Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിനെ കുറിച്ച് പറയാനുണ്ട്, ജീർണതയുടെ കാര്യം തന്നെ

ജനാധിപത്യ സംവധാനത്തിൽ ഒരു പാർട്ടിക്കും ആഭ്യന്തര വിഷയങ്ങളില്ല, അഥവാ ഉണ്ടാകരുത്.  ജനങ്ങൾക്കു വേണ്ടിയുള്ള ജനങ്ങളുടെ ഭരണമാണല്ലോ ജനാധിപത്യം. ജനങ്ങൾക്ക് എല്ലാവർക്കും കൂടി ഭരണം നടത്താനാവില്ല. അതിനാൽ ആ കടമ നിർവഹിക്കുന്ന ജനങ്ങളുടെ പ്രതിനിധികൾ മാത്രമാണ് രാഷ്ട്രീയ പാർട്ടികളും അവയിൽ നിന്നു അധികാരത്തിലെത്തുന്നവരും. അതിനാൽ തന്നെ അധികാരികൾക്കൊപ്പം രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഓഡിറ്റ് ചെയ്യാനും അഭിപ്രായം പറയാനുമുള്ള അവകാശം ജനങ്ങൾക്കുണ്ട്. ആ അധികാരമുപയോഗിച്ച് ഇന്നു കേരളത്തിന്റെ ഭരണത്തിനു നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിനെ കുറിച്ചുള്ള ചില അഭിപ്രായങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. 
സി.പി.എം വാർത്തകളിൽ നിറയാത്ത ദിവസങ്ങൾ കാര്യമായി ഇല്ലാതായിരിക്കുകയാണ്. ഈ വാർത്തകളാകട്ടെ, ആ പാർട്ടിയെക്കുറിച്ച് സമ്മാനിക്കുന്നത് തികച്ചും നിരാശാജനകമായ ചിത്രങ്ങളാണ്. തുടർഭരണം പാർട്ടിയെ ജീർണതയിലെത്തിക്കുന്നതായി പാർട്ടിക്കകത്തുനിന്നു തന്നെ വിമർശനമുയരുന്നതായി വാർത്തകൾ അടിത്തിടെ വന്നിരുന്നല്ലോ. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തു തന്നെ തുടർഭരണത്തിനായുള്ള അമിതമായ പ്രചാരണം കണ്ടപ്പോൾ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. അന്നവർ നേരിട്ട അധിക്ഷേപങ്ങൾക്ക് കണക്കില്ല. ഇപ്പോഴിതാ അവിടേക്കു തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്. ഉന്നത നേതാക്കൾക്കെതിരെ ഉന്നത നേതാക്കൾ തന്നെ അഴിമതി ആരോപണം ഉന്നയിക്കുന്നതു വരെയെത്തിയിരിക്കുന്നു കാര്യങ്ങൾ. പതിവു പോലെ മാധ്യമസൃഷ്ടിയന്നാരോപിച്ച് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 
കമ്യൂണിസ്റ്റുകാർ നിരന്തരം ആവർത്തിക്കുന്ന പദങ്ങളാണല്ലോ ബൂർഷ്വ പാർട്ടി, പെറ്റിബൂർഷ്വ പാർട്ടി, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി തുടങ്ങിയവ. ഈ പാർട്ടികളെല്ലാം ആത്യന്തികമായി അഴിമതിക്കാരാണ് എന്നാണവരുടെ പക്ഷം. ജനാധിപത്യവും അവർക്ക് ബൂർഷ്വ ജനാധിപത്യമാണ്. എന്നാൽ ഈ പാർട്ടികളെയെല്ലാം മറികടക്കുന്ന അഴിമതി വാർത്തകളാണ് സി.പി.എമ്മുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കേരളത്തിൽ നിറയുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾ അഴിമതിരഹിതമാണെന്ന സങ്കൽപം എത്രമാത്രം വാസ്തവവിരുദ്ധമാണെന്ന് എന്നേ ലോകം കണ്ടതാണ്. അതു തന്നെയാണ് കേരളത്തിൽ നടക്കുന്നതും. തീർച്ചയായും ജനാധിപത്യ പ്രക്രിയയിലൂടെ തന്നെയാണ് സി.പി.എമ്മും എൽ.ഡി.എഫും അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാൽ ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്രയും കാലം പങ്കെടുത്തിട്ടും ഒരു ജനാധിപത്യ പാർട്ടിയാകാൻ അതിനായിട്ടുണ്ടോ എന്നു ചോദിച്ചാൽ ആശയപരമായും പ്രായോഗികമായും ആയിട്ടില്ല എന്നു തന്നെയാണ് മറുപടി. 
