Sorry, you need to enable JavaScript to visit this website.

പകയും ചതിയും; ബാഫഖി തങ്ങളുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍

ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ട്/ 2

സ്വാതന്ത്ര്യത്തിനു ശേഷം 1948ല്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗായി പരിണമിച്ചു. പക്ഷേ വിഭജനത്തിന് ഉത്തരവാദികളെന്നും വര്‍ഗീയവാദികളെന്നും മറ്റും ആക്ഷേപിച്ച് മുസ്‌ലിം ലീഗിനെ രാഷ്ട്രീയ രംഗത്തുനിന്ന് അകറ്റാനും ഒറ്റപ്പെടുത്താനുമായിരുന്നു എല്ലാവരുടെയും ശ്രമം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വളരെയേറെ തീവ്രത പുലര്‍ത്തുകയും ചെയ്തു. ദേശീയ മുസ്‌ലിംകള്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള കോണ്‍ഗ്രസ്സിലെ മുസ്‌ലിം നേതാക്കള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ ലീഗ് വിരോധം പ്രസരിപ്പിച്ചുകൊണ്ടേയിരുന്നു. മുസ്‌ലിം ലീഗിനേയും മറ്റു ഇസ്‌ലാമിക കൂട്ടായ്മകളെയും രൂക്ഷമായി എതിര്‍ത്താലേ അവര്‍ക്ക് കോണ്‍ഗ്രസ്സിനുള്ളില്‍ അല്‍പമെങ്കിലും പരിഗണന ലഭിക്കുമായിരുന്നുള്ളൂ. പോരെങ്കില്‍ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുന്നതിനെച്ചൊല്ലി നൈസാമും ഇന്ത്യാ ഗവര്‍ണ്‍മെന്റും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് ഒടുവില്‍ ഇന്ത്യന്‍ പട്ടാളം ഹൈദരാബാദിലേക്ക് കടക്കാനും ഹൈദരാബാദിനെ ഇന്ത്യയില്‍ ലയിപ്പിക്കാനും നൈസാമിനെ നിര്‍ബന്ധിതനാക്കി. ഈ ഘട്ടത്തില്‍ കാര്യകാരണ ബന്ധമൊന്നുമില്ലാതെ മലബാറിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളെ വരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുകയുണ്ടായി. മുസ്‌ലിംകളെ അകാരണമായി സംശയ ദൃഷ്ട്യാ നിരീക്ഷിക്കാനാണ് കോണ്‍ഗ്രസ്സ് ഗവര്‍ണ്‍മെന്റ് പിന്നീട് പലപ്പോഴുമെന്ന പോലെ അന്നും തുനിഞ്ഞത്. ബാഫഖി തങ്ങളുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറും കോണ്‍ഗ്രസ്സ് നേതാക്കളും മുസ്‌ലിം ലീഗിനോട് വളരെയേറെ ശത്രുതാപരമായാണ് പെരുമാറിയത്. ഇന്ത്യാ വിഭജനത്തോടെ, ഭീരുത്വംകൊണ്ടും പ്രചണ്ഡ പ്രചാരവേലയാല്‍ ഉണ്ടായിത്തീര്‍ന്ന അപകര്‍ഷതാ ബോധത്താലും പലരും ലീഗ് വിട്ടിരുന്നു. പ്രമുഖനായ പി.പി ഹസ്സന്‍ കോയയെ പോലെ പലരും മുസ്‌ലിം ലീഗില്‍ നിന്ന് രാജി വെച്ചു. മദ്രാസ് അസംബ്ലിയിലെ ഒമ്പത് ലീഗ് എം.എല്‍.എ മാര്‍ ഒറ്റയടിക്ക് രാജിവെച്ചു. ദര്‍ഗകളിലെ ഹരിതവര്‍ണ കൊടിപോലും കാണുന്ന മാത്രയില്‍ കലി തുള്ളുന്നവരായിരുന്നു ഇവിടം ഭരിച്ച കോണ്‍ഗ്രസ്സുകാര്‍. ഈ സന്നിഗ്ദ ഘട്ടത്തിലാണ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ അനിതര സാധാരണമായ നേതൃശേഷിയും ആര്‍ജവവും വെളിവായത്.

