Sorry, you need to enable JavaScript to visit this website.

സംഘടിത ശക്തിക്കു മുന്നിൽ സർക്കാർ മുട്ടുകുത്തരുത്

കേരളത്തിലെ ഖജനാവിനെ കാലിയാക്കിയ, പതിറ്റാണ്ടുകളായി തുടരുന്ന ഒരു അന്യായം കൂടി ആവർത്തിക്കട്ടെ. മാനേജ്‌മെന്റുകൾ വൻതോതിൽ പണം വാങ്ങി നിയമിക്കുന്ന എയ്ഡഡ് അധ്യാപകർക്ക് സർക്കാർ വേതനം നൽകുന്നതിനെ കുറിച്ചാണത്. ഒരു കാലത്തറ അധ്യാപകരുടെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നിയമത്തിന്റെ ചരിത്രത്തിലേക്കൊന്നും ഇവിടെ കടക്കുന്നില്ല. എന്നാലിപ്പോഴും അതങ്ങനെ തന്നെ തുടരുന്നത് അനീതിയാണ്. 

 

കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ എന്ന വാർത്ത കണ്ടപ്പോൾ കൗതുകം കൊണ്ടു ശ്രദ്ധിച്ചു. എന്തു വിഷയത്തിലാണ് പ്രതിഷേധം എന്നറിയണമല്ലോ. വിഷയം മറ്റൊന്നുമല്ല. കടമെടുക്കുന്നതിൽ നിയന്ത്രണം വേണമെന്ന കേന്ദ്ര നിലപാടിലാണ് പ്രതിഷേധം. അല്ലാതെ കേരളത്തിന്റെ വികസനത്തിനു വേണ്ടിയുള്ള എന്തെങ്കിലും പദ്ധതിക്ക് പാരവെക്കുന്നതിനല്ല.

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം എന്നതു തന്നെയാണ് ഈ പ്രതിഷേധത്തിലൂടെ സർക്കാർ ഒരിക്കൽ കൂടി സമ്മതിക്കുന്നത്. അതിനുള്ള ദീർഘകാല പരിഹാര പദ്ധതിയെ കുറിച്ച് യാതൊരു അവബോധവും സർക്കാരിനില്ലതാനും. മറിച്ച്, ഒരു സമൂഹത്തിനു ഒരിക്കലും അഭിമാനകരമാണെന്നു പറയാനാകാത്ത വിധം ഭാഗ്യക്കുറിയിൽ വമ്പൻ ബംബറുകൾ പ്രഖ്യാപിച്ച്, ജനങ്ങളെ വ്യാമോഹിപ്പിച്ച് പണമുണ്ടാക്കുക, പ്രതിഷേധമുണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാൽ മദ്യത്തിന്റെ വില നിരന്തരമായി വർധിപ്പിക്കുക തുടങ്ങിയവയാണ് സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള സർക്കാർ പദ്ധതികൾ. മറുവശത്ത് വൻതോതിൽ നടക്കുന്ന ധൂർത്തുകൾ അവസാനിപ്പിക്കാനുള്ള ഒരു പദ്ധതിയും ഏറ്റെടുക്കാനുള്ള ആർജവം സർക്കാരിനില്ല. കാരണം അതിനു തയാറായാൽ പ്രതിഷേധവുമായി രംഗത്തു വരിക സംഘടിത ശക്തികളും വോട്ടുബാങ്കുകളും ആകുമെന്നതു തന്നെ.

