Sorry, you need to enable JavaScript to visit this website.

ജയിലിലേക്ക് മയക്കുമരുന്നുമായി പ്രാവും; തടവുകാരെ ലക്ഷ്യമാക്കി പറന്ന പ്രാവ് പിടിയിൽ

- വിചിത്രമെന്ന് തോന്നുമെങ്കിലും സത്യം; ഇനി ഡ്രോണുകൾക്കൊപ്പം പക്ഷികളെയും നിരീക്ഷിക്കണമെന്ന് ജയിൽ സുരക്ഷാ ജീവനക്കാർ

ടൊറന്റോ - ലഹരിയുടെ ഭവിഷ്യത്തിനെതിരെ നാടും നഗരവും കൂടുതൽ ഉണർന്ന സമയമാണിത്. സ്‌കൂളുകളും കോളജുകളും തൊട്ട് പൊതുസ്ഥലങ്ങളെല്ലാം ലഹരിമുക്തമാക്കാൻ ഊർജിതമായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പക്ഷേ, ഇതുവരെയുള്ള ക്ലാസുകളും പ്രവർത്തനങ്ങളുമെല്ലാം ഫോക്കസ് ചെയ്തത് മനുഷ്യരെ കേന്ദ്രീകരിച്ചാണ്. എന്നാലിനി ക്യാമ്പയിൻ പക്ഷികളിലേക്കു കൂടി വ്യാപിക്കേണ്ടി വരുമെന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കനേഡിയയിലെ ഒരു ജയിൽ നൽകുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ ആബട്‌സ്ഫഡ് ജയിലിലാണ്് സംഭവം.
 വിചിത്രമെന്ന് തോന്നുമെങ്കിലും സത്യമാണിത്. മയക്കുമരുന്ന് ചെറിയ ബാഗിലാക്കി ജയിലിലെ തടവുകാർക്ക് എത്തിക്കുകയാണിവിടെ പ്രാവ്. കഴുത്തിൽ മയക്കുമരുന്ന് നിറച്ച ചെറു ബാഗുമായെത്തിയ പ്രാവിനെ ജയിലിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തന്ത്രപരമായി വലയിലാക്കുകയായിരുന്നു. 
  തടവുകാർക്ക് സെല്ലുകൾക്ക് പുറത്ത് ഗെയിമുകൾ കളിക്കാനും സ്വതന്ത്രമായി ഇരിക്കാനുമൊക്കെയുള്ള മേഖലയിലെ ജയിൽ ഭിത്തിയിലാണ് ഒരു ബാഗുമായി ചാരനിറത്തിലുള്ള പ്രാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. കഴുത്തിൽ എന്തോ തൂക്കിയതായും ശ്രദ്ധയിൽ പെട്ടു. തുടർന്ന് അവയെ പിടൂകൂടാൻ വലയൊരുക്കുകയായിരുന്നു. 30 ഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. ഇതുവരെയും ഡ്രോണുകളെയാണ് ഞങ്ങൾ ആകാശത്ത് നോക്കിയിരുന്നത്. ഇപ്പോൾ പക്ഷികളെയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകം പരിശീലനം ലഭിച്ച പ്രാവാണിതെന്നും അധികൃതർ പറഞ്ഞു. 
 ഏറെ പണിപ്പെട്ടാണ് അധികൃതർ പ്രാവിനെ കെണിയിൽ വീഴ്ത്തിയത്. പ്രാവിൽ ഘടിപ്പിച്ചിരുന്ന ചെറുബാഗിനുള്ളിൽ 30 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ മയക്കുമരുന്നാണുണ്ടായിരുന്നതെന്ന് ജയിൽ അധികൃതർ പറഞ്ഞു. പ്രാവിന്റെ ലക്ഷ്യം ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പ്രാവിനെ സ്വതന്ത്രയാക്കി അന്വേഷണം ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
   മനുഷ്യൻ മാത്രമല്ല പ്രാവുകളും മയക്കുമരുന്ന് നൽകുമെന്നും ഇതുവരെയും ഡ്രോണുകൾ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളിലൂടെയുള്ള ഇടപെടലുകളാണ് നിരീക്ഷച്ചതെങ്കിലും പക്ഷികൾ കൂടിയുള്ള ഇത്തരമൊരു ഇടപെടൽ ഞെട്ടിച്ചുവെന്ന് സെക്യൂരിറ്റി ജീവനക്കാർ പ്രതികരിച്ചു.
 

Latest News