Sorry, you need to enable JavaScript to visit this website.

അപ്പൂപ്പൻതാടി; യാത്രാ പ്രേമികളുടെ പെൺകൂട്ടം

രാജസ്ഥാനിലെ ആംബർ കോട്ടയിൽ
ഉദയ്‍പൂർ യാത്രയിൽ
മണാലിയിലെ മഞ്ഞുമലയിൽ

യാത്രകളെ പ്രണയിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് 'അപ്പൂപ്പൻതാടി' യുടെ കൂട്ടുകാർ. എല്ലാവരും ചേർന്ന് പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റുണ്ടാക്കും. പരിചയമില്ലാത്തയിടങ്ങളിൽ ആദ്യം ഒറ്റയ്ക്ക് യാത്ര ചെയ്തുവരും. ചെറിയ ബജറ്റിലായിരുന്നു പല യാത്രകളും. പിന്നീട് ഹിമാലയത്തിലെ വാലി ഓഫ് ഫ്ലവേഴ്‌സിലേയ്ക്കും തവാങ്ങിലേയ്ക്കുമെല്ലാം യാത്ര ചെയ്തു. ആറര വർഷത്തിനുള്ളിൽ നാനൂറ്റി എഴുപതോളം ട്രിപ്പുകൾക്ക് അപ്പൂപ്പൻതാടി രൂപം നൽകി. അയ്യായിരത്തിലേറെ സ്ത്രീകൾ അപ്പൂപ്പൻതാടിയുടെ കൂട്ടുകാരായിട്ടുണ്ട്. 

 

അപ്പൂപ്പൻതാടി പോലെ പാറിപ്പറന്നു നടക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. ഈ ആഗ്രഹം ഒരു പെൺകുട്ടിക്കായാലോ. അവിടെയാണ് സമൂഹം എതിർപ്പിന്റെ വാൾമുനയുമായി എത്തുന്നത്. എന്നാൽ യാത്രകളെ എന്നും ഹൃദയത്തോടു ചേർത്തു നിർത്തിയ ഒരു പെൺകുട്ടി ഇവിടെയുണ്ട്. 
കോഴിക്കോട് മാവൂർ സ്വദേശിയായ സജ്‌ന അലി. ലോറി ഡ്രൈവറായ അലിയുടെയും മറിയയുടെയും ഇളയ മകൾ. എതിർപ്പുകളെ മറികടന്ന് യാത്രകൾക്കായി ഇറങ്ങിത്തിരിച്ചതാണ് സജ്‌ന. വീടിന്റെ നാലു  ചുവരുകൾക്കുള്ളിൽ ജീവിതം തളച്ചിടാനല്ല, പുതിയ ദേശങ്ങളും കാഴ്ചകളും തേടി ഉലകം ചുറ്റുകയാണ് ഈ പെൺകുട്ടി. തുടക്കത്തിൽ ഒറ്റയ്ക്കായിരുന്നു സഞ്ചാരമെങ്കിൽ പിന്നീട് തന്നെപ്പോലെ യാത്രകളെ പ്രണയിക്കുന്നവരെ ചേർത്തുനിർത്തി അപ്പൂപ്പൻതാടി എന്ന വിശാലമായ ട്രാവൽഗ്രൂപ്പിന്റെ അമരക്കാരിയായി മാറുകയായിരുന്നു. അടുത്തയാഴ്ച മാലി ദ്വീപിലേയ്ക്കു യാത്ര തിരിക്കുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു സജ്‌ന. എട്ടുമാസം പ്രായമുള്ള മകൾ ഇളയും ഉമ്മയുമെല്ലാം യാത്രയിൽ കൂടെയുണ്ട്. ആറരവർഷം പിന്നിടുന്ന അപ്പൂപ്പൻതാടിയുടെ യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു സജ്‌ന.


നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായിരുന്ന ഉപ്പ ഓരോ യാത്രകൾ കഴിഞ്ഞെത്തുമ്പോഴും സമ്മാനങ്ങൾക്കൊപ്പം അവിടത്തെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്നു. അന്നു തുടങ്ങിയതാണ് യാത്രയോടുളള കമ്പം. വലുതാവുമ്പോൾ ഉപ്പ പറഞ്ഞുതന്ന വഴികളിലൂടെ തനിക്കും സഞ്ചരിക്കണമെന്ന് അവൾ അന്നേ മനസ്സിലുറപ്പിച്ചു. പഠനാന്തരം തിരുവനന്തപുരം ടെക്‌നോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിയും ലഭിച്ചു. തുടർന്നായിരുന്നു മനസ്സിലൊളിപ്പിച്ച യാത്രകൾക്ക് സജ്‌ന തുടക്കം കുറിച്ചത്. ഒരിക്കൽ ഓഫീസിൽനിന്നും നാലു ദിവസം അവധി കിട്ടിയപ്പോൾ കൂട്ടുകാരോടൊപ്പം യാത്ര ചെയ്യാൻ തീരുമാനിച്ചു. ഒടുവിൽ എല്ലാവരും പിൻമാറിയപ്പോൾ തീരുമാനത്തിൽ ഉറച്ചുനിന്ന സജ്‌ന ഒറ്റയ്ക്കു യാത്ര തിരിച്ചു. പൂനെയിലും ഒഡിഷയിലെ ഭുവനേശ്വറിലുമെല്ലാം യാത്ര ചെയ്തു. ഒറ്റയ്ക്കുള്ള യാത്രയിലും കൗതുകം കണ്ടെത്തി. ആരേയും ആശ്രയിക്കാതെ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്യാം എന്നൊരു സൗകര്യമുണ്ട്. യാത്രകളിലെ കൗതുകങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വെൻ ദ സൺസെറ്റ് എന്നൊരു പുസ്തകവും എഴുതി.


യാത്രകളുടെ വിശേഷങ്ങളറിഞ്ഞാണ് പലരും ഞങ്ങളെയും കൂടെ കൊണ്ടുപോകുമോ എന്ന അന്വേഷണവുമായി എത്തുന്നത്. യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ ഒരു ഗ്രൂപ്പിന് രൂപം നൽകി. ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്തു. എട്ടുപേരുമായി കൊല്ലം ജില്ലയിലെ റോസ് മലയിലേയ്ക്കായിരുന്നു ആദ്യയാത്ര. ഒറ്റയ്ക്കു സഞ്ചരിച്ച് ഇഷ്ടം തോന്നിയ സ്ഥലങ്ങളിലേയ്ക്കായിരുന്നു പിന്നീടുള്ള പല യാത്രകളും. ചിക്മംഗളൂരും മഞ്ഞുമലകളുടെ കാഴ്ചകൾക്കായി തവാങ്ങിലുമെല്ലാം യാത്ര ചെയ്തു. രൂപ്കുണ്ഡ്, സ്‌റ്റോക്ക് കാൻഗ്രി, വാലി ഓഫ് ഫ്ലവേഴ്‌സ് തുടങ്ങിയ സ്ഥലങ്ങളിലും യാത്രയൊരുക്കി. ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങളിൽ ഇതിനകം യാത്ര ചെയ്തു കഴിഞ്ഞു. കൂടാതെ ഹിമാലയൻ ട്രക്കിംഗും നടത്തി. ജോലിയും യാത്രയും ഒത്തുപോകാതെ വന്നപ്പോൾ ജോലി വിട്ടു.


യാത്രകളെ പ്രണയിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് 'അപ്പൂപ്പൻതാടി' യുടെ കൂട്ടുകാർ. എല്ലാവരും ചേർന്ന് പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റുണ്ടാക്കും. പരിചയമില്ലാത്തയിടങ്ങളിൽ ആദ്യം ഒറ്റയ്ക്ക് യാത്ര ചെയ്തുവരും. ചെറിയ ബജറ്റിലായിരുന്നു പല യാത്രകളും. പിന്നീട് ഹിമാലയത്തിലെ വാലി ഓഫ് ഫ്ലവേഴ്‌സിലേയ്ക്കും തവാങ്ങിലേയ്ക്കുമെല്ലാം യാത്ര ചെയ്തു. ആറര വർഷത്തിനുള്ളിൽ നാനൂറ്റി എഴുപതോളം ട്രിപ്പുകൾക്ക് അപ്പൂപ്പൻതാടി രൂപം നൽകി. അയ്യായിരത്തിലേറെ സ്ത്രീകൾ അപ്പൂപ്പൻതാടിയുടെ കൂട്ടുകാരായിട്ടുണ്ട്. അവരിൽ പലരും ഒരു സ്ഥലത്തുതന്നെ ഇരുപതോളം യാത്രകൾ നടത്തിയവരാണ്.


