തോട്ടത്തിലെ അടിക്കാട് കത്തിക്കുന്നതിനിടെ വയോധികന്‍ തീയിലകപ്പെട്ട് മരിച്ചു

മാനന്തവാടി- വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാന്‍ പോയ വയോധികന്‍ തീയിലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുല്‍പ്പറമ്പില്‍ തോമസ് (77)ആണ് മരിച്ചത്.

തേട്ടത്തിലെ കാട് കത്തിക്കാന്‍ പോകുന്നെന്ന് മകളെ അറിയിച്ച ശേഷമാണ് തോമസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തോട്ടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. മാനന്തവാടി ഫയര്‍‌സ്റ്റേഷനിലെ സംഘം തീയണക്കുമ്പോഴാണ് തീയില്‍ ആള്‍ അകപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്. ഭാഗികമായി പൊള്ളലേറ്റ തോമസിനെ ഉടന്‍ തന്നെ ഫയര്‍ സ്റ്റേഷന്റെ വാഹനത്തില്‍ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശിപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി എസ്. ഐ കെ. കെ. തോമസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Latest News