Sorry, you need to enable JavaScript to visit this website.

ഉമ്മയെ 'നാഗവല്ലി'യാക്കിയ തറുതലക്കാലം

ഓർമ 

പത്തും പന്ത്രണ്ടും വയസ്സുള്ള പുത്രിമാർ  തർക്കുത്തരം പറയുന്നതിൽ മനസ്സു വിഷമിച്ചു നടക്കുന്ന അടുത്ത സുഹൃത്തിനോട്  കുട്ടിക്കാല കൂട്ടുകാരി അനുഷയെ കുറിച്ച് പറയാനാണ് തോന്നിയത്. ഇപ്പോഴും, നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ ദേഷ്യം കൊണ്ട് പരിസരം മറന്ന് പെരുമാറി കഴിയുമ്പോഴൊക്കെ ഞാൻ അനുവിനെ ഓർക്കും.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവൾ പറഞ്ഞു തന്ന കോപ ശമനോപാധി പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടതാണല്ലോ..
'നീ അമ്മയുമായി വഴക്കു കൂടാറുണ്ടോ?
ഞാനും ഉമ്മയും എപ്പോഴും അടി പിടിയാണ്..'
കോലുമുട്ടായി നുണഞ്ഞ് സ്‌കൂളിന്റെ പിറകിലെ മതിലിൽ കേറി ഇരുന്നാണ് ഞങ്ങൾ ഇങ്ങനെ ആഭ്യന്തരപ്രശ്‌നങ്ങൾ ചർച്ച ചെയ്യാറുള്ളത്..
'അമ്മമാരുമായുള്ള അടിപിടി ബുദ്ധിയുള്ള കുട്ടിയോൾക്ക് പറഞ്ഞിട്ടുള്ളതല്ലേ.. അതിനെന്തിനു സങ്കടപ്പെടണം...' അനുവിന്റെ ആത്മവിശ്വാസം അപാരമാണ്..
ഉമ്മയുമായി വാക്കു തർക്കങ്ങൾ ഉണ്ടായി തുടങ്ങുന്ന പ്രായം. ഞങ്ങൾ ദിവസവും വഴക്കിടും.  ജീനിൽ  ഓടിക്കളിക്കുന്ന മുൻകോപം ഒട്ടും സെൻസർ ചെയ്യാതെ എനിക്കിങ്ങോട്ട് പകർന്നു തന്നത് ഉമ്മയ്ക്ക് വലിയ അടിയായി പോയിരുന്നു.
അനുസരണയെന്ന് അക്ഷരം തെറ്റാതെ എഴുതാൻ മാത്രമല്ലേ എനിക്കറിയൂ.. അത് ഉച്ചരിച്ചു കേൾക്കുന്നത് പോലും ഇഷ്ടമല്ലാത്ത കൗമാരക്കാലമല്ലേ?
'നീയെന്തിനാടി കൺമഷി ഇങ്ങനെ വാരിപ്പൊത്തുന്നത്?'  'എന്താപ്പോ ഇതിന് കുഴപ്പം?' 
'മുടി കെട്ടി വെച്ചിട്ട് പോടീ..'
'ന്നാ പിന്നെ മൊട്ട അടിക്കാം.. ന്തേ?'
'ഷാംപൂ ഇത്രേം വാരിപ്പൊത്തി മുടി പറത്തി നടക്കരുതെന്ന് എത്ര പ്രാവശ്യം പറയണം നിന്നോട്?' 'മുടി പറന്നാൽ എന്താ പ്രശ്‌നം?'
സിനിമ കാണാൻ പോയാൽ മഗ്രിബിന് മുൻപ് വീട്ടിൽ കേറിയില്ലെങ്കിൽ  കിട്ടും എന്റെ കയ്യീന്ന്..ടൗണിൽ പോയി ബാൽക്കണി ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന കാര്യമല്ല.. വീട്ടിൽ ടി. വി ഇല്ലാതിരുന്ന കാലത്ത്, ദൂരദർശനിൽ വരുന്ന നാലു മണി ചലച്ചിത്രം കാണാൻ അപ്പുറത്തെ വീട്ടിൽ പോകാൻ മേക്ക് അപ്പ് ചെയ്ത് ഇറങ്ങുമ്പോൾ കേൾക്കേണ്ടി വരുന്ന കാര്യങ്ങളാണ്..
'ആ.. ഞാൻ മഗ്രിബിന് മുൻപ് വരും..' അപ്പോൾ മാത്രം  തറു തല പറയില്ല.. സിനിമാക്കളി മുടങ്ങി പോകാൻ ഒരു അവസരവും നമ്മളായിട്ട് ഉണ്ടാക്കരുതല്ലോ..
'തേൻമാവിൻ കൊമ്പത്തും' 'മേലെ പറമ്പിൽ ആൺവീടും' തുടങ്ങി എത്രയെത്ര സിനിമകളുടെ ക്ലൈമാക്‌സുകളാണ് പുളിവാറൽ കൊണ്ടുള്ള അടി പേടിച്ച് നഷ്ടപ്പെടുത്തിയത്.
'അനിമോളെ.. ബാങ്കു വിളിച്ചു.. പൊയ്‌ക്കോ.. നിന്റെ ഉമ്മ ഇപ്പൊ വിളി തുടങ്ങും..'പ്രമീളേച്ചി
സ്‌നേഹത്തോടെ പറഞ്ഞു തുടങ്ങുമ്പോൾ കലിപ്പിന്റെ കനൽ ഉള്ളിൽ ഒതുക്കി ഞാൻ ഇതയ്ക്കലെ എളുപ്പവഴിയിലൂടെ ഞങ്ങളുടെ പറമ്പിലേക്ക് കയറും. അമർഷം കൊണ്ട്, വേലിയ്ക്കൽ വെറുതെ നിൽക്കുന്ന ഇലകളുടെയും പൂക്കളുടെയും ആയുസ്സ് തീർക്കും.
'എന്തിനാ പെണ്ണേ ആ ചെടി പിച്ചി പറിക്കുന്നത്?
നാളെ വന്നാൽ മതിയായിരുന്നല്ലോ.'ഉമ്മ പുച്ഛത്തോടെ ചെവിക്ക് പിടിച്ചു അകത്തേക്ക് കേറ്റുമ്പോൾ ചുറ്റിലും ഉള്ളതൊന്നും കാണാൻ പറ്റാതാവുന്ന ഒരു ദേഷ്യം വരാനുണ്ട്.
വിളമ്പിത്തരുന്ന രാത്രി ഭക്ഷണം മുഴുവൻ കഴിക്കാതെ ഉള്ളിലുള്ള വിഷമം കാണിക്കാൻ എങ്ങാനും ശ്രമിച്ചാൽ അതിനുള്ള ചീത്തവിളി പിന്നെയും തുടങ്ങും.
പരാതിയുടെ കെട്ടുകൾ കൂട്ടുകാരിക്ക് മുന്നിൽ നിസ്സങ്കോചം തുറന്നിട്ടപ്പോൾ ആണ് അവൾ അന്ന് വിപ്ലവകരമായ ആ ചോദ്യവും തുറന്നു പറച്ചിലും നടത്തിയത്.
'തിരിച്ചു ചീത്ത വിളിക്കാൻ തോന്നാറുണ്ടോ നിനക്ക്?'
'ആരെ? ഉമ്മയെയോ?'
'സത്യം പറഞ്ഞാൽ തോന്നാറുണ്ട്..' ചെറിയൊരു കുറ്റബോധത്തോടെ തല കുനിച്ചു. അമ്മയോട് തർക്കിച്ച് അടി കിട്ടിയതിൽ പിന്നെ സ്വന്തമായി ആവിഷ്‌കരിച്ച ഒരു  പ്രതികരണ രീതിയെ കുറിച്ച് അന്നവൾ പറഞ്ഞു തന്നു.
'ഇരുന്നൂറ്റമ്പത് പേജുള്ള ഒരു വരയുള്ളതോ ഇല്ലാത്തതോ ആയ നോട്ടു പുസ്തകം വാങ്ങണം.
അമ്മയോടോ തിരിച്ച് ചീത്ത വിളിക്കാൻ സാധിക്കാത്ത ആളുകളോടോ വഴക്കിട്ട ഉടനെ മുറിയിൽ കയറി വാതിലടച്ചേക്ക്..
വായിൽ തോന്നിയതൊക്കെ നോട്ടു പുസ്തകത്തിൽ അറഞ്ചം പുറഞ്ചം എഴുതി കൂട്ടണം.... ഭാഷയുടെ ഏത് സാധ്യതകൾ വേണമെങ്കിലും ഭയമില്ലാതെ ഉപയോഗപ്പെടുത്താം എന്നതാണ് ഈ രീതിയുടെ ഒരു മെച്ചം..
ഒരു അഞ്ചു മിനിറ്റ് സകല കലിപ്പും കടലാസിൽ തീർത്തു കഴിഞ്ഞാൽ വല്ലാത്ത ഒരു സുഖം കിട്ടും.
നേരിട്ട് വഴക്കിട്ട്  ചൂരലിന് അടി വാങ്ങേണ്ടതും ഇല്ല.
അതി നൂതനമായ ഒരു ആശയമായിരുന്നു എനിക്കത്.

