Sorry, you need to enable JavaScript to visit this website.

ഇന്ത്യ സമ്പന്നര്‍ക്ക് മാത്രമുള്ള രാജ്യമായി മാറുന്നു; സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം പേര്‍ക്ക്

ന്യൂദല്‍ഹി- രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും സ്വന്തമാക്കി ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നര്‍. ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേര്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് സമ്പത്തിന്റെ പകുതിയോളം കൈയടക്കിയെന്ന കണക്ക് 2021 ലേതാണ്. ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നത് സ്ഥിരീകരിക്കുന്നതാണ്  പുതിയ റിപ്പോര്‍ട്ട്
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ഈ വര്‍ഷത്തെ വേള്‍ഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് തിങ്കളാഴ്ചയാണ്  ചാരിറ്റി ഓക്‌സ്ഫാമിന്റെ 'സര്‍വൈവല്‍ ഓഫ് ദ റിച്ചസ്റ്റ്' റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം  102ല്‍ നിന്ന് 166 ആയി ഉയര്‍ന്നു. 2020ല്‍ 102 ശതകോടീശ്വരന്മാരാണ് രാജ്യത്ത് ഉണ്ടായിരുന്നത്.
കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സമ്പത്ത് 121 ശതമാനം വര്‍ദ്ധിച്ചതായി ഓക്‌സ്ഫാം ഇന്ത്യ പുറത്തിറക്കിയ സപ്ലിമെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2012 മുതല്‍ 2021 വരെ, ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനം ജനസംഖ്യയുടെ ഒരു ശതമാനത്തിന്റേത് മാത്രമായി. വെറും മൂന്ന് ശതമാനം സമ്പത്ത് മാത്രമാണ് താഴെയുള്ള 50 ശതമാനത്തിലേക്ക് പോയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പട്ടിണിക്കാരായ ഇന്ത്യക്കാരുടെ എണ്ണം 350 ദശലക്ഷമായി വര്‍ദ്ധിച്ചു. 2018ല്‍ 190 ദശലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ 65 ശതമാനം മരണത്തിനും കാരണം വ്യാപകമായ പട്ടിണിയാണ്. ഇന്ത്യ സമ്പന്നര്‍ക്ക് മാത്രമുള്ള രാജ്യമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന വിനാശകരമായ യാഥാര്‍ത്ഥ്യമാണ് റിപ്പോര്‍ട്ട് കാണിക്കുന്നതെന്ന് ഓക്‌സ്ഫാം ഇന്ത്യയുടെ സി.ഇ.ഒ അമിതാഭ് ബെഹാര്‍ പറയുന്നു. സര്‍ക്കാര്‍ നയങ്ങള്‍ മാറ്റിയില്ലെങ്കില്‍  നിലവിലെ അവസ്ഥ ദുരന്തത്തിലേക്കും വര്‍ദ്ധിച്ചുവരുന്ന അസമത്വത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശതകോടീശ്വരന്മാരുടെ സമ്പത്ത് പ്രതിദിനം 2.7 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍, രാജ്യത്തെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ സമ്പത്ത് 2022ല്‍ 46 ശതമാനം ഉയര്‍ന്നു.
എന്നിട്ടും ദരിദ്രരായ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ നികുതി ചുമത്തപ്പെട്ടു. അതേസമയം സമ്പന്നര്‍ക്ക് നികുതി ഇളവുകളുടെ പ്രയോജനം ലഭിച്ചു. രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതിയുടെ 64 ശതമാനവും ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള പകുതിയില്‍ നിന്നാണ് വരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നത്, വെറും മൂന്ന് ശതമാനം ഉയര്‍ന്ന 10 ശതമാനത്തില്‍ നിന്നാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News