1994 ലെ ലോകകപ്പിന് ഏതാനും മാസം മുമ്പാണ് ഫോസ്റ്റിനൊ ആസ്പ്രിയ എന്നു ആദ്യമായി കേൾക്കുന്നത്. ആ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനാവും ആസ്പ്രിയ എന്നായിരുന്നു വാർത്തകൾ. പെലെയുടെ പ്രവചനങ്ങൾ പലപ്പോഴും ശരിയാവാറില്ല. എന്നാൽ കൊളംബിയ അത്തവണ കിരീടം നേടുമെന്ന പെലെയുടെ പ്രവചനം ഫുട്‌ബോൾ ലോകം ഏതാണ്ട് വിശ്വസിച്ചിരുന്നു. കൊളംബിയ കിരീടം നേടിയില്ലെങ്കിലും സെമിയിലെങ്കിലുമെത്തുമെന്ന് പെലെ പറഞ്ഞു.
കാർലോസ് വാൾഡറമ, റെനെ ഹിഗ്വിറ്റ, ആന്ദ്രെ എസ്‌കോബാർ, ആസ്പ്രിയ, ഫ്രെഡി റിങ്കോൺ, അലക്‌സിസ് ഗാർഷ്യ... കൊളംബിയൻ കളിക്കാരുടെ ആകർഷകമായ പേരുകൾ ഫുട്‌ബോൾ ലോകം നെഞ്ചിലേറ്റെടുത്തു. ഇരുപത്തേഴുകാരൻ ആന്ദ്രെ എസ്‌കോബാറായിരുന്നു ടീം നായകൻ. മാന്യനായ കളിക്കാരൻ എന്നറിയപ്പെട്ട ശാന്തനായ ആന്ദ്രെ തന്നെയായിരുന്നു കൊളംബിയയുടെ സുവർണ തലമുറയെ നയിക്കാൻ ഏറ്റവും യോഗ്യൻ. ആ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ കൊളംബിയ വഴങ്ങിയത് വെറും രണ്ടു ഗോളായിരുന്നു. അർജന്റീനയിൽ നടന്ന അവസാന യോഗ്യതാ മത്സരത്തിൽ ബ്യൂണസ്‌ഐറിസിൽ ആതിഥേയരെ അവർ മറുപടിയില്ലാത്ത അഞ്ചു ഗോളിൽ മുക്കി. അർജന്റീനക്കാർ തന്നെ ആ മാസ്മരിക പ്രകടനത്തെ എഴുന്നേറ്റുനിന്ന് കൈയടിച്ചു. ലോകകപ്പിനു മുമ്പ് നടന്ന 26 കളികളിൽ ഒരെണ്ണം മാത്രമാണ് കൊളംബിയ തോറ്റത്.
ശൂന്യതയിൽനിന്ന് വന്നതായിരുന്നില്ല കൊളംബിയയുടെ കളി മികവ്. കളിയും കൊക്കയ്‌നും ഇഴചേർന്നതാണ് കൊളംബിയയുടെ കായികരംഗം. പാബ്‌ലൊ എസ്‌കോബാറായിരുന്നു രണ്ടിന്റെയും രാജാവ്. ആന്ദ്രെയും പാബ്‌ലോയും എസ്‌കോബാറുമാരായിരുന്നുവെങ്കിലും അവർ തമ്മിൽ ബന്ധമൊന്നുമുണ്ടായിരുന്നില്ല. ചോര ചിന്താൻ മടിയില്ലാത്ത ഗുണ്ടാത്തലവനായിരുന്നുവെങ്കിലും കൊളംബിയയിലെ പാവപ്പെട്ടവരുടെ പ്രിയങ്കരനായിരുന്നു പാബ്‌ലൊ. പാവങ്ങൾക്ക് തൊഴിലും വീടും നൽകി അദ്ദേഹം. നിരവധി കളിക്കളങ്ങൾ നിർമിച്ചു. ഈ കളിക്കളങ്ങളിൽ കളിച്ചു വളർന്നവരായിരുന്നു 1994 ലെ ലോകകപ്പിന് യോഗ്യത നേടിയ കൊളംബിയൻ ടീമിലെ ഭൂരിഭാഗം പേരും. മെഡലിനിലെ അത്‌ലറ്റിക്കൊ നാഷനാൽ ക്ലബ്ബിന്റെ ഉടമയുമായിരുന്നു പാബ്‌ലൊ. മയക്കുമരുന്ന് ഇടപാടിലൂടെ കിട്ടുന്ന കോടിക്കണക്കിന് കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പവഴിയായിരുന്നു അദ്ദേഹത്തിന് കളിയും കളിക്കാരും. മറ്റു മയക്കുമരുന്ന് ഇടപടുകാരും പാബ്‌ലോയുടെ വഴി സ്വീകരിച്ചു. കളിയിലേക്ക് ധാരാളം പണമൊഴുകി. കൊളംബയയിലെ മികച്ച കളിക്കാർക്ക് നാട്ടിൽ തന്നെ കളിക്കാൻ ഒട്ടനവധി അവസരങ്ങൾ കിട്ടി. ആന്ദ്രെ എസ്‌കോബാർ ഉൾപ്പെടെ കൊളംബിയൻ ദേശിയ ടീമിലെ നിരവധി കളിക്കാർ പാബ്‌ലോയുടെ നാഷനാലിലായിരുന്നു. നാഷനാൽ 1989 ൽ ലാറ്റിനമേരിക്കൻ ക്ലബ് ചാമ്പ്യന്മാരായി.
