Sorry, you need to enable JavaScript to visit this website.

മന്ദാരപ്പൂവിന്റെ ആവണിച്ചന്തം; കോഴിക്കോട്ടുകാരി ആവണിയുടെ പാട്ടുവിശേഷങ്ങൾ

മന്ദാരപ്പൂവേ... മന്ദാരപ്പൂവേ..
കണ്ണാടികൈവര നോക്കിയതാരോ...
വെള്ളാരം കാവിൽ നിന്നോമൽ കാര്യം
കിന്നാരംപോലെ നീ ചൊല്ലിയതാരോ...

അന്ധവിശ്വാസത്തിൽ മുങ്ങിക്കുളിച്ച കാഞ്ഞിരങ്ങാട് തറവാടിന്റെയും ചുറ്റുമുള്ള ഗ്രാമത്തിന്റെയും കഥ ഫാന്റസിയുടെയും ഭയാനകതയുടെയും പശ്ചാത്തലത്തിൽ നിർമ്മൽ സഹദേവ് വെള്ളിത്തിരയിലെത്തിച്ചപ്പോൾ മനോഹരമായ ഒരു ഗാനംകൂടി അതിൽ ഉൾച്ചേർത്തിരുന്നു. നായികയായ ഐശ്വര്യലക്ഷ്മിയുടെ നൃത്തചുവടുകളോടെ ഈ ഗാനം പ്രേക്ഷകരിലെത്തിയപ്പോൾ ഏവരും ഇരുകൈയും നീട്ടിയാണ് ആ ഗാനം സ്വീകരിച്ചത്. എന്നാൽ ആ ഗാനം പാടിയത് കോഴിക്കോട്ടുകാരിയാണെന്ന് എത്രപേർക്കറിയാം.
കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ് ആവണി മൽഹാർ. കുട്ടിക്കാലംതൊട്ടേ പാട്ടിന്റെ ലോകത്ത് വിഹരിക്കുന്ന ഈ ഗായികയ്ക്കു ഒരു ടേണിംഗ് പോയന്റായിരുന്നു മന്ദാരപ്പൂവേ എന്ന ഗാനം. അൻപതു ലക്ഷത്തോളം പേർ യൂട്യൂബിൽ ഈ പാട്ട് കേട്ടപ്പോൾ ചിലർ ഇൻസ്റ്റഗ്രാമിൽ റീലാക്കിയാണ് പങ്കുവച്ചത്. വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ എന്ന് ശ്രോതാക്കൾ വിശേഷിപ്പിച്ച ഈ ഗാനം പാടിയതോടെ പിന്നണി ഗാനരംഗത്ത് ഒരു കോഴിക്കോട്ടുകാരി കൂടി നിലയുറപ്പിക്കുകയാണ്. 
ശ്വേതാ മോഹന്റെയും ശ്രേയാ ഘോഷാലിന്റെയും പാട്ടുകൾ ഇഷ്ടപ്പെടുന്ന ആവണിക്ക് മെലഡി ഗാനങ്ങളോടാണ് ഏറെ പ്രിയം. പാട്ടിൽ കൂടുതൽ അവസരങ്ങൾക്കായി കൊച്ചിയിലേയ്ക്കു ചുവടുമാറ്റിയ ആവണി കലൂർ പീടികക്കൽ റോഡിനടുത്തുള്ള അപ്പാർട്ടുമെന്റിലാണ് തന്റെ പാട്ടുവിശേഷങ്ങൾ പങ്കുവച്ചത്.

