ന്യൂദൽഹി - എ.ടി.എമ്മിലേക്ക് പണവുമായി പോയ വാനിലെ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് എട്ടുലക്ഷം രൂപ കവർന്നു. വാനിൽ കാവലുണ്ടായിരുന്ന ജയ് സിങ് (55) ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഗാർഡിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നോർത്ത് ദൽഹിയിലെ വാസിറാബാദ് ജഗത്പുർ മേൽപാലത്തിനു സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതിനായി വാൻ നിർത്തിയിട്ട സമയത്തായിരുന്നു ആക്രമണം. വാനിന്റെ പിന്നിലൂടെ എത്തിയ അക്രമി ജയ് സിങ്ങിനു നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം പണവും മോഷ്ടിച്ച് അക്രമി കടന്നുകളയുകയായിരുന്നുവെന്ന് ഡപ്യൂട്ടി കമ്മിഷണർ സാഗർ സിങ് കൽസി വിശദീകരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.