കൊളംബിയ കലങ്ങി മറിഞ്ഞ കാലത്താണ് ദേശീയ ടീം ഏറ്റവും വലിയ ദൗത്യവുമായി ലോകകപ്പിനായി അമേരിക്കയിലേക്ക് പോയത്. രാഷ്ട്രീയക്കാരെയും ജഡ്ജിമാരെയും റഫറിമാരെയും അഞ്ഞൂറിലേറെ പോലീസുകാരെയും എതിർ മയക്കുമരുന്ന് സംഘങ്ങളിലെ എണ്ണമില്ലാത്ത അംഗങ്ങളെയും കൊല്ലുന്നതിന് നേതൃത്വം നൽകിയ പാബ്‌ലൊ എസ്‌കോബാർ തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊളംബിയൻ അധികൃതർക്ക് മുന്നിൽ കീഴടങ്ങി. മെഡലിനിലിലെ കത്തീഡ്രൽ ജയിൽ പക്ഷെ പാബ്‌ലോക്ക് മറ്റൊരു സാമ്രാജ്യമായി മാറി. കീഴടങ്ങാനുള്ള പാബ്‌ലോയുടെ നിബന്ധനകളിലൊന്നായി ജയിലിൽ ഒരു കളിക്കളം നിർമിച്ചിരുന്നു. ജയിലിൽ രഹസ്യമായി പാബ്‌ലോയെ സന്ദർശിച്ച കൊളംബിയൻ ടീം അവിടെ ഫുട്‌ബോൾ തട്ടി. ഗോളി ഹിഗ്വിറ്റ സാഹസികനായിരുന്നു. 1993 ൽ ജയിലിൽ പാബ്‌ലോയെ സന്ദർശിക്കാൻ പോകുന്ന വഴിയിൽ പത്രപ്രവർത്തകരുമായി സംസാരിച്ചു നിൽക്കാനുള്ള വിഡ്ഢിത്തം കാട്ടി ഹിഗ്വിറ്റ. അതു വലിയ വിവാദമായി. ലോകകപ്പ് ടീമിൽ ഹിഗ്വിറ്റക്ക് സ്ഥാനം നഷ്ടപ്പെട്ടു. തട്ടിക്കൊണ്ടു പോയ ഒരാൾക്കുവേണ്ടി മോചനദ്രവ്യം നിശ്ചയിക്കാൻ വിലപേശി എന്ന കള്ളക്കേസ് ചുമത്തി ഹിഗ്വിറ്റയെ അറസ്റ്റ് ചെയ്തു. അമേരിക്ക മോസ്റ്റ് വാണ്ടഡ് ആയി മുദ്രകുത്തിയ കുറ്റവാളിയുമായുള്ള സൗഹൃദം പരസ്യമായി പ്രകടിപ്പിച്ചതിനുള്ള ശിക്ഷയായാണ് ഇതിനെ ബഹുഭൂരിഭാഗവും കണ്ടത്.