അന്നു മുതൽ കിട്ടുന്ന വഴക്കുകൾക്ക് നേരെ ഞാൻ ശ്രീബുദ്ധനെ പോലെ മൗനം ഭജിക്കാൻ തുടങ്ങി. രംഗ സമാപ്തിയ്ക്കു ശേഷം
ബാഗിൽ ഒളിപ്പിച്ചു വെച്ച പുസ്തകവും പേനയുമെടുത്ത് കൂട്ടുകാരി പരാമർശിച്ച സാഹിത്യ പ്രവർത്തനം നടത്തും.

ഒരാഴ്ച കഴിയുന്നതിനും മുൻപേ ഫലം കിട്ടി.
കൃത്യമായി വായിക്കപ്പെട്ട എന്റെ 'തോന്നിവാസ ഡയറി' കയ്യിൽ ഉയർത്തിപ്പിടിച്ച്, ഉമ്മ നാഗവല്ലിയായി..കാലിൽ തിണർത്തു കിടക്കുന്ന പാടുകൾ കൂട്ടുകാരി കാണാതിരിക്കാൻ ശ്രദ്ധിച്ച് പിറ്റേന്ന് അവളോട് ചോദിച്ചു..'നീ കലി വരുമ്പോൾ കാര്യങ്ങൾ എഴുതുന്ന പുസ്തകം എവിടെയാ സൂക്ഷിച്ചു വെയ്ക്കാറ് അനൂ..?'
'സൂക്ഷിച്ചു വെച്ച് പ്രസിദ്ധീകരണത്തിന് അയക്കാൻ ഇതെന്താ മഹാകാവ്യമാണോ മണ്ടി?
കുനു കുനാ കുനു കുനാ ന്ന്  അന്നേരം തന്നെ കീറി കളയണം പെണ്ണേ..'
അല്ല, എന്റെ ഭാഗത്തും തെറ്റുണ്ട്....

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News