ഒരു വശത്ത് ഈ പ്രശ്‌നങ്ങളെല്ലാം നിൽക്കുമ്പോഴാണ് മറുവശത്ത് വൻതോതിലുള്ള ധൂർത്തുകൾ അരങ്ങേറുന്നത്. അത് ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിലും തൊഴുത്തിലും ചികിത്സക്കായി ഒന്നാം നമ്പർ കേരളത്തിൽ നിന്നുള്ള വിദേക യാത്രയിലും മനുഷ്യാവകാശ - ബാല - വനിത കമ്മീഷനുകളിൽ നിന്നു വ്യത്യസ്തമായി എടുത്തുപറയത്തക്ക ഒന്നും ചെയ്യാതെ യുവജന കമ്മീഷനായുള്ള ചെലവിലോ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണത്തിലോ വേതനത്തിലോ പെൻഷനിലോ ഒതുങ്ങുന്നില്ല. അത്തരം വിഷയങ്ങളായിരിക്കും ആദ്യം ഉന്നയിക്കപ്പെടുക എന്നത് സ്വാഭാവികം. എന്നാൽ അത്തരം വിഷയങ്ങളിലൊന്നും ഒതുങ്ങുന്നതല്ല നമ്മൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും മറുവശത്ത് നടക്കുന്ന വൻതോതിലുള്ള ധൂർത്തും എന്നതാണ് വസ്തുത. ഒറ്റ ഉദാഹരണം പറയാം. കോവിഡ് കാലത്ത് വേതനം കൂട്ടിക്കൊടുത്ത ഒരു സർക്കാരും ലോകത്തുണ്ടാകില്ല. എന്നാൽ കേരള സർക്കാർ അതു ചെയ്തു. സർക്കാർ ജീവനക്കാരുടെ വേതനവും പെൻഷനും കൂട്ടി. ജനസംഖ്യയിലെ മഹാഭൂരിപക്ഷവും കടുത്ത സാമ്പത്തിക പ്രസന്ധി നേരിട്ട, ഇപ്പോഴും അവക്ക് പരിഹാരമില്ലാതെ കൂട്ട ആത്മഹത്യകൾ നടക്കുന്ന നാട്ടിലാണ് ജീവനക്കാർ പോലും പ്രതീക്ഷിക്കാതിരുന്ന ഈ സംഭവം നടന്നത്. കാരണം എന്താണെന്നു മുകളിൽ സൂചിപ്പിച്ചല്ലോ.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സംസ്ഥാനത്തെ വളരെ ന്യൂനപക്ഷം വരുന്ന സർക്കാർ ജീവനക്കാരുടെ വേതനത്തിനും പെൻഷനും ആനുകൂല്യങ്ങൾക്കുമായാണ് വരുമാനത്തിന്റെ വലിയൊരു ഭാഗവും ചെലവഴിക്കുന്നതെന്ന് ആർക്കുമറിയാം. മറ്റൊന്നു കൂടി. ഇപ്പോൾ ഉള്ളത്ര ജീവനക്കാർ പോലും ആവശ്യമില്ല എന്നതാണത്. സർക്കാരിനെ തൊഴിൽദാന സ്ഥാപനമായി കാണുന്ന മനോഭാവത്തിന്റെ തുടർച്ചയാണിത്. സർക്കാർ തൊഴിൽ ദാന സ്ഥാപനമല്ല, നാട്ടിൽ തൊഴിൽ സംരംഭങ്ങൾ ഉണ്ടാകാനുള്ള അന്തരീക്ഷമൊരുക്കലാണ് സർക്കാരിന്റെ കടമ. സംരംഭകർക്ക് സ്ഥാപനങ്ങൾ ആരംഭിക്കാനും പരമാവധി പേർക്ക് തൊഴിൽ കൊടുക്കാനും പിന്തുണ നൽകുകയാണ് വേണ്ടത്. സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കാൻ അനിവാര്യമായ ജീവനക്കാരും കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അവശ്യ മേഖലകളിലേക്കുള്ള ജീവനക്കാരുമേ സത്യത്തിൽ ആവശ്യമുള്ളു. എന്നാൽ സംഭവിക്കുന്നതെന്താണ്? കോർപറേറ്റ് സംരംഭകർക്കൊഴികെ മറ്റാർക്കും അനുകൂലമായ സാഹചര്യം നിലനിൽക്കുന്നില്ല. അവശ്യ സർവീസുകൾ സ്വകാര്യ മേഖലയെ ഏൽപിച്ച് കുറിക്കമ്പനിയും വ്യവസായവും നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളും നടത്തുകയാണ് സർക്കാർ ചെയ്യുന്നത്. അതിന്റെ അനിവാര്യമായ ദുരന്തമാണ് നിരന്തരമായി ആവർത്തിക്കുന്ന സാമ്പത്തിക പ്രതിസന്ധി.

 

