Sorry, you need to enable JavaScript to visit this website.

പെരിന്തൽമണ്ണയിൽ നെഞ്ചിടിച്ച് ഉദ്യോഗസ്ഥരും; കാത്തിരിക്കുന്നത് വൻ നടപടി

- പെരിന്തൽമണ്ണയിലെ വോട്ടുപെട്ടി സൂക്ഷിച്ചതിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

മലപ്പുറം - പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിക്കുന്നതിൽ ഉദ്യാഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്. നാല് ഉദ്യോഗസ്ഥർ് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ജില്ലാ കലക്ടർ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകിയതായാണ് വിവരം.
  നിർണായക സ്‌പെഷ്യൽ തപാൽ വോട്ടുകൾ നശിപ്പിക്കപ്പെട്ടു പോകാൻ പോലും സാധ്യയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. തർക്ക വിഷയമായ 348 സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ സൂക്ഷിക്കുന്നതിൽ പെരിന്തൽമണ്ണ ട്രഷറി ഓഫീസർക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടുവന്നതിൽ സഹകരണ ജോയിന്റ് രജിസ്ട്രാർക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിട്ടേണിങ് ഓഫീസര് കൂടിയായ പെരിന്തൽമണ്ണ സബ് കലക്ടറുടെ അന്വേഷണ റിപ്പോർട്ട്. ഇവരുൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഉദ്യോഗസ്ഥരുടെ പിഴവുകൾ ഉൾപ്പെടെ വിശദീകരിച്ച് കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ആദ്യഘട്ട റിപ്പോർട്ട് നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സാമഗ്രിയാണെന്ന ധാരണയിൽ പെരിന്തൽമണ്ണയിൽനിന്നും മലപ്പുറത്ത് എത്തിച്ച സ്‌പെഷ്യൽ തപാൽ വോട്ടുകൾ നശിപ്പിക്കപ്പെട്ടു പോകാൻ വരെ സാധ്യതയുണ്ടായിരുന്നുവെന്നാണ് പറയുന്നത്.   സ്‌പെഷ്യൽ തപാൽ വോട്ടുകൾ ആദ്യം സൂക്ഷിച്ച പെരിന്തൽമണ്ണ ട്രഷറിയിൽ തന്നെയായിരുന്നു പെരിന്തൽമണ്ണ ബ്ലോക്ക് തദ്ദേശ തെരഞ്ഞെടുപ്പ് വസ്തുക്കളും സൂക്ഷിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം നശിപ്പിക്കാൻ വേണ്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് സാമഗ്രികൾ പെരിന്തൽമണ്ണ ട്രഷറിയിൽനിന്നും നിന്നും മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്റ്റാർ ഓഫീസിലേക്ക് മാറ്റിയത്. ഇങ്ങനെ മാറ്റിയ വസ്തുക്കളുടെ കൂട്ടത്തിൽ നിയമസഭാ സ്‌പെഷ്യൽ തപാൽ വോട്ടുകളും തെറ്റായ ധാരണയിൽ ഉൾപ്പെട്ടു പോയെന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന വിശദീകരണം. 
 ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ അലംഭാവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ ഒപ്പിടാത്തതും ക്രമ നമ്പറില്ലാത്തതും ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവെച്ച സ്‌പെഷ്യൽ തപാൽ വോട്ടുകൾ ഹൈക്കോടതി സംരക്ഷണത്തിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പെട്ടികൾ ആദ്യം സൂക്ഷിച്ച സ്ഥലത്ത് കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. 
 പെരിന്തൽമണ്ണയിലെ ജനവിധിയിൽ കോടതിയുടെ അന്തിമ വിധി, സ്ഥലം എം.എൽഎ മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരത്തിനും എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ മുസ്തഫയെക്കാളും ഉദ്യോഗസ്ഥരെയും ആശങ്കപ്പെടുത്തുന്നതാണ്. വീഴ്ചയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തു നടപടി സ്വീകരിക്കുമെന്ന ആധിയിലാണ് ഇതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ.

Latest News