വിവാഹവും മകളുടെ ജനനവുമെല്ലാമായപ്പോൾ ഇതൊന്നും അപ്പൂപ്പൻതാടിയെ ബാധിക്കാതിരിക്കാനാണ് ബഡ്ഢീസ് സമ്പ്രദായം കൊണ്ടുവന്നത്.  ആറുവർഷത്തോളമായി കൂടെയുള്ള പതിനേഴു പേരാണ് ഈ ഗ്രൂപ്പിലുള്ളത്. വർഷത്തിലൊരിക്കൽ ഹിമാലയൻ യാത്രകളും നടത്തുന്നുണ്ട്. ഒരു ലാപ്‌ടോപ്പും വൈ ഫൈയുമുണ്ടെങ്കിൽ എവിടെയിരുന്നും യാത്ര സംഘടിപ്പിക്കാനാവും. പോയ സ്ഥലങ്ങളിലെല്ലാം പരിചയക്കാരുള്ളതുകൊണ്ട് യാത്രയ്ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാറില്ല. കശ്മീരിലെ അജാസ് ഭായിയും രാജസ്ഥാനിലെ രാജു ഭായിയും ഹിമാചലിലെ നവീൻ ഭായിയുമെല്ലാം ഏതുസമയവും സഹകരണവുമായി മുന്നിലുണ്ട്.


അപ്പൂപ്പൻതാടിക്ക് പ്രയാൺ എന്നൊരു സ്‌കോളർഷിപ്പ് പദ്ധതിയുമുണ്ട്. യാത്ര പോകാൻ ആഗ്രഹിക്കുകയും എന്നാൽ അതിനുള്ള സാമ്പത്തികസ്ഥിതി ഇല്ലാതിരിക്കുകയും ചെയ്യുന്നവരെ സഹായിക്കുന്ന പദ്ധതിയാണിത്. കൂടാതെ വാൽക്ക്‌സ് എന്ന സംരംഭത്തിലൂടെ യാത്ര പോകുന്ന സ്ഥലങ്ങളിലെ സാധനങ്ങൾ വാങ്ങി ആവശ്യക്കാർക്ക് വിൽക്കുന്ന പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ബാഗ്രൂ വസ്ത്രങ്ങളും കശ്മീരിലെ കുങ്കുമപ്പൂവും അസമിലെ തേയിലയും ഡാർജിലിങ്ങിലെ കാപ്പിപ്പൊടിക്കുമെല്ലാം ആവശ്യക്കാർ ഏറെയുണ്ട്. അത്തരക്കാർക്കായി ഇത്തരം വസ്തുക്കൾ എത്തിക്കുന്നതിലൂടെ അപ്പൂപ്പൻതാടി വരുമാനമാർഗ്ഗവും കണ്ടെത്തുന്നു.
അപ്പൂപ്പൻതാടി വിദേശയാത്രകളും ലക്ഷ്യമിടുന്നുണ്ട്. യാത്രയിലൂടെ സമൂഹത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കിക്കൊടുക്കുന്ന രീതിയിൽ കമ്മ്യൂണിറ്റി ടൂറിസവും ഒരുക്കുന്നുണ്ട്. അടുത്ത വർഷം യൂറോപ്യൻ ട്രിപ്പിനും പദ്ധതിയുണ്ട്. അറുപത് വയസ്സ് പിന്നിട്ടവരും കാൻസറിനെ അതിജീവിച്ചവരും കുട്ടികളുമെല്ലാം ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്. ഇവർക്കെല്ലാം സഹായഹസ്തമൊരുക്കാനാണ്  പ്രയാണ എന്ന ഫെലോഷിപ്പിന് രൂപം നൽകിയത്.


അപ്പൂപ്പൻതാടിയുടെ യാത്രാപദ്ധതികൾക്ക് സഹായഹസ്തവുമായി നിരവധിപേർ അണിചേർന്നിട്ടുണ്ട്. ഹൈദരാബാദിലെ ട്രാവൽ ബ്‌ളോഗറായ ശ്രീകൃഷ്ണ ശ്രീവാസ്തവയായിരുന്നു ഏറെ സഹായിച്ചിരുന്നത്. എന്നെപ്പോലെ യാത്രകൾക്കായി ജോലി ഉപേക്ഷിച്ച സോളോ ട്രാവലർ ഷിവിയ നാഥാണ് എന്റെ റോൾ മോഡൽ. കൂടാതെ നിരവധി സുഹൃത്തുക്കളും വഴികാട്ടികളായി. ഓരോ യാത്രയ്ക്കു മുൻപും അംഗങ്ങളെല്ലാം ചേർന്നുള്ള ഒരു വാട്‌സ് അപ്പ് ഗ്രൂപ്പിന് രൂപം നൽകും. യാത്ര തുടങ്ങുമ്പോൾ ഒരു കോമൺ ഡെസ്റ്റിനേഷൻ പറയും. ഇടുക്കിയിലേക്കാണ് യാത്രയെങ്കിൽ എല്ലാവരോടും കൊച്ചിയിലെത്താൻ പറയും. ഹിമാലയ യാത്രയാണെങ്കിൽ എല്ലാവരും ശ്രീനഗറിൽ കേന്ദ്രീകരിക്കും. തുടർന്നാണ് ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നത്. നാട്ടിൽനിന്നുതന്നെ വാഹനം സംഘടിപ്പിച്ച് അവിടെയെത്തുമ്പോൾ നല്ലൊരു തുക ചെലവാകുമെന്നതുകൊണ്ടാണ് ഈയൊരു ക്രമീകരണം ഒരുക്കുന്നത്- സജ്‌ന പറയുന്നു.


