ലോകകപ്പ് കളിക്കാരുടേത് മാത്രമല്ല, കോച്ചുമാരുടേത് കൂടിയാണ്. 25 ലോകകപ്പ് മത്സരങ്ങളില്‍ ജര്‍മനിയുടെ കോച്ചായിരുന്ന ഹെല്‍മുട് ഷോണിന്റെ പേരിലാണ് കോച്ചിംഗ് റെക്കോര്‍ഡ്. 1978 വരെ നാലു ലോകകപ്പുകളില്‍ ഷോണ്‍ ജര്‍മനിയെ പരിശീലിപ്പിച്ചു. ഷോണിന്റെ പരിശീലനത്തില്‍ കളിച്ച 25 മത്സരങ്ങളില്‍ പതിനാറും ജര്‍മനി ജയിച്ചു. നാലെണ്ണം മാത്രമാണ് തോറ്റത്. 1966 ലെ ലോകകപ്പിന്റെ ഫൈനലിലും 1970 ലെ ലോകകപ്പിന്റെ സെമിയിലും എക്‌സ്ട്രാ ടൈമിലായിരുന്നു തോല്‍വി.
രണ്ട് തവണ ലോകകപ്പ് നേടിയ ഒരു കോച്ചേയുള്ളൂ, ഇറ്റലിയുടെ വിറ്റോറിയൊ പോസൊ -1934 ലും 1938 ലും. ഏറ്റവുമധികം ലോകകപ്പുകളില്‍ പരിശീലകനായത് ബ്രസീലുകാരന്‍ കാര്‍ലോസ് ആല്‍ബര്‍ടൊ പെരേരയാണ് -1982, 1990, 1994, 1998, 2006, 2010 ലോകകപ്പുകളില്‍. പെരേരയും യൂഗോസ്ലാവ്യക്കാരന്‍ ബോറ മിലൂടിനോവിച്ചും അഞ്ച് വ്യത്യസ്ത ടീമുകളുമായി ലോകകപ്പിനെത്തി. മെക്‌സിക്കൊ (1986), കോസ്റ്ററീക്ക (1990), അമേരിക്ക (1994), നൈജീരിയ (1994), ചൈന (2002) ടീമുകളെയാണ് മിലൂടിനോവിച് പരിശീലിപ്പിച്ചത്. ഇതില്‍ ചൈനയൊഴികെ ടീമുകള്‍ ഗ്രൂപ്പ് ഘട്ടം പിന്നിട്ടു. കുവൈത്ത് (1982), യു.എ.ഇ (1990), ബ്രസീല്‍ (1994, 2006), സൗദി അറേബ്യ (1998), ദക്ഷിണാഫ്രിക്ക (2010) ടീമുകളുടെ പരിശീലകനായിരുന്നു പെരേര.
ഹെല്‍മുട് ഷോണിനു പുറമെ ഇംഗ്ലണ്ടിന്റെ വാള്‍ടര്‍ വിന്റര്‍ബോട്ടമും ജര്‍മനിയുടെ സെപ് ഹെര്‍ബര്‍ഗറും നാല് ലോകകപ്പുകളില്‍ ഒരു ടീമിന്റെ പരിശീലകന്മാരായി. തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോര്‍ഡ് ബ്രസീലുകാരന്‍ ലൂയിസ് ഫെലിപ്പെ സ്‌കൊളാരിക്ക്. 2002 ല്‍ ബ്രസീലിനെ തുടര്‍ച്ചയായ ഏഴ് ജയങ്ങളിലൂടെ ചാമ്പ്യന്മാരാക്കിയ സ്‌കൊളാരി 2006 ല്‍ പോര്‍ചുഗലിനൊപ്പം നാലു മത്സരങ്ങള്‍ ജയിച്ചു.
ബ്രസീലുകാരന്‍ മാരിയൊ സഗാലൊ മൂന്നു ലോകകപ്പ് വിജയങ്ങളില്‍ പങ്കുവഹിച്ചു, 1958 ലും 1962 ലും കളിക്കാരനെന്ന നിലയിലും 1970 ല്‍ കോച്ചായും. 1974, 1998 ലോകകപ്പുകളിലും സഗാലൊ ബ്രസീല്‍ കോച്ചായിരുന്നു. ഫ്രാന്‍സ് ബെക്കന്‍ബവര്‍ (ജര്‍മനി), ബെര്‍ടി വോട്‌സ് (ജര്‍മനി) എന്നിവരും കളിക്കാരന്‍, കോച്ച് എന്നീ നിലകളില്‍ അഞ്ച് ലോകകപ്പ് കളിച്ചു. കളിക്കാരനായി ലോകകപ്പില്‍ പങ്കെടുത്ത ശേഷം കോച്ചായി തിരിച്ചുവന്ന ആദ്യത്തെയാള്‍ യൂഗോസ്ലാവ്യയുടെ മിലോറാഡ് ആര്‍സനിയേവിച്ചാണ്. 1930 ലെ ലോകകപ്പില് കളിച്ച ആര്‍സനിയേവിച് 1950 ലാണ് സ്വന്തം ടീമിന്റെ പരിശീലകനായി ലോകകപ്പില്‍ പങ്കെടുത്തത്.