Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രം പൂര്‍ത്തിയാകുന്നു, അയോധ്യയില്‍ പള്ളി എന്തുകൊണ്ടില്ല; വിശദീകരണവുമായി ട്രസ്റ്റ്

അയോധ്യ- ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിച്ച ധനിപൂര്‍ ഗ്രാമത്തില്‍ മുസ്ലിം പള്ളി പണിയാനുള്ള പദ്ധതി ഇപ്പോഴും കടലാസില്‍. ബന്ധപ്പെട്ട അധികൃതര്‍ ഭൂമി ഉപയോഗത്തില്‍ മാറ്റം വരുത്താത്തതിനാലാണ് പദ്ധതി സ്തംഭിച്ചത്.
മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് പദ്ധതിക്കായി രൂപീകരിച്ച ട്രസ്റ്റിന്റെ ഭാരവാഹികള്‍ പറഞ്ഞു.
പദ്ധതി സ്തംഭിക്കാന്‍ കാരണം നടപടിക്രമങ്ങളിലെ കാലതാമസമാണെന്നും ബോധപൂര്‍വമായതല്ലെന്നും ട്രസ്റ്റ് ഭാരവാഹി പറഞ്ഞു. അപേക്ഷ സമര്‍പ്പിച്ച് ഒന്നര വര്‍ഷമായിട്ടും മൗലവി അഹമ്മദുല്ല ഷാ പള്ളിയുടെ പ്ലാന്‍ അയോധ്യ വികസന അതോറിറ്റി (എഡിഎ) പാസാക്കിയിട്ടില്ല. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ സുപ്രീം കോടതി വിധിക്ക് ശേഷമാണ് അയോധ്യ ജില്ലയിലെ ധനിപൂര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ വിട്ടുകൊടുത്തത്.
3,500 ചതുരശ്ര മീറ്ററില്‍ മസ്ജിദ് ഉള്‍പ്പെടെയുള്ള നിര്‍മാണത്തിനായി സ്ഥലം വഖഫ് ബോര്‍ഡ് സ്ഥലം ഇന്‍ഡോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന് കൈമാറിയിരുന്നു. പള്ളിക്കു പുറമെ, 2,300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഇന്ത്യാ ഇസ്‌ലാമിക് റിസര്‍ച്ച് സെന്റര്‍, 24,150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നാല് നില സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചാരിറ്റി ഹോസ്പിറ്റല്‍, 500 ചതുരശ്ര മീറ്റര്‍ മ്യൂസിയം, കമ്മ്യൂണിറ്റി കിച്ചണ്‍ എന്നിവയാണ് പദ്ധതിയിലുള്ളത്.
മുഴുവന്‍ പ്രോജക്റ്റിനും മൗലവി അഹമ്മദുല്ല ഷാ യോജന എന്ന് പേരിട്ട ശേഷം, ട്രസ്റ്റ് അതിന്റെ പ്ലാന്‍ അയോധ്യ വികസന അതോറിറ്റിക്ക് 2021 മെയ് മാസത്തില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചു.
അതേസമയം, അതോറിറ്റി തലത്തില്‍ ഇനി ഒരു നടപടിയും അവശേഷിക്കുന്നില്ലെന്നും ഇനി എന്ത് നടപടി വേണമെങ്കിലും സര്‍ക്കാര്‍ തലത്തില്‍ നിന്ന് ചെയ്യണമെന്നും അയോധ്യ വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ വിശാല്‍ സിങ് പറഞ്ഞു.
ബോധപൂര്‍വമായ കാലതാമസമായി കാണുന്നില്ലെന്നും മറിച്ച് നടപടികളിലെ കാലതാമസമാണെന്നും കൃഷിഭൂമിയായതിനാല്‍ ഭൂവിനിയോഗം മാറുന്നതിന് മുമ്പ് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്നും
ഇന്ത്യാ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറി അഥര്‍ ഹുസൈന്‍ പറഞ്ഞു.
നടപടിക്രമങ്ങളുടെ കാലതാമസം ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ സാഹചര്യം മുതലെടുത്ത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ചില ഘടകങ്ങളെ കാണാതിരുന്നു കൂടാ. സംഘര്‍ഷം അവസാനിപ്പിക്കാനാണ് തുടക്കം മുതല്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനാല്‍ ഭൂവിനിയോഗം മാറ്റുന്നതിലെ കാലതാമസത്തിന്റെ പേരില്‍ ഒരു കുറ്റപ്പെടുത്തലും ഉണ്ടാകരുതെന്നും നടപടി ക്രമങ്ങള്‍ മനസ്സിലാക്കാത്തവര്‍   ഈ വിഷയത്തില്‍ വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിര്‍മാണ പദ്ധതിയുമായി പള്ളി  നിര്‍മാണത്തെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂവിനിയോഗം മാറ്റുകയും അതോറിറ്റി പ്ലാന്‍ പാസാക്കുകയും ചെയ്തുകഴിഞ്ഞാല്‍ ഇവിടെ മസ്ജിദ് ഉയരും. മസ്ജിദ് ഉയരാന്‍ ഒരു വര്‍ഷം സമയമെടുക്കുമെന്നാണ് കരുതുന്നത്. നടപടിക്രമങ്ങള്‍ മൂലമാണ് കാലതാമസം എന്നതിനാല്‍ ഭൂവിനിയോഗം മാറ്റുന്നതിലെ കാലതാമസം മൂലം ഒരു സംഘര്‍ഷവും ആഗ്രഹിക്കുന്നില്ല. അതോറിറ്റി പ്ലാന്‍ പാസാക്കിയാലുടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് മാത്രമേ പറയാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News