Sorry, you need to enable JavaScript to visit this website.

നിലമ്പൂരില്‍ മരണക്കിണറിലെ അപകടം; പരിക്ക് ഗുരുതരമല്ലെന്ന് സംഘാടകര്‍

നിലമ്പൂര്‍-നിലമ്പൂര്‍ പാട്ടുത്സവ നഗറിലുള്ള കാര്‍ണിവലിന്റെ ഭാഗമായ മരണക്കിണറില്‍ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബൈക്ക് റൈഡറുടെ നില ഗുരുതരമല്ലെന്നു സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു. മുംബൈ സ്വദേശി ശബാബ് അബ്ദുള്‍ റസാക്കി(22) നാണ്  മരണക്കിണറിലെ പ്രകടനത്തിനിടെ ബൈക്കില്‍ നിന്നു വീണു പരിക്കേറ്റത്.  ശബാബിനെ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.  കൂടുതല്‍ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിനായി കോഴിക്കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
മരണക്കിണറിലെ പ്രകടനത്തിന്റെ ഭാഗമായി കിണറിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ ബൈക്കിന്റെ ചെയിന്‍ സ്ലിപ്പായതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്നു ഭാരവാഹികള്‍ പറഞ്ഞു. മരണക്കിണറിന്റെ മുകളില്‍ നിന്നു തെന്നി വീണതിനെ തുടര്‍ന്ന് മൂക്കിനു മുറിവ് പറ്റിയിട്ടുണ്ട്. ഇതു വലിയ തോതില്‍ രക്തസ്രാവത്തിനു കാരണമായിരുന്നു. ദേഹത്തും മുറിവുകളുണ്ട്. ശനിയാഴ്ചയാണ് നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ ഭാഗമായി കാര്‍ണിവല്‍ നിലമ്പൂര്‍ കോടതി പടിക്കല്‍ തുടങ്ങിയത്. അവധി ദിവസമായതിനാല്‍ വന്‍ ജനത്തിരക്കാണുണ്ടായിരുന്നത്. പെട്ടെന്നുള്ള അപകടം കാണികളെയും ഞെട്ടിച്ചു. അതേസമയം ജീവന്‍ പണയം വച്ചുള്ള മരണക്കിണറിലെ റൈഡില്‍ ഏതു സമയത്തും അപകടം സംഭവിക്കാമെങ്കിലും അപകടമുണ്ടായാല്‍ ആവശ്യമായ ചികിത്സാ സഹായങ്ങള്‍ ഉറപ്പു വരുത്താതെയാണ് സംഘാടകര്‍ കാര്‍ണിവല്‍ നടത്തുന്നതെന്നു ആക്ഷേപമുണ്ട്. എന്നാല്‍ നഗരസഭ നിഷ്‌കര്‍ഷിക്കുന്ന പിടിആര്‍ ലൈസന്‍സിന് വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡ്, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, അഗ്നിരക്ഷാ സേനയുടെ നിയമങ്ങള്‍ എന്നിവ പാലിച്ചാണ് പിടിആര്‍ ലൈസന്‍സ് നഗരസഭ നല്‍കുന്നത്. കൂടാതെ റൈഡുകളെല്ലാം ഇന്‍ഷ്വൂര്‍ ചെയ്തതായും കാണികള്‍ക്കും ഇന്‍ഷ്വൂര്‍ ഉള്ളതായും സംഘാടകര്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News