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള പല മാർഗങ്ങളിൽ ഒന്നെന്ന രീതിയിൽ പലപ്പോഴും  ജീവനക്കാരുടെ അന്യായമായ ആനുകൂല്യങ്ങളിൽ  കൈവെക്കാൻ സർക്കാർ ശ്രമിക്കാറുണ്ട്. എന്നാൽ അപ്പോഴേക്കും സമര ഭീഷണിയുമായി യൂനിയനുകൾ രംഗത്തെത്തും. അതോടെ സർക്കാർ പിന്തിരിയും. സമീപകാലത്ത് ഈ പ്രവണത രൂക്ഷമായിരിക്കുകയാണ്.  ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് നീട്ടാനുള്ള നീക്കം ഉപേക്ഷിച്ചതു തന്നെ ഒരുദാഹരണം. കോവിഡ് കാലത്ത് പ്രഖ്യാപിച്ച, ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്യാനാവുക. അതായത് വിറ്റ് കശാക്കാനാകുക. ഈ ആനുകൂല്യം തന്നെ എത്രമാത്രം യുക്തിരഹിതമാണ്. ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം വേണമെന്ന നിലപാടിൽ നിന്ന് ഈ അവധികളൊക്കെ എത്ര പോരാട്ടങ്ങളിലൂടെ നേടിയതാണ്. അവയാണ് പിന്നീട് വിറ്റ് കാശാക്കുന്നത്. ജീവനക്കാർക്ക് നല്ല രീതിയിൽ അവധി ദിനങ്ങൾ നൽകണമെന്നും അങ്ങനെയാണ് പ്രവൃത്തി ദിനങ്ങളിൽ ്അവർക്ക് ഊർജസ്വലരായി ജോലി ചെയ്യാനും പൊതുജനങ്ങൾക്കായി പ്രവർത്തിക്കാനും കഴിയുക എന്നു തിരിച്ചറിഞ്ഞ് അതിനനുസൃതമായ നടപടികൾ ലോകം സ്വീകരിക്കുകയാണ്. 


ആശ്രിത നിയമനത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കവും അങ്ങനെ തന്നെ. ആശ്രിത നിയമനം എന്നതു തന്നെ എത്ര അനീതിയാണ്. ജീവനക്കാർ പെൻഷനായതിനു ശേഷം മരിച്ചാൽ പോലും ആശ്രിതർക്കു പെൻഷൻ നൽകുന്നുണ്ട്. ഇരുവർക്കും പെൻഷനുണ്ടെങ്കിലും ഒരാൾ മരിച്ചാൽ പങ്കാളിക്ക് പകുതി പെൻഷൻ കൂടി കൊടുക്കുന്നു. സർക്കാർ ജീവനക്കാർ മാത്രമല്ലല്ലോ തൊഴിലിലിരിക്കുമ്പോൾ മരിക്കുന്നത്. മറ്റുള്ളവർക്ക് എന്തെങ്കിലും കിട്ടുന്നുണ്ടോ? പലരും സൂചിപ്പിച്ച പോലെ ജീവനക്കാർ മരിച്ചാൽ അവരുടെ സർവീസനുസരിച്ച് ഒരു തുക കൂടി ആശ്രിതർക്കു നൽകാമെന്നല്ലാതെ നേരിട്ട് തൊഴിൽ കൊടുക്കുന്നത് എന്തു ന്യായമാണ്. ഇക്കാര്യത്തിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ സർക്കാർ ജോലിയുടെ ആകർഷണീയത നഷ്ടപ്പെടുമെന്നു പറഞ്ഞാണ് യൂനിയനുകൾ എതിർത്തത്. അന്യായമായി തൊഴിൽ നേടുന്നതാണല്ലോ ആകർഷണം...! അവസാനമിപ്പോൾ ജോലി കിട്ടിയ ഉദ്യോഗസ്ഥർ ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചെടുക്കും എന്നതിലേക്കുമാത്രമായി നിയന്ത്രണം ചുരുങ്ങുന്നു. സർക്കാർ മുട്ടുകുത്തിയെന്നർത്ഥം.


കേരളത്തിലെ ഖജനാവിനെ കാലിയാക്കിയ, പതിറ്റാണ്ടുകളായി തുടരുന്ന ഒരു അന്യായം കൂടി ആവർത്തിക്കട്ടെ. മാനേജ്‌മെന്റുകൾ വൻതോതിൽ പണം വാങ്ങി നിയമിക്കുന്ന എയ്ഡഡ് അധ്യാപകർക്ക് സർക്കാർ വേതനം നൽകുന്നതിനെ കുറിച്ചാണത്. ഒരു കാലത്ത് അധ്യാപകരുടെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നിയമത്തിന്റെ ചരിത്രത്തിലേക്കൊന്നും ഇവിടെ കടക്കുന്നില്ല. എന്നാലിപ്പോഴും അതങ്ങനെ തന്നെ തുടരുന്നത് അനീതിയാണ്. ഏറ്റവും വലിയ അനീതി സർക്കാർ വേതനം നൽകുമ്പോഴും ഭരണഘടനാവകാശമായ സംവരണം നിഷേധിക്കുന്നു എന്നതാണത്. നിയമനത്തിൽ സർക്കാരിന്റെ നിയന്ത്രണം കൊണ്ടുവരികയും സംവരണം നടപ്പാക്കുകയും വേണം. 

Latest News