സൗദി - അമേരിക്കൻ ബന്ധം ആഗോള സ്ഥിരതയുണ്ടാക്കുന്നു -റീമാ രാജകുമാരി

സൗദി അറേബ്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക പരിവർത്തനം എന്ന വിഷയത്തിൽ ലോക സാമ്പത്തിക ഫോറത്തിൽ നടന്ന ചർച്ച സെഷനിൽ റീമാ ബിൻത് ബന്ദർ രാജകുമാരിയും കമ്യൂണിക്കേഷൻ ആന്റ് ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹയും 

റിയാദ് - സൗദി- അമേരിക്കൻ ബന്ധം ആഗോള തലത്തിൽ സ്ഥിരതയുണ്ടാക്കുന്നതായി അമേരിക്കയിലെ സൗദി അംബാസഡർ റീമാ ബിൻത് ബന്ദർ രാജകുമാരി. സൗദി അറേബ്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക പരിവർത്തനം എന്ന വിഷയത്തിൽ ഊന്നി ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ നടന്ന ചർച്ച സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. സൗദി - അമേരിക്കൻ ബന്ധം സുപ്രധാനമാണെന്ന് ലോക സാമ്പത്തിക ഫോറത്തിൽ റീമാ രാജകുമാരി പറഞ്ഞു. 
സൗദി അറേബ്യയും അമേരിക്കയും തമ്മിൽ തന്ത്രപരമായ പങ്കാളിത്തവും ചരിത്രപരമായ സൗഹൃദവുമുണ്ട്. ഈ ബന്ധങ്ങൾക്ക് 80 വർഷത്തിലേറെ പഴക്കമുണ്ട്. പ്രധാനപ്പെട്ട സമയങ്ങളിലും സാഹചര്യങ്ങളിലും ഞങ്ങൾ എപ്പോഴും പരസ്പരം പിന്തുണച്ചിരുന്നു. ഈ ബന്ധത്തിന്റെ പ്രാധാന്യം സൗദി അറേബ്യക്കും അമേരിക്കക്കും മാത്രമല്ല പ്രയോജനപ്പെടുന്നത്, മറിച്ച്, ആഗോള തലത്തിൽ കൂടുതൽ സ്ഥിരതയുണ്ടാക്കാനും സൗദി, അമേരിക്കൻ ബന്ധം സഹായിക്കുന്നതായി റീമാ രാജകുമാരി പറഞ്ഞു.


സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നൂതന വാർത്ത വിനിമയ സൗകര്യം ലഭ്യമാക്കാൻ വേണ്ടി ഡിജിറ്റൽ മേഖലയിലെ വിടവ് നികത്തുന്നതിൽ സൗദി അറേബ്യ എങ്ങനെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതിനെ കുറിച്ചും നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഇല്ലാത്ത ലോകത്തെ 270 കോടി ആളുകൾക്ക് ബഹിരാകാശം വഴി എങ്ങനെ ഇന്റർനെറ്റ് എത്തിക്കുമെന്നതിനെ കുറിച്ചും ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ച കമ്യൂണിക്കേഷൻ ആന്റ് ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ വിശദീകരിച്ചു. ഈ പോംവഴികൾ വ്യാപകമാക്കുന്നതിന് പൊതുവായ ചട്ടക്കൂടുകൾ, ടീം വർക്ക്, പങ്കാളിത്ത ഉപകരണങ്ങൾ എന്നീ മൂന്നു ഘടകങ്ങൾ അടങ്ങിയ റോഡ് മാപ് സൗദി അറേബ്യ വികസിപ്പിച്ചിട്ടുണ്ട്. സമന്വയത്തിനുള്ള ആഗോള ശക്തിയാകാനും ഡിജിറ്റൽ മേഖലയിലെ വിടവുകൾ നികത്തുന്ന മികച്ച പങ്കാളിയാകാനും സൗദി അറേബ്യക്ക് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായി എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു. 


സൗദിയിൽ വ്യാവസായിക മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തുകയും ദേശീയ വിഭവങ്ങളുടെ പുതിയ ഉറവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. വഴക്കമുള്ളതും മത്സരപരവും സുസ്ഥിരവുമായ വ്യാവസായിക സമ്പദ്‌വ്യവവസ്ഥ കെട്ടിപ്പടുക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. പ്രാദേശിക മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റാനും വലിയ തോതിലുള്ള കയറ്റുമതിയും ലക്ഷ്യമിട്ടാണ് വ്യവസായ മേഖല രൂപകൽപന ചെയ്തിരിക്കുന്നത്. ആഗോള ശരാശരി മറികടക്കാൻ കഴിയുംവിധം ഉൽപാദനം എളുപ്പമാക്കുന്ന സാങ്കേതിക വിദ്യകളിൽ നിക്ഷേപങ്ങൾ നടത്താൻ സ്വകാര്യ മേഖലയെ പ്രാപ്തമാക്കുന്ന സംവിധാനവും വികസിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 


വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ നേടുന്ന ദിശയിൽ സൗദി അറേബ്യ കൈവരിക്കുന്ന പുരോഗതി സൗദി സന്ദർശന വേളയിൽ തന്നെ ആകർഷിച്ചതായി ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റാലിനാ ജോർജീവ പറഞ്ഞു. ലോകത്തിന് ദീർഘകാല നിക്ഷേപ അവസരങ്ങൾ ആവശ്യമായി വരുന്ന ഒരു കാലത്ത് വിഷൻ 2030 പദ്ധതി ഒരു ദീർഘവീക്ഷണമാണ്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യയിലെ ദ്രുതഗതിയിലുള്ള വളർച്ചയിലും മാറ്റങ്ങളിലും പങ്കാളിയാകാനുള്ള മികച്ച അവസരമാണിതെന്നും ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു. സിറ്റി ഗ്രൂപ്പ് സി.ഇ.ഒ ജെയ്ൻ ഫ്രേസറും സെഷനിൽ പങ്കെടുത്തു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Tags

Latest News