Sorry, you need to enable JavaScript to visit this website.

കേരളത്തെ കണ്ടു പഠിക്കെടോ

സി.ഒ.ടി. അസീസ്

പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം അത്ര മോശം രാജ്യമൊന്നുമല്ല. പരശുവേട്ടന്റെ ഓർമയ്ക്കായി ഒരു ട്രെയിൻ നിത്യേന ഓടുന്നുണ്ട്. ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന പരശുരാം എക്‌സ്പ്രസുമായി നമുക്ക് ഒരു ബന്ധവുമില്ലെന്നുറപ്പു വരുത്തിയിട്ടുമുണ്ട്. 
തമിഴ്‌നാട്ടിലെ നാഗർകോവിലിൽ നിന്ന് കർണാടകയിലെ മംഗളുരുവിലേക്കാണ് മൂപ്പരുടെ പോക്ക്. അല്ലെങ്കിലും ഹു കെയേഴ്‌സ്?  നമുക്ക് പറക്കാൻ കണ്ണൂരിൽനിന്ന് അനന്തപുരിയിലേക്ക് ഇൻഡിഗോയുടെ യന്ത്രപക്ഷികളുണ്ടല്ലോ. അത് മതി. ചില പുവർ മല്ലൂസുണ്ട്. അഭിമാന ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കൂട്ടർ. കേരളം നമ്പർ വണ്ണാണെന്ന് പറഞ്ഞാൽ ഓരോ ഉടക്കും പറഞ്ഞു വരും. യാഥാർഥ്യ ബോധമില്ലാത്ത വർഗം. ഇതാണ് പറയുന്നത് അൽപം ചരിത്ര ബോധം വേണമെന്ന്. അധികം മുമ്പൊന്നുമല്ല. 2015ൽ പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ് ജനാധിപത്യ വിരുദ്ധമായി ഭരിച്ചതിന്റെ അവസാന കാലം. പാലായിലെ മാണിക്യമതാ കറുത്ത സ്യൂട്ട്‌കേസുമായി പണക്കാരെ മാത്രം സഹായിക്കാനുള്ള  ബജറ്റുമായി എത്തുന്നു. സദാ ജാഗരൂകരായിരിക്കുന്ന ചെമ്പട സട കുടഞ്ഞെഴുന്നേറ്റു. ജനാധിപത്യമെന്നത് വേറൊരു തരം കൊടച്ചക്രം. വീര ശൂര പരാക്രമികളായ പോരാളികൾ  പുതിയൊരു പരീക്ഷണത്തിലായിരുന്നു. നോട്ടെണ്ണുന്ന യന്ത്രം വീട്ടിൽ വെച്ച് ചുളുവിൽ ബജറ്റ് അവതരിപ്പിക്കാൻ വന്നിരിക്കുന്നു. ജനാധിപത്യം പോയ് തുലയട്ടെ. കസേരകളും മേശകളുമെല്ലാം നിമിഷങ്ങൾക്കകം തവിടു പൊടിയാക്കി. മൂപ്പരുടെ കാലശേഷം മോനെ ഞമ്മള് സ്വന്തമാക്കി. ഇതല്ലേ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം?  കേരള നാട്ടിനിത് നാണക്കേടിന്റെ  അധ്യായമെന്നൊക്കെ ബൂർഷ്വാ മാധ്യമങ്ങളും കോങ്കികളും പറയും. മൈൻഡ് ചെയ്യേണ്ടതില്ല. ഇപ്പോഴിതല്ലേ ആഗോള ട്രെൻഡായി മാറിയിരിക്കുന്നത്. അന്നു കേരളത്തിന്റെ മാനം കാത്ത ചുണക്കുട്ടികൾ പിൽക്കാലത്ത് കൊടി വെച്ച കാറിൽ മന്ത്രിമാരായി വിലസിയത് കണ്ണുള്ളവർ കാണട്ടെ. 