ആലാപനരംഗത്തേയ്ക്കുള്ള കടന്നുവരവ്?
അഞ്ചുവയസ്സു മുതൽ സംഗീതം അഭ്യസിച്ചുതുടങ്ങിയിരുന്നു. ആറ്റുവാശേരി മോഹനൻ പിള്ള സാറായിരുന്നു ആദ്യ ഗുരു. കർണ്ണാടിക് സംഗീതം അഭ്യസിപ്പിച്ചതാകട്ടെ ഗീതാദേവി വാസുദേവനും. എറണാകുളത്തെത്തിയപ്പോൾ ഹിന്ദുസ്ഥാനിയും പരിശീലിക്കുന്നുണ്ട്. അബ്രദിത ബാനർജിയാണ് ഗുരു. നഴ്‌സറി മുതൽ പത്താം ക്ലാസുവരെ കലോത്സവവേദികളിൽ നിറഞ്ഞുനിന്നിരുന്നു. പാട്ടിൽ മാത്രമല്ല, നൃത്തരംഗത്തും മികവു തെളിയിച്ചിട്ടുണ്ട്. കുച്ചുപ്പുഡി, മോണോ ആക്ട്, ചിത്രരചന തുടങ്ങിയവയിലെല്ലാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ആദ്യമായി പാടിയത്?
ലാൽജോസ് സാർ സംവിധാനം ചെയ്ത ചാക്കോച്ചൻ നായകനായ തട്ടുംപുറത്ത് അച്യുതൻ എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്. മഞ്ജരിക്കും സുദീപ് കുമാറിനുമൊപ്പമായിരുന്നു ആ ഗാനം ആലപിച്ചത്. ഒരു തിരുവാതിരപ്പാട്ടായിരുന്നു അത്. ട്രാക്ക് പാടാനാണ് പോയതെങ്കിലും പിന്നീട് ആ ഗാനം സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു. സിനിമ പുറത്തിറങ്ങിയ ശേഷമായിരുന്നു തന്റെ ശബ്ദത്തിലുള്ള മംഗളകാരക... എന്നു തുടങ്ങുന്ന ആ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയ വിവരം അറിയുന്നത്. കൈതപ്രത്തിന്റെ മകൻ ദീപാങ്കുരനായിരുന്നു ആ പാട്ടിന്റെ സംഗീത സംവിധായകൻ. അവസരമൊരുങ്ങിയതിനു പിന്നിലും ഒരു കഥയുണ്ട്. സംഗീത സംവിധായകൻ അഫ്‌സൽ യൂസഫിന്റെ ഈണം കേൾപ്പിച്ച് വരികളെഴുതിക്കാനാണ് കൈതപ്രം സാറിന്റെ വീട്ടിലെത്തിയത്. ശബ്ദം കേട്ട് ഇഷ്ടമായ കൈതപ്രം മകന് ഡെമോ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഡെമോ കേട്ട ദീപാങ്കുരൻ ട്രാക്ക് പാടാൻ ക്ഷണിച്ചു. ട്രാക്ക് പാടി തിരിച്ചുപോന്നെങ്കിലും ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയത് ഞാനറിഞ്ഞിരുന്നില്ല. സിനിമയിറങ്ങിയപ്പോഴാണ് താൻ പാടിയ ട്രാക്ക് തന്നെ സിനിമയിലുണ്ടെന്നറിയുന്നത്. ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

മറ്റു ഗാനങ്ങൾ?
നിഖിൽ വാഹിദ് സംവിധാനം ചെയ്ത എന്നോടു പറ ഐ ലവ് യൂ എന്ന ചിത്രത്തിലെ ഏതു ഗാനം... എന്നൊരു സോളോ പാടിയിട്ടുണ്ട്. മുഹമ്മദ് മുസ്തഫയുടെ കപ്പേളയിൽ ദൂരം തീരും നേരം..., ഗൾഫിൽ ചിത്രീകരിച്ച ദേരാ ഡയറീസ് എന്ന ചിത്രത്തിൽ ഷിബു സുകുമാരൻ ഈണം നൽകിയ മിന്നണിഞ്ഞ രാവേ..., സാന്റാക്രൂസ് എന്ന ചിത്രത്തിലെ പാടുന്നൊരീ... എന്നീ ഗാനങ്ങളും പാടി. ഡിജോ ജോസ് ആന്റണിയുടെ പൃഥ്വിരാജ് ചിത്രമായ ജനഗണമനയിൽ നിലാമഴയുടെ മൊഴി നിറയേ... ഇതാ.... എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജെയ്ക് ബിജോയിയായിരുന്നു ജനഗണമനയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. മലയാളത്തിനു പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ബംഗാളിയിലുമെല്ലാം പാടിയിട്ടുണ്ട്. ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലായിരുന്നു ബംഗാളി ഗാനം ആലപിച്ചത്. കാണാപാഠം പഠിച്ചാണ് ഈ ഗാനം പാടിയത്. ഗോവിന്ദ് വസന്തയായിരുന്നു സംഗീത സംവിധായകൻ. കന്നഡയിൽ മാഡി ഏലിയാസ് മച്ചാ എന്ന ചിത്രത്തിലെ യാരതു യാരതു എന്ന ഗാനം ആലപിച്ചു. നിഷാദിന്റെ ഡ്യുയറ്റായാണ് ഈ ചിത്രത്തിൽ പാടിയത്.

പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ?
തമിഴിൽ രണ്ടു ചിത്രങ്ങളിലെ പാട്ടുകൾ പുറത്തിറങ്ങാനുണ്ട്.  ദീപാങ്കുരൻ സംഗീത സംവിധാനം നിർവ്വഹിച്ച ആമുഖം, ഭാരതി മോഹൻ സംവിധാനം ചെയ്ത നൈറാ.. എന്നിവയാണവ. വിജയ് യേശുദാസ് അഭിനയിക്കുന്ന സാൽമൺ എന്ന ത്രീഡി തെലുങ്കു ചിത്രത്തിൽ രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്. ശലീൻ കല്ലൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത് ശ്രീജിത് എടവണ്ണയാണ്.

