Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചു രാജ്യം, വലിയ പ്രതീക്ഷ

റഷ്യൻ കളിക്കാർ ഓസ്ട്രിയയിൽ പരിശീലനത്തിൽ.

ഗ്രൂപ്പ് ഇ: കോസ്റ്ററീക്ക

കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയ കോസ്റ്ററീക്കക്ക് ആ ഉന്നത നിലവാരം നിലനിർത്തേണ്ട വലിയ ഉത്തരവാദിത്തമാണ്. വെറും അരക്കോടി മാത്രം ജനസംഖ്യയുള്ള ഈ മധ്യഅമേരിക്കൻ രാജ്യം ബ്രസീലിലെ ലോകകപ്പിൽ കാഴ്ചവെച്ചത് അവിശ്വസനീയമായ കുതിപ്പായിരുന്നു. ഇംഗ്ലണ്ടും ഇറ്റലിയും ഉറുഗ്വായുമുൾപ്പെട്ട ഗ്രൂപ്പിൽ ആദ്യം പുറത്തു പോവുമെന്ന് പ്രവചിക്കപ്പെട്ട അവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ക്വാർട്ടറിൽ നെതർലാന്റ്‌സിനെതിരെ ഷൂട്ടൗട്ടിലാണ് അവരുടെ കുതിപ്പിന് അവസാനമായത്. അഞ്ചാം തവണ ലോകകപ്പിനെത്തിയ അവർക്ക് ഇത്തവണ നേരിടേണ്ടത് ഉജ്വല ഫോമിലുള്ള ബ്രസീലിനെയാണ്. 


കോച്ച് 
യോഗ്യതാ റൗണ്ട് സുഗമമായിരുന്നില്ല. അണ്ടർ23 മത്സരത്തിലെ കശപിശയുടെ പേരിൽ കോച്ച് പൗളൊ വാഞ്ചോപ് രാജി വെച്ചു. മുൻ ദേശീയ മിഡ്ഫീൽഡർ ഓസ്‌കർ റാമിറേസ് ചുമതലയേറ്റു. 2014 ലെ ലോകകപ്പിൽ കളിച്ച ടീമിനെ തന്നെ നിലനിർത്താനാണ് ഓസ്‌കർ ശ്രമിച്ചത്. അവരിൽ ചിലർക്ക് യൂറോപ്യൻ ക്ലബ്ബുകളിൽ റിസർവ് ബെഞ്ചിലാണ് സ്ഥാനമെന്നതൊന്നും കോച്ച് കണക്കിലെടുത്തില്ല. പുതിയ കളിക്കാരെ ഈ പരിചയസമ്പന്നരുമായി കൂട്ടിയിണക്കുന്നതാണ് കോച്ചിന്റെ പ്രധാന വെല്ലുവിളി, പ്രത്യേകിച്ചും മുന്നേറ്റ നിരയിൽ. 


ഗോൾകീപ്പർമാർ
കെയ്‌ലോർ നവാസാണ് കോസ്റ്ററീക്കയുടെ ഏറ്റവും പ്രശസ്തനായ കളിക്കാരൻ. അതിനൊത്ത നേതൃഗുണമുണ്ട്. കഴിഞ്ഞ ലോകകപ്പിലെ ഉജ്വല പ്രകടനമാണ് നവാസിന് റയൽ മഡ്രീഡിലേക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രണ്ടു തവണ ചാമ്പ്യൻസ് ലീഗ് നേടി. മൂന്നാം കിരീടത്തിന് ഒരു ജയമരികിലാണ്.


ഡിഫന്റർമാർ
ഇറ്റാലിയൻ ലീഗിൽ ബൊളോനക്ക് കളിക്കുന്ന ജിയാൻകാർലൊ ഗോൺസാലസും ഇംഗ്ലണ്ടിൽ സതർലന്റിന്റെ ബ്രയാൻ ഒവീഡോയുമാണ് പിൻനിരയിൽ സ്ഥാനമുറച്ചവർ. ആറടി നാലിഞ്ച് ഉയരമുള്ള കെൻഡാൽ വാട്‌സനാണ് ഹോണ്ടൂറാസിനെതിരായ നിർണായക യോഗ്യതാ മത്സരത്തിൽ അവസാന വേളയിൽ സമനില ഗോളടിച്ച് കോസ്റ്ററീക്കയുടെ ബെർത്തുറപ്പിച്ചത്. 
വെറ്ററൻ ഓസ്‌കർ ദുവാർതെ, വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാനാവുന്ന ഫ്രാൻസിസ്‌കൊ കാൽവൊ എന്നിവരും പരിഗണിക്കപ്പെടും.


മിഡ്ഫീൽഡർമാർ
ക്യാപ്റ്റൻ ബ്രയാൻ റൂയിസിനാണ് ആക്രമണത്തിന്റെ ചുമതല. സ്‌പോർടിംഗ് ലിസ്ബൺ താരത്തിന് സെക്കന്റ് സ്‌ട്രൈക്കറായും കളിക്കാം. നാലു വർഷം മുമ്പ് ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റത്തിൽ റൂയിസിന്റെ പങ്ക് പ്രധാനമായിരുന്നു. ഡിപോർടിവൊ ലാ കൊറൂണ്യയുടെ സെൽസൊ ഗംബോവയായിരിക്കും ഡിഫൻസിവ് മിഡ്ഫീൽഡർ. കോസ്റ്ററീക്കയിൽ കളിക്കുന്ന ക്രിസ്റ്റിയൻ ബൊലാനോസ് പരിക്കുമായി വലയുകയാണ്. 


ഫോർവേഡുകൾ
ആഴ്‌സനലിൽ നിന്ന് റയൽ ബെറ്റിസിലേക്ക് തൽക്കാലം ചേക്കേറിയ ജോയൽ കാംബെലാണ് പ്രധാന സ്‌ട്രൈക്കർ. അമേരിക്കക്കെതിരായ യോഗ്യതാ മത്സരത്തിൽ രണ്ടു ഗോളടിച്ചിരുന്നു. കോസ്റ്ററീക്ക ലീഗിൽ കളിക്കുന്ന ഡേവിഡ് റാമിറേസും ആരിയർ റോഡ്രിഗസുമാണ് മറ്റു സാധ്യതകൾ.


മത്സരങ്ങൾ
ബ്രസീലിനെതിരായ മത്സരം ജൂൺ 22 നാണ്. ടീമിന്റെ താവളമായ സെയ്ന്റ്പീറ്റേഴ്‌സ്ബർഗിൽ. ജൂൺ 17 ന് സെർബിയക്കെതിരെയാണ് തുടക്കം. 27 ന് സ്വിറ്റ്‌സർലന്റിനെ അവസാന മത്സരത്തിൽ നേരിടും. 

 


 

Latest News