കേരളത്തിൽനിന്ന് പാഠമുൾക്കൊള്ളാൻ വിവരമുള്ള പടിഞ്ഞാറൻ നാടുകൾ അടുത്ത കാലത്ത് തയറായത് കണ്ടില്ലേ. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ ബ്രസീലിലെ പാർലമെന്റും സുപ്രീം കോടതിയും വരെ ശരിയാക്കിയിരിക്കുന്നു. ബ്രസീലിലെ മുൻ പ്രസിഡന്റ് ബൊൽസൊനാരോയുടെ അനുകൂലികൾക്ക് പ്രചോദനം ദൈവത്തിന്റെ സ്വന്തം നാടാണെന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കരുതോ? 
ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ബ്രസീൽ പ്രസിഡന്റായി ലുല ചുമതലയേറ്റത്. തോൽവി അംഗീകരിക്കാൻ തയ്യാറാകാതെ ജൈർ ബൊൽസൊനാരോ രാജ്യം വിട്ടിരുന്നു. അതല്ലേ ഹീറോയിസവും. ബൊൽസൊനാരോ ഇപ്പോൾ അമേരിക്കയിലെ ഫ്‌ളോറിഡയിലെ ആശുപത്രി കിടക്കയിലിരുന്ന് എല്ലാം കാണുകയും ചെയ്തു. വയറുവേദനയുണ്ടെന്ന് പറഞ്ഞ് ബൈഡേട്ടന് മെഡിക്കൽ സർട്ടിഫിക്കറ്റ് കാട്ടിക്കൊടുത്താണ് ആശുപത്രി അഡ്്മിഷൻ നേടിയത്. അനുയായികൾ കോടതിയും ജനാധിപത്യ ശ്രീകോവിലുമെല്ലാം ഇടിച്ചു പൊളിക്കുന്നത് ടിവിയിൽ കണ്ട് മൂപ്പർക്ക് റാഹത്തായി. ഉടൻ ഒരു പ്രസ്താവനയുമിറക്കി. ആരാധകരേ ശാന്തരായി, വേഗം വീട്ടിൽ പോയ്‌ക്കോളിൻ. 


ബ്രസീലിലെ ജനകീയ വിപ്ലവത്തിന്റെ ക്രെഡിറ്റ് എന്നാലും നമുക്ക് വിട്ടു തരില്ല ഇന്റർനാഷണൽ മാപ്രകൾ. ഓരൊക്കെ പറയുന്നത് യു.എസിലെ ട്രംപേട്ടന്റെ കളി കണ്ടാണ്് ബൊൽസൊനാരോയുടെ കുഞ്ഞുങ്ങൾ തുള്ളി കളിച്ചതെന്നാണ്. സത്യം കുപ്പായമിട്ട് വരുമ്പോഴേക്ക് നുണ ബിക്കിനിയും ധരിച്ച് അങ്ങാടി ചുറ്റിവരുമെന്ന് പണ്ടാരോ പറഞ്ഞത് ഇതൊക്കെ മനസ്സിൽ കണ്ടാവണം.  രണ്ട് വർഷം മുമ്പ് അമേരിക്കയിൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായ സാഹചര്യമാണ് ബ്രസീലിലും ഉണ്ടായിരിക്കുന്നതെന്ന് ബിബിസിയും അൽ ജസീറയുമെല്ലാം വിശേഷിപ്പിച്ചത് കണ്ടു. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാതെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുകൂലികൾ ക്യാപിറ്റോൾ ആക്രമിച്ചതിനെയാണ് പുവർ ഫെലോസ് കംപെയർ ചെയ്തിരിക്കുന്നത്. 