കേരളത്തിൽ സി.പി.എം വിട്ടതിനു മുൻ പ്രവർത്തകനെ വധിച്ചതും വർധിക്കുന്ന വ്യക്തിപൂജയും ക്യാപ്റ്റൻ വിളിയും നേതാക്കൾക്കു വേണ്ടി എന്ത് അനീതിയേയും ന്യായീകരിക്കുന്ന അണികളും അതിന്റെ ലക്ഷണങ്ങളാണ്. 
ഇപ്പോഴിതാ ഇവർ കുറ്റപ്പെടുത്തുന്ന ബൂർഷ്വ പാർട്ടികളേക്കാൾ എത്രയോ മോശമായ അവസ്ഥയിലാണ് പാർട്ടി എത്തിയിരിക്കുന്നത്. ചുരുങ്ങിയ പക്ഷം  തങ്ങൾ സർവാധിപത്യത്തിലല്ല, ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്ന് പ്രഖ്യാപിക്കാൻ ഇനിയെങ്കിലും പാർട്ടി തയാറാകണം. അതിനെ അടവായോ തന്ത്രമായോ കാണുന്ന സമീപനം മാറ്റണം. പാർട്ടിക്കകത്തും ജനാധിപത്യം വളർത്തിയെടുക്കണം. പ്രതിപക്ഷ ബഹുമാനം അതിന്റെ ജീവവായുവാക്കണം. ഓരോ തീരുമാനമെടുക്കുമ്പോഴും ജനങ്ങളുടെ അഭിപ്രായമറിയാൻ പരമാവധി ശ്രമിക്കണം. വിവരാവകാശ നിയമത്തിന് കീഴ്പെടണം. ജനാധിപത്യത്തിന്റെ അടിത്തറയാണ് സുതാര്യത എന്നംഗീകരിക്കണം. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കറിയാൻ പാടില്ലാത്ത ഒരു രഹസ്യവും പാർട്ടിക്കാവശ്യമില്ല എന്നു പ്രഖ്യാപിക്കണം. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം. 
സി.പി.എം ഗൗരവമായി പരിഗണിക്കേണ്ട മറ്റൊന്നു കൂടി സൂചിപ്പിക്കട്ടെ. സി.പി.എം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി കേരള അല്ലെന്ന് ഒരിക്കൽ സീതാറാം യെച്ചൂരി പറയുകയുണ്ടായി. എന്നാൽ യാഥാർത്ഥ്യം അതു തന്നെയാണ്. അതംഗീകരിക്കാനും  പാർട്ടി ഒരു കേരള പാർട്ടിയായി മാറുകയുമാണ് വേണ്ടത്. ഒരൊറ്റ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം അതിശക്തമാകുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ കേരളത്തിനാവശ്യം ശക്തമായ ഒരു പ്രാദേശിക പ്രസ്ഥാനമാണ്. പല സംസ്ഥാനങ്ങളിലും അത്തരം പ്രസ്ഥാനങ്ങൾ നിലവിലുണ്ട്. ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള ശരിയായ നിലപാട് ഒരു കാലത്ത് സ്വീകരിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകാർ. ആ നിലപാടിന്റെ അടിസ്ഥാനത്തിൽ തന്നെ അഖിലേന്ത്യ പാർട്ടികളേക്കാൾ പ്രസക്തം പ്രാദേശിക പാർട്ടികളാണെന്നത് വ്യക്തം. മാറിയ സാഹചര്യത്തിലെങ്കിലും ആ നിലപാടിലേക്ക് തിരിച്ചുപോകുന്ന കാര്യം ആലോചിക്കാവുന്നതാണ്. കേരളത്തിൽ ഇന്ന് അത്തരമൊരു പാർട്ടിയുടെ ആവശ്യകതയുണ്ട്. കേരളത്തിനു വേണ്ടി വാദിക്കുന്ന ഒരു പ്രസ്ഥാനം. അത്തരമൊരു പ്രതീക്ഷയോടെ രൂപം കൊണ്ട കേരളകോൺഗ്രസ് പിന്നിട് മതപാർട്ടിയെന്നു തന്നെ വിളിക്കാവുന്ന അവസ്ഥയിൽ മാറുകയാണല്ലോ ഉണ്ടായത്. കേരളത്തിലുടനീളം വേരുകളുള്ള സി.പി.എമ്മിനാണ് ആ വിടവു നികത്താൻ സാധ്യതയുള്ളത്.