കൊടും ക്രിമിനൽ പാബ്‌ലോ എസ്‌കോബാറുമായുള്ള കളിക്കാരുടെ ചങ്ങാത്തത്തിൽ അത്ര സംതൃപ്തനായിരുന്നില്ല ആന്ദ്രെ എസ്‌കോബാർ. സഹോദരി മരിയ എസ്തറിനോട് ആന്ദ്രെ പറഞ്ഞു: 'എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല അയാളെ കാണാൻ പോവുന്നത്. വേറെ വഴിയില്ല'.
തന്നെ കർശ നിയന്ത്രണങ്ങളുള്ള തടവറയിലേക്ക് മാറ്റാൻ നീക്കമുണ്ടെന്നറിഞ്ഞ പാബ്‌ലൊ വൈകാതെ ജയിലിൽനിന്ന് രക്ഷപ്പെട്ടു. 1993 ഡിസംബർ രണ്ടിന് തന്റെ നാൽപത്തിനാലാം ജന്മദിനത്തിന്റെ പിറ്റേന്ന് അയാൾ കൊല്ലപ്പെട്ടു. പോലീസും എതിർ അധോലോക സംഘങ്ങളും പാബ്‌ലോയുടെ തന്നെ ഗ്രൂപ്പിലെ വിമതന്മാരും ചേർന്ന സംഘമാണ് കൊലക്കു പിന്നിലെന്നായിരുന്നു വാർത്ത. പാബ്‌ലോയുടെ വധം മെഡലിനിൽ സമാധാനം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിൽ തെറ്റി. അത് കൂടുതൽ അരാജകത്വത്തിലേക്കാണ് വഴിവെച്ചത്. പാബ്‌ലോയുടെ ഒറ്റയാൻ വാഴ്ചക്കു പകരം നിരവധി കൊച്ചു സംഘങ്ങൾ നിയമം കൈയിലെടുത്തു. ബോംബും വെടിവെപ്പും മെഡലിനിലെ തെരുവുകളെ അരാജകത്വത്തിലേക്ക് നയിച്ച ആ ഘട്ടത്തിലാണ് കൊളംബിയൻ ടീം ലോകകപ്പിനായി അമേരിക്കയിലേക്ക് വിമാനം കയറിയത്.
'കളിയിൽ ശ്രദ്ധ പതിപ്പിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു, പക്ഷെ വരാനിരിക്കുന്ന വിജയങ്ങളെക്കുറിച്ചും നല്ല ദിനങ്ങളെയും കുറിച്ച് ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു' -ആന്ദ്രെ എസ്‌കോബാർ പറഞ്ഞു. കൊളംബിയൻ നായകന് അന്ന് 27 വയസ്സായിരുന്നു. കാമുകി പാമെല കാസ്‌കാഡോയുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. കൊളംബിയയിലെ അനിശ്ചിതത്വങ്ങളിൽനിന്ന് അടുത്ത സീസണിൽ ഇറ്റലിയിലെ എ.സി മിലാനിലേക്ക് ചേക്കാറാനൊരുങ്ങുകയായിരുന്നു. എല്ലാ ദിവസവും വിശുദ്ധ പുസ്തകം വായിക്കാൻ ആന്ദ്രെ ശ്രദ്ധിച്ചു. മരിച്ചുപോയ മാതാവിന്റെയും ഹൃദയം കീഴടക്കിയ കാമുകിയുടെയും ചിത്രങ്ങൾ വേദപുസ്തകത്തിൽ അടയാളങ്ങളായി വെച്ചു. കളിയിലെ വിജയങ്ങൾ കൊളംബിയയിൽ സമാധാനം തിരിച്ചുകൊണ്ടുവരുമെന്ന് അയാൾ പ്രത്യാശിച്ചു.