കവർ സോംഗുകൾ?
പ്രശസ്ത ഗാനങ്ങളുടെ കവർ സോംഗുകളിലൂടെയാണ് ആലാപന രംഗത്ത് തിരിച്ചറിഞ്ഞുതുടങ്ങിയത്. തീവണ്ടിയിലെ ജീവാംശമായ് എന്ന ഗാനത്തിന് കവർ വേർഷൻ പാടിയത് ടോവിനോ പങ്കുവച്ചപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ ഞാനും നീയും, രാവിൻ നിലായ്ക്കൽ, ഉദയാ ഉദയാ.. തുടങ്ങിയ ഗാനങ്ങളുടെയും കവർ വേർഷൻ ആലപിച്ചു. കൂടാതെ പടച്ചോന്റെ കഥകൾ എന്ന ആന്തോളജിയിൽ സന്ദീപിന്റെ സംഗീതത്തിൽ കതിരോനോടൊപ്പം എന്ന ഗാനം ആലപിച്ചു. അവാർഡ് ചിത്രമായ എഴുത്തോലയിലും പാടിയിട്ടുണ്ട്. പ്രശാന്തായിരുന്നു സംഗീതം.

കുടുംബ പശ്ചാത്തലം?
അഛൻ സത്യൻ തിരുവനന്തപുരം വിമൻസ് കോളേജിൽ പ്രൊഫസറായിരുന്നു. ഇപ്പോൾ ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ. അമ്മ രജിത യൂനിവേഴ്‌സിറ്റിക്കടുത്ത ക്രസന്റ് സ്‌കൂൾ അധ്യാപികയായിരുന്നു. ഇപ്പോൾ അവധിയെടുത്ത് എന്നോടൊപ്പമുണ്ട്. പാട്ടിൽ എല്ലാ സപ്പോർട്ടും നൽകുന്നത് അമ്മയാണ്.

വിദ്യാഭ്യാസം?
കോഴിക്കോട് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽനിന്നും കെമിക്കൽ എൻജിനീയറിംഗിൽ ബി.ടെക് ബിരുദം നേടി. തുടർന്ന് അതേ വിഷയത്തിൽ എം.ടെക്കും നേടി. പാട്ടിന്റെ ലോകത്ത് വിഹരിക്കാനാണ് ഇഷ്ടമെങ്കിലും സ്വന്തമായി ഒരു തൊഴിൽ വേണമെന്ന സ്വപ്‌നവുമുണ്ട്. അടുത്ത ദിവസം കുസാറ്റിൽ ഗസ്റ്റ് ലക്ചററായി ജോലിയിൽ പ്രവേശിക്കാനൊരുങ്ങുകയാണ്. ജോലിയും പാട്ടും ഒന്നിച്ചുകൊണ്ടുപോവുകയാണ് ലക്ഷ്യം. ഇനിയും കുറേ ചിത്രത്തിൽ പാടണമെന്ന മോഹമുണ്ട്.

അംഗീകാരങ്ങൾ?
ഫ്ലവേഴ്‌സ് ടി.വിയുടെ സ്റ്റാർ ഓഫ് ടുമാറോ കാറ്റഗറിയിൽ മികച്ച ഗായികയ്ക്കുള്ള രാമു കാര്യാട്ട് പുരസ്‌കാരം ലഭിച്ചിരുന്നു. രാവിൻ നിലാക്കയൽ എന്ന കവർ സോംഗിനായിരുന്നു അംഗീകാരം. കൂടാതെ ഒ.ബി.എം ലോഹിതദാസ് ഇന്റർനാഷണൽ അവാർഡിന് രണ്ടുതവണ അർഹയായിട്ടുണ്ട്. 2020 ലെ നാലാമത് അവാർഡ് മനം എന്ന മ്യൂസിക് വീഡിയോയിലെ പാട്ടിനായിരുന്നെങ്കിൽ 2021ൽ നീഹാരം എന്ന മ്യൂസിക് വീഡിയോയിലെ ഗാനത്തിനായിരുന്നു. അൽഫോൻസിനൊപ്പമായിരുന്നു ഇതിലെ ഗാനങ്ങൾ ആലപിച്ചത്. മനത്തിലെ പാട്ടിന് സത്യജിത് റേ അവാർഡും ലഭിച്ചിരുന്നു. കുമാരിയിലെ മന്ദാരപ്പൂവേ എന്ന ഗാനത്തിന് പ്രേംനസീർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Latest News