഗവേഷണ കേന്ദ്രങ്ങളുമായി പങ്കാളിത്തങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News