എന്നാൽ വലിയ പ്രതീക്ഷകളുടെ കുമിള പൊട്ടാൻ അധികം സമയം വേണ്ടിവന്നില്ല. ആഴത്തിലിറങ്ങി പ്രതിരോധിക്കുകയും പൊടുന്നെ പാഞ്ഞുകയറുകയും ചെയ്ത റുമാനിയ ആദ്യ കളിയിൽ കൊളംബിയയെ 3-1 ന് തകർത്തു. ഫ്‌ളോറിൻ റാഡൂഷ്യയാണ് റുമാനിയയുടെ രണ്ടു ഗോളടിച്ചത്. പക്ഷെ ഓർമകളിലേക്ക് ഊളിയിട്ടിറങ്ങിയത് ജോർജി ഹാജിയുടെ ഗോളായിരുന്നു. ശിക്ഷിക്കപ്പെട്ട ഹിഗ്വിറ്റക്കു പകരം കൊളംബിയയുടെ വല കാത്ത ഓസ്‌കർ കോർഡോബ ഗോൾലൈൻ വിട്ട് കയറിനിൽക്കുന്നത് ശ്രദ്ധിച്ച കാർപ്പാത്തിയക്കാരുടെ മറഡോണ അപ്രതീക്ഷിതവും അതിനാൽതന്നെ അമ്പരപ്പിക്കുന്നതുമായ ലോംഗ്‌റെയ്ഞ്ചർ തൊടുത്തുവിട്ടു. കൊളംബിയ നിലക്കാത്ത ആക്രമണത്തിരമാലകൾ സൃഷ്ടിച്ചു. എന്തുചെയ്യാം, റുമാനിയൻ ഗോളി ബോഗ്ദാൻ സ്റ്റീലിയയുടെ ദിനമായിരുന്നു അത്. 0-2 ന് പിന്നിൽനിൽക്കെ അഡോൾഫൊ വലൻസിയയുടെ ഗോൾ കൊളംബിയക്ക് പ്രതീക്ഷ നൽകിയതായിരുന്നു. എന്നാൽ എൺപത്തൊമ്പതാം മിനിറ്റിൽ റാഡൂഷ്യയുടെ രണ്ടാം ഗോൾ അവരുടെ ഹൃദയം തകർത്തു.
ഈ പ്രതിസന്ധിക്ക് ടീമും കൊളംബിയയിലെ അധോലോക സംഘങ്ങളും തയാറെടുത്തിരുന്നില്ല. നിമിഷനേരം കൊണ്ട് കോടികളുടെ നഷ്ടം കൈ മറിഞ്ഞു. കളിക്കളത്തിൽ, ഹോട്ടലിന്റെ ഇടനാഴികളിൽ, ടി.വി സ്‌ക്രീനുകളിൽ ഭയത്തിന്റെ അന്തരീക്ഷം ഇരുൾ മൂടി നിന്നു. കളിക്കാർക്കു നേരെ ഭീഷണിയുടെ കറുത്ത കൈകൾ നീണ്ടു.
പാബ്‌ലോ വെടിയേറ്റു മരിച്ചതിനു പിന്നാലെ കൊളംബിയൻ ഡിഫന്റർ ലൂയിസ് ഹെരേരയുടെ കൊച്ചു മകനെ അജ്ഞാതർ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് അവൻ തിരിച്ചെത്തി. റുമാനിയക്കെതിരായ ടീമിന്റെ തോൽവിക്കു പിന്നാലെ ഹെരേരയുടെ സഹോദരൻ കാറപകടത്തിൽ കൊല്ലപ്പെട്ടു. ഹെരേര നാട്ടിലേക്ക് മടങ്ങാനൊരുങ്ങി. ആ രാത്രി ഹെരേരക്കൊപ്പം ചെലവിട്ട ആന്ദ്രെ അയാളെ ശാന്തനാക്കി നിർത്തി. ലോകകപ്പുയർത്താൻ കൊളംബിയക്ക് കിട്ടിയ അവസരമാണ് ഇതെന്നും രാജ്യത്തിന് തന്റെ സേവനം വേണമെന്നും ഹെരേരയെ ആന്ദ്രെ ബോധ്യപ്പെടുത്തി.