യാത്രകൾ തുടങ്ങിയ കാലത്ത് നിരവധി പേരാണ് എതിർപ്പുമായെത്തിയത്. എന്നാൽ ഉപ്പയും ഉമ്മയും സഹോദരിയും എനിക്കൊപ്പം നിന്നു. അവർ നൽകിയ കരുത്തിലാണ് ടൂർ പ്ലാനുകൾ ഒരുക്കിയിരുന്നത്. ടെക്‌നോപാർക്കിൽ അടുത്ത സുഹൃത്തായിരുന്ന റാം ജീവിതത്തിലേയ്ക്കു കടന്നുവന്നതോടെ കൂടുതൽ ധൈര്യമായി. ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന റാമുമൊത്ത് ബൈക്ക് റൈഡുകളും നീണ്ട യാത്രകളും നടത്തിയിട്ടുണ്ട്. ടി.സി.എസിൽ ജോലി നോക്കിയിരുന്ന റാം ഇപ്പോൾ യു.കെയിലാണുള്ളത്. മകളുമൊത്ത് യു.കെയിലേയ്ക്കു പോകാനുള്ള ഒരുക്കവും നടന്നുവരുന്നു.
ഈ വർഷം അവസാനത്തോടെ അപ്പൂപ്പൻതാടി ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യാനാണ് സജ്‌നയുടെ ലക്ഷ്യം. കൂടുതൽ പേരെ ഈ സംരംഭത്തിലേയ്ക്ക് ആകർഷിക്കാനും അതുവഴി സാമ്പത്തികലാഭവും ലക്ഷ്യമിടുന്നുണ്ട്. സജ്‌നയും റാമുമാണ് ഡയറക്ടർമാരായുള്ളതെങ്കിലും കൊല്ലത്തും തിരുവനന്തപുരത്തുമെല്ലാം ടൂർ കണ്ടക്റ്റ് ചെയ്യാനുള്ള ആളുകൾ ഈ ഗ്രൂപ്പിലുണ്ട്. ഇപ്പോൾ സ്ത്രീകൾക്കു മാത്രമായുള്ള യാത്രാപദ്ധതിയാണെങ്കിൽ പുതിയ വർഷത്തിൽ കുടുംബാംഗങ്ങളെക്കൂടി ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തി അവർക്കും യാത്രാസൗകര്യം ഒരുക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ്.