***  ***  ***

വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യുന്ന വാർത്താ ചാനലുകളുടെ രീതിയ്‌ക്കെതിരെ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം. അപകടങ്ങൾ, കുറ്റകൃത്യങ്ങൾ, മരണം തുടങ്ങിയവ റിപ്പോർട്ട് ചെയ്യുമ്പോൾ ചാനലുകൾ മിതത്വം പാലിക്കണമെന്ന നിർദ്ദേശവും മന്ത്രാലയം നൽകി. 
ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകട വാർത്ത ഉൾപ്പെടെയുള്ള വാർത്തകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ചാനലുകളുടെ റിപ്പോർട്ടുകൾ ഹൃദയഭേദകവും അപ്രിയകരവുമാണെന്ന് സർക്കാർ നിരീക്ഷിച്ചു. ചാനലുകൾ കേബിൾ ടിവി നെറ്റ് വർക്‌സ് റെഗുലേഷൻ അനുസരിച്ചുള്ള പ്രോഗ്രാം കോഡ് പാലിക്കണം. മാറ്റങ്ങൾ വരുത്താതെ മൃതദേഹങ്ങളുടെയും ചോരപ്പാടുകളോടുകൂടിയ വ്യക്തികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുക, പ്രായമായവരും കുട്ടികളും മർദ്ദിക്കപ്പെടുന്ന രംഗങ്ങൾ കാണിക്കുക, അവരുടെ നിലവിളിയും കരച്ചിലും സംപ്രേഷണം ചെയ്യുക തുടങ്ങിയവയെല്ലാം നിയമത്തിന് എതിരാണ്. സമൂഹ മാധ്യമങ്ങളിൽ നിന്ന് ദൃശ്യങ്ങളെടുത്ത് മാറ്റങ്ങൾ വരുത്താതെയും എഡിറ്റ് ചെയ്യാതെയും ഉപയോഗിക്കുകയാണെന്നും മന്ത്രാലയം വിമർശിച്ചു.
വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ആറു യൂട്യൂബ് ചാനലുകളെ കേന്ദ്രസർക്കാർ നിരോധിക്കുകയുണ്ടായി.  കോടിക്കണക്കിന്  കാഴ്ചക്കാരുള്ള ഈ ചാനലുകൾ പരസ്പര സഹകരണത്തോടെ വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗം കണ്ടെത്തി. ഇതേത്തുടർന്നാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഈ ചാനലുകളെ നിരോധിച്ചത്. 
സുപ്രീംകോടതി നടപടി ക്രമങ്ങൾ, തെരഞ്ഞെടുപ്പുകൾ, സർക്കാർ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചാണ് ഈ ചാനലുകൾ വ്യാജ വാർത്തകൾ നൽകിയത്. 
നേഷൻ ടിവി, സംവാദ് ടിവി. സരോകർ ഭാരത്, നേഷൻ 24, സ്വർണിം ഭാരത്, സംവാദ് സമാചാർ എന്നിവയാണ് നിരോധിച്ചത്. സംവാദ് ടിവിയും നേഷൻ ടിവിയും ഇൻസൈഡ് ഇന്ത്യ, ഇൻസൈഡ് ഭാരത് എന്നിങ്ങനെ പേര് മാറ്റിയിരുന്നു. എന്നാൽ ഇത് പിഐബിയുടെ ഫാക്ട് ചെക് വിഭാഗം കണ്ടെത്തി.  നേരത്തെ, പതിനാറ് യൂട്യൂബ് ചാനലുകളെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ദേശവിരുദ്ധ പ്രചാരണം നടത്തുന്നെന്ന് ആരോപിച്ചായിരന്നു അന്ന് ഇവയ്ക്ക് പൂട്ടിട്ടത്.