അടുത്ത കളി ആതിഥേയരായ അമേരിക്കക്കെതിരെയായിരുന്നു. അമേരിക്കയുമായി നിരവധി മത്സരങ്ങൾ കൊളംബിയ കളിച്ചിട്ടുണ്ട്, ഒന്നിലും തോറ്റിട്ടില്ലെന്ന് മിഡ്ഫീൽഡർ ലയണൽ അൽവാരെസ് സഹതാരങ്ങളെ ഓർമിപ്പിച്ചു. പക്ഷെ ഇത് പതിവു മത്സരമല്ല. ശവശരീരങ്ങൾ, കത്തിക്കരിഞ്ഞ വാഹനനങ്ങൾ, ചോര മണക്കുന്ന തെരുവുകൾ.. മെഡലിൻ തിളച്ചുമറിയുകയായിരുന്നു. മത്സരത്തിനു മുമ്പ് കളിക്കാരെ കാണാൻ വന്ന കോച്ച് ഫ്രാൻസിസ്‌കൊ മാചുരാന പൊട്ടിക്കരഞ്ഞു. മിഡ്ഫീൽഡർ ഗബ്രിയേൽ ഗോമസിനെ കളിപ്പിച്ചാൽ മുഴുവൻ കളിക്കാരെയും വധിക്കുമെന്ന് അദ്ദേഹത്തിന് ഭീഷണിക്കത്ത് കിട്ടിയിരുന്നു. തങ്ങളുടെ കളിക്കാരെ കളിപ്പിച്ച് അവരുടെ മൂല്യമുയർത്താനുള്ള പിടിവലിയിലായിരുന്നു ക്ലബ്ബുടമകളായ അധോലോക നായകന്മാർ. ഭയന്നുപോയ കളിക്കാർ ടീം യോഗത്തിൽ വായ തുറക്കാൻ ധൈര്യം കാട്ടിയില്ല.
പേടിച്ചിട്ടോ എന്തോ എല്ലാ കോണുകളിൽ നിന്നും അമേരിക്കൻ ഗോൾമുഖത്തേക്ക് തുടക്കം മുതൽ കൊളംബിയ ഇരമ്പിക്കയറി. പക്ഷെ പന്ത് ഗോൾവര കടന്നില്ല. അശുഭചിന്തകൾ സാവധാനം കളിക്കാരെ കീഴടക്കിത്തുടങ്ങി. ഇരുപത്തിരണ്ടാം മിനിറ്റിൽ പ്രതിരോധത്തിന്റെ അണ തകർത്ത് പേടി ടീമിനെ കീഴടക്കി. ജോൺ ഹാർക്‌സ് നിലംപറ്റെ നൽകിയ ക്രോസ് അടിച്ചകറ്റാൻ കാൽ നീട്ടിയ ആന്ദ്രെക്ക് പന്തിൽ ഒന്നു സ്പർശിക്കാനേ സാധിച്ചുള്ളൂ. ഗോളി കോർദോബയെ പൂർണമായി നിസ്സഹായനാക്കി ഗതി തെറ്റിയ പന്ത് വലയിലേക്ക് ഉരുണ്ടുകയറി. കൈയിൽ തലവെച്ച് ആന്ദ്രെ ഏതാനും നിമിഷങ്ങൾ പുൽപരപ്പിൽ കിടന്നു. കരിയറിലെ ആദ്യത്തെയും അവസാനത്തെയും സെൽഫ് ഗോളിന്റെ അപമാനം മുഴുവൻ പേറി സാവധാനം എഴുന്നേറ്റു. ഭയം പുറത്തു കാണിക്കാതെ അയാൾ മൈതാനമധ്യത്തിലേക്കു നടന്നു.
മെഡലിനിൽ കളി കാണുകയായിരുന്ന ആന്ദ്രെയുടെ സഹോദരിയോട് മകൻ പറഞ്ഞു, അമ്മേ, അവർ ആന്ദ്രെയെ കൊല്ലും. ഇല്ലെടാ മോനേ, കൊളംബിയ ആന്ദ്രെയെ സ്‌നേഹിക്കുന്നു, തെറ്റുകളുടെ പേരിൽ ആരും കൊല്ലപ്പെടാറില്ല.
അമ്പത്തിരണ്ടാം മിനിറ്റിൽ ഏണി സ്റ്റുവാർട് അമേരിക്കയുടെ ലീഡുയർത്തി. അവസാന മിനിറ്റിൽ വലൻസിയ ഒരു ഗോൾ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്‌സർലന്റിനെ 2-0 ന് കൊളംബിയ തോൽപിച്ചു. എന്നാൽ റുമാനിയയോട് അമേരിക്ക തോറ്റതോടെ കൊളംബിയക്ക് പുറത്തേക്ക് വഴി തുറന്നു.