ഇരുമുന്നണികളുടെയും മാറിമാറിയുള്ള ഭരണത്തിനപ്പുറം കാര്യമായ രാഷ്ട്രീയ ചലനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ വ്യത്യസ്തമാണ്. പല രീതയിലുള്ള രാഷ്ട്രീയ ചലനങ്ങൾ അവിടങ്ങളിൽ നടക്കുന്നു.  അടിയന്തരാവസ്ഥയെ തുടർന്ന് രൂപീകൃതമായ ജനത പാർട്ടിയും ഒപ്പം പല സോഷ്യലിസ്റ്റ്  ലോഹ്യയിസ്റ്റ് ശക്തികളും പലയിടത്തും ശക്തമായി. തങ്ങളുടെ പ്രാദേശിക വികാരങ്ങളും ആവശ്യങ്ങളുമെല്ലാം ഉന്നയിച്ച് പ്രാദേശിക പാർട്ടികൾ. പിന്നീട് മണ്ഡൽ  മസ്ജിദ് കാലത്തോടെ ദളിത്  പിന്നോക്ക  മുസ്‌ലിം മുന്നേറ്റങ്ങൾ. അടുത്ത കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ ചലനങ്ങളുണ്ടാക്കിയ ഈ മുന്നേറ്റങ്ങളൊന്നും പക്ഷേ കേരളത്തെ ബാധിച്ചില്ല. അടിയന്തരാവസ്ഥക്കു ശേഷം പോലും നാം കോൺഗ്രസിനെ വിജയിപ്പിച്ചു. ഇപ്പോഴാകട്ടെ, ഓരോ സംസ്ഥാനത്തിനു വേണ്ടിയും പ്രാദേശിക പാർട്ടികൾ ശബ്ദമുയർത്തുകയും പോരാടുകയും അധികാരത്തിലെത്തുകയും ചെയ്യുമ്പോൾ ഇവിടെ പൊതുവെ കേന്ദ്രത്തോട് പിച്ച ചോദിക്കുന്ന അവസ്ഥയാണ്. അതു മാറണം. ആ മാറ്റത്തിനു നേതൃത്വം നൽകാനാകുക സി.പി.എമ്മിനു തന്നെയാണ്. അതിനായി കാലത്തിനനുസൃതമായ മാറ്റങ്ങൾ സ്വീകരിക്കാൻ തയാറാകണം. ഒപ്പം അക്രമ രാഷ്ട്രീയം പൂർണമായും ഉപേക്ഷിക്കാനും ജനകീയ പ്രക്ഷോഭങ്ങളെ അധിക്ഷേപിക്കാതിരിക്കാനും തയാറാകുകയും വേണം. അല്ലാത്ത പക്ഷം പുതിയ സംഭവ വികാസങ്ങൾ പാർട്ടിയെ നയിക്കുക പൂർണമായ ജീർണതയിലേക്കായിരിക്കും. 

Latest News