1952ല്‍ നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പില്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ സാഹചര്യം തികച്ചും പ്രതികൂലമായിരുന്നിട്ടും സൗകര്യം വളരെ കുറവായിരുന്നിട്ടും മുസ്‌ലിം ലീഗ് ഏതാനും സീറ്റുകളില്‍ മത്സരിച്ചത് തങ്ങളുടെ നേതൃപാടവത്തിന്റെ ഉരകല്ല് തന്നെയായിരുന്നു. കഷ്ടനഷ്ടങ്ങള്‍ ഏറെ സഹിച്ചിട്ടാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുക്കണമെന്നായിരുന്നു ബാഫഖി തങ്ങളുടെ ഉറച്ച അഭിപ്രായം. ഏതാനും നിയോജക മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തി മത്സരിക്കാനും മറ്റിടങ്ങളില്‍ അനുയോജ്യരായ കക്ഷിരഹിതര്‍ക്ക് പിന്തുണ നല്‍കാനും തീരുമാനിച്ചു. ഭരണം കൈയാളുന്ന ഭരണകൂടത്തിന്റെ സകല സൗകര്യങ്ങളുമുള്ള കോണ്‍ഗ്രസ്സിനെ ശക്തമായിട്ടെതിര്‍ക്കുക എന്നതായിരുന്നു ഈ തീരുമാനത്തിന്റെ ആകസാരം. വടകരയില്‍ കോണ്‍ഗ്രസ്സിനെതിരെ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായ കേളോത്ത് മൊയ്തുഹാജിയെ ലീഗ് പിന്തുണച്ചു. വയനാട്ടില്‍ കോണ്‍ഗ്രസ്സിന്റെ കോഴിപ്പുറത്ത് മാധവമേനോനെതിരെ പ്രമുഖ അഭിഭാഷകനായ ടി.സി കരുണാകരന്‍ എന്ന സ്വതന്ത്രനെയാണ് ലീഗ് വളരെ സജീവമായി പിന്തുണച്ചത്. രണ്ടിടത്തും ബാഫഖി തങ്ങളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഫലമായി കോണ്‍ഗ്രസ്സ് തോറ്റു. മുസ്‌ലിം ലീഗിന്റെ ഒരു എം.പി യും അഞ്ച് എം.എല്‍.എ മാരും മലബാറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മദിരാശി അസംബ്ലിയില്‍ കോണ്‍ഗ്രസ്സിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍ സി. രാജഗോപാലാചാരി ലീഗിന്റെ പിന്തുണ തേടി. ലീഗ് നിരുപാധിക പിന്തുണ രാജാജി സര്‍ക്കാറിന് നല്‍കുകയും ചെയ്തുകൊണ്ട് ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ്സിനോട് മധുരമായ പ്രതികാരം നിര്‍വഹിക്കുകയായിരുന്നു. കേരള സംസ്ഥാന പിറവിക്ക് ശേഷം വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ലീഗിനെ അടുപ്പിച്ചില്ല. ലീഗ് സോഷ്യലിസ്റ്റ് നേതാവ് കെ.ബി മേനോനുമായി ചര്‍ച്ച നടത്തി. ലീഗും പി.എസ്.പി യും തമ്മില്‍ ധാരണയായി. ഈ തെരഞ്ഞെടുപ്പ് സഖ്യത്തിനെതിരെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു വരെ ശക്തമായി രംഗത്ത് വന്നു. ഒടുവില്‍ കോണ്‍ഗ്രസ് കനത്ത വില കൊടുക്കേണ്ടിവന്നു. തിരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് ഗവര്‍ണ്‍മെന്റ് ഉണ്ടാവുകയെന്ന ലോകത്തിലെ ആദ്യ സംഭവം നടന്നു.

