Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ്

ന്യൂദൽഹി - മോസ്‌കോയിൽനിന്ന് ഗോവയിലേക്ക് പുറപ്പെട്ട അസൂർ എയർ  അന്താരാഷ്ട്ര വിമാനത്തിന് ബോംബ് ഭീഷണി. ഇതേതുടർന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാം നഗർ വിമാനത്താവളത്തിൽ ഇറക്കി. വിമാനം നിലവിൽ ഐസൊലേഷൻ ബേയിലാണെന്ന് ജാം നഗർ എയർപോർട്ട് അധികൃതർ പറഞ്ഞു.
 വിമാനത്തിൽ 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉള്ളത്. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇവരെയെല്ലാം വിമാനത്തിൽനിന്നും പുറത്തിറക്കി ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് പരിശോധിച്ചുവരികയാണ്. നാഷണൽ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെയുള്ള ഉന്നതതല സംഘവും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. 
 വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ഗോവ എയർ ട്രാഫിക് കൺട്രോളിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വിമാനം ഗുജറാത്തിലെ ജാം നഗറിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോളറും പോലീസും ജാം നഗർ ജില്ലാ കലക്ടറും അറിയിച്ചു. വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എയർപോർട്ടിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും വിശദമായ പരിശോധനകളും അന്വേഷണവും നടന്നുവരികയാണെന്നും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് അശോക് കുമാർ യാദവ് വ്യക്തമാക്കി.

Latest News