ആന്ദ്രെ തകർന്നു പോയി. കൊളംബിയ പുറത്തായതിലും അതിൽ തന്റെ പങ്കിലും. അത് അയാൾ ഒരിക്കലും ടി.വിയിൽ വീണ്ടും കാണാൻ ധൈര്യപ്പെട്ടില്ല. മെഡലിനിൽ തിരിച്ചെത്തിയ ആന്ദ്രെയെ സന്തോഷത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഉറ്റവരും കൂട്ടുകാരും ശ്രമിച്ചു. ലോകകപ്പിലെ അനുഭവങ്ങളെക്കുറിച്ച് എഴുതാൻ സുഹൃത്തും നയതന്ത്രജ്ഞനുമായ സെസാർ മൗറിഷ്യൊ വെലാസ്‌ക്വേസ് നിർബന്ധിച്ചു. എൽ ടിയേംപെ പത്രത്തിലെ ആ കോളത്തിന് 'ജീവിതം ഇവിടെ തീരുന്നില്ല' എന്ന് ആന്ദ്രെ തലക്കെട്ട് നൽകി. 'വലിയ പ്രയാസമാണെന്നറിയാം, പക്ഷെ ഈ വീഴ്ചയിൽനിന്ന് നാം എഴുന്നേറ്റേ പറ്റൂ. രണ്ടു വഴിയേയുള്ളൂ. ഒന്നുകിൽ രോഷം നമ്മെ തളർത്താൻ അനുവദിക്കുക. സംഘർഷം തുടരാൻ അനുവദിക്കുക. അല്ലെങ്കിൽ അവസരത്തിനൊത്തുയരുകയും പരസ്പരം സഹായിക്കുകയും ചെയ്യുക. അമ്പരപ്പിക്കുന്നതും അപൂർവവുമായൊരു അവസരമായിരുന്നു അത്. നാം വൈകാതെ വീണ്ടും കാണും. കാരണം ജീവിതം ഇവിടെ തീരുന്നില്ലല്ലോ?'
ആ രാത്രി, തന്റെ അവസാന രാത്രി, ലോകകപ്പിനു ശേഷം ആദ്യമായി കൂട്ടുകാരുമൊന്നിച്ചു പുറത്തുപോവാൻ ആന്ദ്രെ തീരുമാനിച്ചു. സഹതാരം ഹെരേരയെ വിളിച്ചു. കുറച്ചുനാൾ ഒളിച്ചുനിൽക്കുന്നതാണ് നല്ലതെന്നു പറഞ്ഞ് ആന്ദ്രയെ പിന്തിരിപ്പിക്കാൻ ഹെരേര ശ്രമിച്ചു. സൂക്ഷിക്കാൻ കോച്ച് മാചുരാനയും കളിക്കാരെ ഓർമിപ്പിച്ചു. ആ രാത്രി ആന്ദ്രെയെ പുറത്തുവിടേണ്ടിയില്ലായിരുന്നുവെന്ന് കാമുകിയും പിന്നീട് പരിതപിച്ചു. മറച്ചുവെക്കേണ്ടതല്ല തന്റെ മുഖമെന്നായിരുന്നു ആന്ദ്രെയുടെ നിലപാട്. ആന്ദ്രെ മുഖം പ്രദർശിപ്പിച്ചത് തെറ്റായ സ്ഥലത്തായിരുന്നു. മെഡലിനിലെ എൽഇൻഡിയൊ ബാറിൽ കൂട്ടുകാർക്കൊപ്പമെത്തിയ ആന്ദ്രെയെ പരിഹസിച്ച് ചിലർ പിന്നാലെ കൂടി. ആന്ദ്രെ തിടുക്കത്തിൽ പുറത്തിറങ്ങി. നാലംഗ സംഘം അസഭ്യവർഷവുമായി പിറകെ വന്നു. കാറിൽ മടങ്ങാനൊരുങ്ങിയ ശേഷം ആന്ദ്രെ അവരോട് ന്യായം പറയാനായി വണ്ടി തിരിച്ചു. കളിക്കളത്തിൽ ആർക്കും പറ്റുന്ന അബദ്ധമാണ് സെൽഫ് ഗോളെന്ന് വിശദീകരിക്കാൻ ശ്രമിച്ചു. വൈകിയില്ല. മാസം തുളച്ച് ആറ് വെടിയുണ്ടകൾ പാഞ്ഞു. സ്റ്റിയറിംഗ് വീലിനു മുന്നിൽ കൊളംബിയൻ നായകൻ ചേതനയറ്റു കിടന്നു. ആംബുലൻസ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അര മണിക്കൂർ പോലും കഴിയും മുമ്പെ മരണം സ്ഥിരീകരിച്ചു.