1959 ല്‍ ഇ.എം.എസ് മന്ത്രിസഭക്കെതിരെ പ്ര. പി.എസ്.പി  ലീഗ് കോണ്‍ഗ്രസ്സ് കക്ഷികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ ഉണ്ടായി. നേരിയ ഭൂരിപക്ഷത്തില്‍ തുടരുന്ന ഇ.എം.എസ് മന്ത്രിസഭക്കെതിരായ വിമോചന സമരം കാരണമായി ഒടുവില്‍ ഭരണ ഘടനയിലെ 356 ാം വകുപ്പ് പ്രയോഗിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവം ഉണ്ടായി. വിമോചന സമരം ലീഗ് കോണ്‍ഗ്രസ്സ് സഹകരണത്തിന് വേദിയൊരുക്കി. കോണ്‍ഗ്രസ്സിനുള്ളില്‍ പലരും കടുത്ത ലീഗ് വിരോധികളാണെങ്കിലും രാഷ്ട്രീയ കാലാവസ്ഥയും ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ ലീഗെടുത്ത പക്വവും ചടുലവുമായ നയനിലപാടുകളും കോണ്‍ഗ്രസ്സിനെ അത്തരമൊരവസ്ഥയിലെത്തിക്കുകയായിരുന്നു. ബാഫഖി തങ്ങളുടെ മാസ്മരിക വ്യക്തിത്വത്തിന്‍ കീഴില്‍ മുസ്‌ലിം ലീഗ് എല്ലാ കടമ്പകളെയും അതിജീവിച്ച് മുന്നേറുകയായിരുന്നു.