ഗർഭാവസ്ഥയിൽതന്നെ ലക്ഷദീപിലും മറ്റുമായി ഏറെ യാത്രകൾ നടത്തിയിട്ടുണ്ട് സജ്‌ന. അതുകൊണ്ടായിരിക്കാം മകൾ ഇളയ്ക്കും യാത്രകൾ ഏറെ ഇഷ്ടമാണെന്ന് സജ്‌ന പറയുന്നു. കാറിലും ഓട്ടോയിലുമുള്ള യാത്രകൾ അവൾ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. നൈറ്റ് റൈഡിനും റെഡി. പലതും ഒരു ദിവസത്തെ യാത്രകളായി ചുരുക്കിയിരുന്നു. ഇളയുടെ ഓമനപ്പേരാണ് അപ്പു. അപ്പൂപ്പൻതാടിയിൽ നിന്നാണ് മകൾക്ക് അപ്പു എന്ന വിളിപ്പേര് സമ്മാനിച്ചത്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്താൽ അവർ പ്രകൃതിയുമായി ഇണങ്ങിച്ചേരുമെന്ന് കേട്ടിട്ടുണ്ട്. ഈ യാത്രകൾ അവൾക്കെന്നപോലെ എന്റെ മനസ്സിലും നനുത്ത ഓർമ്മകളായി അവശേഷിക്കും.
നാടുകാണാൻ മാത്രമല്ല, തികഞ്ഞ ഉദ്ദേശ്യലക്ഷ്യത്തോടെയുള്ള യാത്രകളും നടത്തിയിട്ടുണ്ട് ഈ കോഴിക്കോട്ടുകാരി. റൈഡ് ഫോർ ബ്ലഡ് എന്ന പേരിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാൻ ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത അനുഭവവും സജ്‌നയ്ക്കുണ്ട്. എറണാകുളത്തുകാരി ട്യൂണ സെബാസ്റ്റ്യനും കൂട്ടിനുണ്ടായിരുന്നു. രക്തദാനത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ, ലഘുലേഖാ വിതരണം, സന്നദ്ധ സംഘടനാ പ്രവർത്തകരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ തുടങ്ങി കൃത്യമായി ധാരണയോടെയായിരുന്നു യാത്ര തുടങ്ങിയത്. തിരുവനന്തപുരം കനകക്കുന്ന് പാലസിൽനിന്നും യാത്ര ആരംഭിച്ച ഇവർ മധുരയിലും ചെന്നൈയിലും വിജയവാഡയിലും കൊൽക്കത്തയിലും ദൽഹിയിലും അമൃത്‌സറിലും പൂനെയിലും ഗോവയിലുമെല്ലാമായി ഇരുപതോളം ലക്ഷ്യസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഇരുപതു ദിവസത്തിനുശേഷം തിരുവനന്തപുരത്തുതന്നെ തിരിച്ചെത്തുകയായിരുന്നു.


ആൻഡമാനിലേയ്ക്കു നടത്തിയ സോളോ ട്രിപ്പ് ഇന്നും സജ്‌നയുടെ മനസ്സിൽ മായാതെ കിടക്കുന്ന ഓർമ്മയാണ്. ബജറ്റിൽ ഒതുങ്ങില്ലെന്ന കേട്ടറിവാണ് യാത്ര വൈകിച്ചത്. വടക്കൻ ആൻഡമാനിലെ ഇരട്ട ദ്വീപുകളായ റോസും സ്മിത്തും സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. യാത്രയ്ക്കിടയിൽ ബസിൽവെച്ച് പരിചയപ്പെട്ട അടൽ ബിശ്വാസായിരുന്നു കൂട്ടായുണ്ടായിരുന്നത്. ഉപ്പയുടെ പ്രായമുള്ള ആൾ. എങ്കിലും ഞങ്ങൾ നല്ല കൂട്ടായി. കൊടുംകാട്ടിലൂടെയുള്ള യാത്ര വളരെ രസകരമായി തോന്നി. തുടർന്ന് ജങ്കാറിലായി യാത്ര. ജങ്കാറിൽനിന്നുമിറങ്ങി വീണ്ടും ബസ് യാത്ര. ഒടുവിൽ ഡിഗ്ലിപൂരിലെത്തിയപ്പോൾ വൈകിയിരുന്നു. അദ്ദേഹം വീട്ടിലേയ്ക്കു ക്ഷണിച്ചു. മറ്റു വഴിയില്ലാത്തതിനാൽ അദ്ദേഹത്തോടൊപ്പം പോയി. അദ്ദേഹത്തിന്റെ ഭാര്യ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. അടുത്ത ദിവസം ദ്വീപ് കാണാനായി എനിക്കൊപ്പം അദ്ദേഹം കൂട്ടുവരികയും ചെയ്തു. ബിസ്‌ക്കറ്റും ചോക്‌ളേറ്റും നൽകിയാണ് അദ്ദേഹം യാത്രയാക്കിയത്. പിന്നീടൊരിക്കൽ അദ്ദേഹത്തെ സന്ദർശിച്ച് കോഴിക്കോടൻ ഹൽവയും ചിപ്‌സുമെല്ലാം നൽകി ആ സ്‌നേഹം തിരിച്ചുനൽകാനും മറന്നില്ല.
നോർത്ത് കരോലിന സന്ദർശിക്കണമെന്ന മോഹമാണ് ഇനിയുള്ളത്. അമേരിക്കൻ എഴുത്തുകാരനായ നിക്കോളാസ് സ്പാർക്കിനോടുള്ള ആരാധനയാണ് ഇതിനു പിന്നിൽ. സ്പാർക്കിന്റെ നോവലിലെല്ലാം പരാമർശിക്കുന്ന സ്ഥലമാണ് നോർത്ത് കരോലിന. യു.എസിലേയ്ക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടാണെങ്കിലും അതിനുള്ള ശ്രമവും തുടർന്നുവരുന്നു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News