വാതുവെപ്പിൽ വലിയ നഷ്ടം സംഭവിച്ചവരാണ് ആന്ദ്രെയെ കൊന്നതെന്നാണ് അന്നും ഇന്നും കരുതപ്പെടുന്നത്. കൊലയാളികൾ രക്ഷപ്പെട്ട കാറിന്റെ ലൈസൻസ് പ്ലെയ്റ്റ് നമ്പർ രണ്ട് ദൃക്‌സാക്ഷികൾ പോലീസിന് കൈമാറി. പാബ്‌ലൊ എസ്‌കോബാറിന്റെ അധോലോക സംഘത്തിൽനിന്ന് പിന്മാറി സമാന്തര അധോലോകം പടുത്തുയർത്തിയ ഗാലൻ സഹോദരന്മാരുടെ പേരിലായിരുന്നു ആ വാഹനം. പാബ്‌ലോക്കു വേണ്ടി മുന്നൂറോളം കൊലപാതകങ്ങൾ നടത്തിയ വാടകക്കൊലയാളി ജോൺ ജയ്‌റൊ വെലാസ്‌ക്വേസ് വാസ്‌ക്വേസ് പിന്നീട് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തൽ നടത്തി. അധോലോകത്തിനെതിരെ പോരാട്ടം നയിക്കുന്ന കാർലോസ് കോസ്റ്റാനയെ ഗാലൻ സഹോദരന്മാർ സമീപിച്ച് 30 ലക്ഷം ഡോളർ കൈമാറുകയും അന്വേഷണം തങ്ങളുടെ സംഘത്തിലെ ഒരു അംഗരക്ഷകനിൽ ഒതുക്കുകയും ചെയ്യണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തുവെന്ന്. ഹ്യുംബർടൊ കാസ്‌ട്രൊ മ്യൂനസ് എന്ന ഈ അംഗരക്ഷകൻ കുറ്റമേറ്റെടുത്തു. ഇയാൾക്ക് 43 വർഷം തടവ് ശിക്ഷ കിട്ടി. നല്ല നടപ്പ് പരിഗണിച്ച് 11 വർഷത്തിനു ശേഷം ഇയാളെ വിട്ടയച്ചു.
മെഡലിനിലെ ബാസ്‌കറ്റ് ബോൾ അരീനയിൽ അത്‌ലറ്റിക്കൊ നാഷനാൽ ക്ലബ്ബിന്റെ പതാക പുതപ്പിച്ചാണ് ആന്ദ്രെയെ അന്ത്യനിദ്രക്കായി കിടത്തിയത്. ഒരു ലക്ഷത്തോളം കൊളംബിയക്കാർ പ്രിയ നായകന് അന്ത്യയാത്ര പറയാൻ എത്തി. രാജ്യത്തെ വിഴുങ്ങിയ നിരർഥകമായ സംഘർഷങ്ങളുടെ ഇരയാണ് ആന്ദ്രെ എന്ന് കൊളംബിയൻ പ്രസിഡന്റ് സെസാർ ഗവീരിയ ശവസംസ്‌കാരച്ചടങ്ങിൽ പറഞ്ഞു. കുഴിമാടത്തിലേക്ക് ആന്ദ്രെയുടെ ശവമഞ്ചം നീങ്ങവെ രോഷാകുലരായ ആയിരങ്ങൾ നീതിക്കായി മുദ്രാവാക്യം മുഴക്കി. കണ്ണീരോടെ അവർ ശവമഞ്ചത്തിലേക്ക് പൂവുകൾ വർഷിച്ചു. കൊളംബിയൻ പതാകയേന്തിയ കണ്ണീരണിഞ്ഞ പതിനഞ്ചായിരത്തോളം പേരെ സാക്ഷിയാക്കിയാണ് ശവപേടകം കുഴിമാടത്തിലേക്ക് ഇറക്കിയത്. സെൽഫ് ഗോളിന്റെ പേരിൽ ജീവൻ ബലി നൽകേണ്ടി വന്ന ആന്ദ്രെ നനുത്ത വേദനയായി മാറി. കലാപകലുഷിതമായ സമൂഹം ഒരു കളിക്കാരനെ കൊന്നു.