സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്‌സക്ക്, റയലിനെ തകർത്തു

റിയാദ്- സ്പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോളിൽ റയൽ മഡ്രീഡിനെ തകർത്ത് ബാഴ്‌സലോണക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്‌സയുടെ ജയം. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽനിന്നിരുന്ന ബാഴ്‌സ രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി നേടി. കളിയുടെ അവസാന നിമിഷം കരീം ബെൻസേമയിലൂടെ റയൽ ആശ്വാസ ഗോൾ കണ്ടെത്തി.
മുപ്പത്തിമൂന്നാമത്തെ മിനിറ്റിൽ സ്‌പെയിനിന്റെ മിന്നുംതാരം പാബ്ലോ ഗവിരയാണ് ബാഴ്‌സക്കായി ആദ്യ ഗോൾ നേടിയത്. 45-ാം മിനിറ്റിൽ ഗവിയുടെ പാസിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി രണ്ടാം ഗോൾനേടി. 69-ാം മിനിറ്റിൽ പെഡ്രോ ഗോൺസാലെസ് ലോപസ് ഒരു ഗോൾ കൂടി സ്വന്തമാക്കി വിജയം ആധികാരികമാക്കി. ഈ രണ്ടു ഗോളിന് പിന്നിലും ഗവിയുടെ മനോഹരമായ പിന്തുണ ഉണ്ടായിരുന്നു. ഗവിയാണ് കളിയിലെ കേമൻ. ബാഴ്‌സയുടെ പരിശീലകനായി സാവി ചുമതലയേറ്റ ശേഷമുള്ള ബാഴ്‌സയുടെ ആദ്യ കിരീടമാണ് റിയാദിൽ നേടിയ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം.
 

Latest News