1960 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.എസ്.പി ലീഗ് കോണ്‍ഗ്രസ്സ് മുക്കൂട്ട് മുന്നണി 94 സീറ്റ് നേടി. മുസ്‌ലിംലീഗ് മത്സരിച്ച 12 സീറ്റുകളില്‍ പതിനൊന്നും വിജയിച്ചു. നേരത്തെ 43 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 63 സീറ്റ് കിട്ടി. മുസ്‌ലിംലീഗിന്റെ അകമഴിഞ്ഞ പിന്തുണയായിരുന്നു ഇതിന്ന് സഹായകമായത്. കോണ്‍ഗ്രസ്സില്‍ ഇപ്പോഴെന്നപോലെ അന്നും പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍.എസ്.എസുമായി അകത്ത് കത്തിയും പുറത്ത് പത്തിയുമായി കഴിയുന്ന പലരും ലീഗിനെ ഉള്ളഴിഞ്ഞ് പിന്തുണക്കാറില്ല. തക്കം കിട്ടുമ്പോള്‍ ലീഗിനെ ഭത്സിക്കാനും തകര്‍ക്കാനും ശ്രമിക്കാറുമുണ്ട്. പക്ഷേ, ബാഫഖി തങ്ങള്‍ ഇതിനെ തന്ത്രപൂര്‍വം നേരിട്ടുകൊണ്ട് കോണ്‍ഗ്രസ്സിലെ നല്ലൊരു വിഭാഗത്തിന്റെ മനം കവരുന്നതിലും അത് മുസ്‌ലിം രാഷ്ട്രീയത്തിന്നനുഗുണമാക്കുന്നതിലുമാണ് ശ്രദ്ധിച്ചത്. പകയുടെയും ചതിയുടെയും രാഷ്ട്രീയം അദ്ദേഹത്തിനന്യമായിരുന്നു. തങ്ങള്‍ അന്ന് അനുവര്‍ത്തിച്ച രാഷ്ട്രീയ സത്യസന്ധതയാണ് മുന്നണി രാഷ്ട്രീയത്തില്‍ ഇന്നും മുസ്‌ലിം ലീഗിന് സ്വീകാര്യത നിലനിര്‍ത്തുന്നത്. ''മുസ്‌ലിം ലീഗ് മല്‍സരിക്കുന്നത് 126 മണ്ഡലങ്ങളിലാണ്. അഥവാ കേരളത്തിലെ 126 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന ത്രികക്ഷി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥികളാണ്. ആ അര്‍ഥം മനസ്സില്‍ വെച്ചുകൊണ്ട് സഖ്യകക്ഷി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം.'' ഇതായിരുന്നു ബാഫഖി തങ്ങളുടെ ആഹ്വാനം. മുസ്‌ലിം ലീഗിന്ന് അയിത്തം കല്‍പിച്ചവര്‍ മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരാകും വിധം ലീഗിനെ വിവേകപൂര്‍വം നയിച്ച ബാഫഖി തങ്ങളുടെ നേതൃത്വം മുസ്‌ലിംകളിലും ആവേശമുണ്ടാക്കി. നേരത്തെ ലീഗിനെ എതിര്‍ത്തിരുന്നവരും ഭീരുത്വം കാരണം അകന്ന് കഴിഞ്ഞവരും ലീഗിലേക്ക് കടന്നുവരാന്‍ തുടങ്ങി. ബാഫഖി തങ്ങള്‍ വളര്‍ത്തിയെടുത്ത സി.എച്ച് മുഹമ്മദ് കോയയുടെയും മറ്റും പ്രഭാഷണങ്ങള്‍ കേരള മുസ്‌ലിംകളെ അപകര്‍ഷതാ ബോധത്തില്‍ നിന്നും വിമുക്തരാക്കി. എത്രത്തോളമെന്നാല്‍ കോണ്‍ഗ്രസ്സ് അനുകൂല പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും ന്യൂദല്‍ഹിയില്‍ നിന്നിറങ്ങുന്ന സ്‌റ്റേറ്റ്‌സ്മാന്‍ പത്രവും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി അടയാളപ്പെടുത്തിക്കൊണ്ട് മുഖ പ്രസംഗമെഴുതി. മുസ്‌ലിം ലീഗിനെ എതിര്‍ക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാത്ത മാതൃഭൂമി തങ്ങളുടെ മുഖ പ്രസംഗത്തില്‍ ഇങ്ങനെയെഴുതി:

''കോണ്‍ഗ്രസ്സിനോടും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയോടും ആത്മാര്‍ഥമായ ഒരു ഒത്തുതീര്‍പ്പിലൂടെ ഒന്നിച്ച് നിന്ന് കമ്മ്യൂണിസത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിടിയില്‍നിന്ന് കേരളത്തെയും അതുവഴി ഭാരതത്തെയും സംരക്ഷിച്ചുകൊണ്ടു നടന്ന വിമോചന സമരത്തിലും അതിന്റെ വിജയകരമായ പര്യവസാനത്തിലും ഇടക്കാല തെരഞ്ഞെടുപ്പിലും മുസ്‌ലിംകള്‍ വഹിച്ച മഹത്തായ പങ്കിന്ന് കമ്മ്യൂണിസ്‌റ്റേതര വൃത്തങ്ങളില്‍ പരക്കെ അംഗീകാരം ലഭിച്ചു കാണുന്നുണ്ട്. മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ സംഘടനയാണെന്നുള്ള പഴയ വാദഗതി ആവര്‍ത്തിക്കുന്നത് കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങളെ അവഹേളിക്കലാകും. ആരെന്തു പറഞ്ഞാലും ആയിരക്കണക്കിന് മുസ്‌ലിംകള്‍ മുസ്‌ലിം ലീഗ് തങ്ങളുടെ സമുദായ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന കക്ഷിയാണെന്ന് ഹൃദയപൂര്‍വം വിശ്വസിക്കുന്നു.'' (മാതൃഭൂമി 10.2.1960) (സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ എം.സി വടകര പേജ് 126)

 

Latest News