***  ***  ***

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേരുള്ള താരം അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.  താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.  തമിഴ് നടൻ അർജുൻ ദാസിന്റെ കൈപിടിച്ചുള്ള ചിത്രമാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. 
നിരവധി ആരാധകരാണ് ഈ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയത്. നിങ്ങൾ തമ്മിൾ പ്രണയത്തിലാണോയെന്നാണ് ഭൂരിഭാഗം ആരാധകരും ചോദിച്ചിരിക്കുന്നത്. പുതിയ സിനിമയുമായി ബന്ധപ്പെട്ടതാണോയെന്നും നിരവധി പേർ അന്വേഷിച്ചു. തമിഴിലെ പ്രമുഖ നടൻ ആണ് അർജുൻ ദാസ്. കൈതിയിലെ അൻപ് എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അർജുൻ ദാസിന്റെ ശബ്ദത്തിന് നിരവധി ആരാധകരാണ് ഉള്ളത്. വിജയ് നായകനായി അഭിനയിച്ച 'മാസ്റ്റർ' എന്ന സിനിമയിലും അർജുൻ ദാസ് അഭിനയിച്ചിട്ടുണ്ട്. ചൂടോടെ ഈ വാർത്ത ഇംഗ്ലീഷിലുള്ള ദേശീയ മാധ്യങ്ങളിൽ വരെ വന്നു. അപ്പോഴേക്കും 24 മണിക്കൂറിനകം ഇൻസ്റ്റ പോസ്റ്റിലൂടെ ഐശ്വര്യ അത് നിഷേധിക്കുകയും ചെയ്തു. അങ്ങനെയല്ലേ പറ്റൂ. വിവാഹം എന്ന ഇൻസ്റ്റിറ്റിയൂഷന് താൻ എതിരാണെന്ന് ഇതിന് മുമ്പ് പറഞ്ഞ താരമാണ്. വയസ്സാവുമ്പോൾ എന്തു ചെയ്യുമെന്ന ചോദ്യത്തിന് വരെ ഉത്തരമുണ്ടായിരുന്നു. അപ്പോൾ വൃദ്ധ സദനത്തിൽ അഭയം തേടുമെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. നയൻസിനെ പോലെ മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരുമോ എന്നാർക്കറിയാം? 
മറ്റൊരു യുവതാരം പറഞ്ഞത് കേട്ടില്ലേ.. സിനിമാ നടിമാരെ കല്യാണം കഴിക്കാൻ കൊള്ളില്ല എന്ന ചിന്താഗതിയാണ് പലർക്കുമെന്ന് യുവ നടി നയന എൽസ. നടിമാരുമായി സീരിയസ് റിലേഷനൊന്നും ശരിയാകില്ല, വേണമെങ്കിൽ വെറുതെ ഡേറ്റ് ചെയ്ത് നടക്കാൻ മാത്രം കൊള്ളാം എന്നെല്ലാമുള്ള ചിന്താഗതിയാണ് എന്നാണ് നയന പറയുന്നത്. സിനിമാ നടന്മാർക്ക് വലിയ വിലയാണ്. എല്ലാവരും ഫാനാണെന്ന് പറഞ്ഞും നടക്കും. പക്ഷെ സിനിമാ നടിമാർ എന്ന് പറയുമ്പോൾ ഒരു ബാഡ് ഇംപ്രഷനാണ്. അതൊക്കെ മാറണം. ഇത് 2023 അല്ലേ. അടുത്തിടെ തന്റെ ബ്രദറിന്റെ കല്യാണത്തിന് പോയപ്പോൾ തനിക്കൊരു വിവാഹ ആലോചന വന്നിരുന്നു. പക്ഷെ അവർ പറയുന്നത് സിനിമ ചെയ്യുന്നത് നിർത്താനാണ്. കാരണം ഇനിയും സിനിമയിൽ തുടർന്നാൽ നല്ല കുടുംബ ജീവിതം ഉണ്ടാകില്ല എന്നൊക്കെയാണ്. മോശം മേഖലയാണ് സിനിമ മേഖല എന്നെല്ലാമാണ് അവർ പറയുന്നത്. 2023 ആയിട്ടും നായികമാരുടെ കാര്യത്തിൽ ആളുകളുടെ ചിന്താഗതി മാറിയിട്ടില്ല എന്നാണ് ഒരു അഭിമുഖത്തിനിടെ നയന പറഞ്ഞത്. 

***  ***  ***

രാഷ്ട്രീയക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ശ്രീനിവാസൻ. രാഷ്ട്രീയത്തിലെ പെരും കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്നാണ് അദ്ദേഹം പറഞ്ഞത്. 
ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ. ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ലെന്നും മനസ്സിൽ വീർപ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങൾ ഒരു മൈക്ക്  കിട്ടിയപ്പോൾ പറയാൻ ആഗ്രഹം തോന്നി എന്നും പറഞ്ഞുകൊണ്ടാണ് താരം രാഷ്ട്രീയക്കാർക്കെതിരെ ആഞ്ഞടിച്ചത്. 
ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് 1500 വർഷങ്ങൾക്ക് മുൻപ് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡൽ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാൻ വേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുന്നതെന്നാണ്. ഈ കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്ക് ഉണ്ടാകണം അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്നം എന്ന് അന്നത്തെക്കാലത്ത് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് അയാൾ ആത്മഹത്യ ചെയ്യുമായിരുന്നു. കാരണം രാഷ്ട്രീയത്തിലെ പെരുംകള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യമെന്ന്് പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല, എല്ലാ രാഷ്ട്രീയപാർട്ടികളും കണക്കാണ്. തീരെ വയ്യാത്ത അവസ്ഥയിൽ പോലും ശ്രീനിവാസൻ ഇങ്ങനെ പ്രതികരിക്കണമെങ്കിൽ അനിഷ്ടകരമായ കാര്യങ്ങളോർത്ത് അദ്ദേഹം ഏറെ അസ്വസ്ഥനാവുന്നുണ്ടെന്ന് വേണം മനസ്സിലാക്കാൻ. 
***  ***  ***

യു.കെയിലെ സരിത ആവുകയാണോ ഹാരി രാജകുമാരൻ? രാജകുടുംബത്തിനെതിരെ വിവാദ വെളിപ്പെടുത്തലുകളടങ്ങിയ ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പ് 'സ്‌പെയർ' വിൽപ്പനയ്ക്കെത്തി മണിക്കൂറുകൾക്കകം ചൂടപ്പം പോലെയാണ്  വിറ്റുപോയത്.  നീണ്ട ക്യൂവായിരുന്നു പുസ്തകശാലകൾക്കു മുന്നിൽ. തിരക്ക് പരിഗണിച്ച്് യു.കെയിൽ ഉടനീളമുള്ള പുസ്തകശാലകൾ വെള്ളിയാഴ്ച അർദ്ധരാത്രിയും തുറന്നിരുന്നു. പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പിന്റെ 14 ലക്ഷം കോപ്പികൾ ആദ്യ ദിവസം വിറ്റെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. യു.കെ, യു.എസ്, കാനഡ എന്നിവിടങ്ങളിലെ വിൽപനയുടെ കണക്കാണിത്. 
പെൻഗ്വിൻ റാൻഡം ഹൗസ്  പ്രസിദ്ധീകരിച്ചതിൽ ആദ്യ ദിനം ഇത്രയധികം വില്പന നേടുന്ന നോൺ ഫിക്ഷൻ വിഭാഗത്തിലെ ആദ്യ പുസ്തകമാണ് സ്‌പെയർ. ചൊവ്വാഴ്ചയാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വിപണിയിലെത്തിയത്. ലോകമെമ്പാടുമായി 16 ഭാഷകളിലാണ് സ്‌പെയർ പ്രസിദ്ധീകരിക്കുന്നത്. യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളിൽ സ്‌പെയറിന്റെ ഡിജിറ്റൽ പതിപ്പും ഇറങ്ങി. 
ഹാരിയുടെ ശബ്ദത്തിലുള്ള പുസ്തകത്തിന്റെ ഓഡിയോ പതിപ്പ് പെൻഗ്വിൻ റാൻഡം ഹൗസ് ഓഡിയോ പുറത്തിറക്കി. യു.എസിൽ ആദ്യ ഘട്ടത്തിൽ സ്‌പെയറിന്റെ 20 ലക്ഷം കോപ്പികളാണ് അച്ചടിച്ചത്. ഡിമാൻഡ് കൂടിയതിനാൽ കൂടുതൽ കോപ്പികൾ ഇറക്കും. ചാൾസ് മൂന്നാമൻ രാജാവിന്റെയും ആദ്യ ഭാര്യ ഡയാനയുടെയും ഇളയ മകനായ ഹാരി താനും ഭാര്യ മേഗനും രാജകുടുംബത്തിൽനിന്ന് നേരിട്ട വിവേചനങ്ങൾ, സഹോദരൻ വില്യം രാജകുമാരനുമായുണ്ടായ തർക്കങ്ങൾ, അമ്മ ഡയാനയുടെ മരണം, ചാൾസിന്റെ രണ്ടാം ഭാര്യ കാമിലയുടെ വില്ലത്തി പരിവേഷം തുടങ്ങി നിരവധി സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ ഈ പുസ്തകത്തിലുണ്ട്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News