അവരുടെ കൈപ്പിഴ, എനിക്കെതിരെ ജപ്തി നോട്ടീസ്

പന്ത്രണ്ട് വർഷത്തെ നിയമ പോരാട്ടം. എനിക്കെതിരായ റവന്യു റിക്കവറി നോട്ടീസ് പിൻവലിക്കാൻ കാനറാ ബാങ്ക് നിർബന്ധിതരായി. ബാങ്ക് ജീവനക്കാർ ഇടപാട് വരവ് വെക്കുന്നതിൽ ഉണ്ടായ പിഴവിൽനിന്ന്  രക്ഷിക്കുന്നതിന് വേണ്ടി, കോഴിക്കോട് ജില്ലയിലെ  കടലുണ്ടി ബ്രാഞ്ച് കനറാബാങ്ക് ആവശ്യപ്പെട്ടത് പ്രകാരം  ഇറക്കിയ രണ്ടു  ലക്ഷത്തോളം വരുന്ന റവന്യു റിക്കവറി നോട്ടീസ് പിൻവലിക്കാൻ കടലുണ്ടി വില്ലേജ് ഓഫീസർക്ക് ബാങ്ക് മാനേജർ കഴിഞ്ഞ ദിവസം കത്തയച്ചു.      
2010 ജൂലായ് ഒൻപതിനാണ് സംഭവത്തിനു ആസ്പദമായ ഇടപാട് നടന്നത്. സൗദിയിലെ  അൽ ഖർജിലെ  അൽ രാജ്ഹി ബാങ്ക് വഴി 43285 രൂപ   കാനറാ ബാങ്ക് കടലുണ്ടി ബ്രാഞ്ചിലേക്ക് അയച്ചിരുന്നു . അന്ന് തന്നെ, സഹോദരൻ 40000 രൂപ പിൻവലിക്കുകയും ചെയ്തു. ഭാഗ്യമെന്ന് ഇപ്പോൾ തോന്നുന്നു, ചില കാരണങ്ങളാൽ എട്ടുമാസത്തോളം നാട്ടിൽ കഴിയേണ്ടി വന്നു. തിരികെ എത്തി ജോലിയിൽ പ്രവേശിക്കുന്നതിനിടയിൽ കാനറാ ബാങ്ക് അധികാരികളിൽ നിന്നുണ്ടായ ചില നീക്കങ്ങളിൽ അസ്വാഭാവികത തോന്നി ജാഗ്രത പാലിച്ചതും രേഖകൾ എല്ലാം ഭദ്രമായി സൂക്ഷിച്ചതുമാണ് തുണയായത്.ഇടപാട് നടന്നതിന് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ബാങ്കിലെ ജീവനക്കാരൻ വീട്ടിലെത്തുകയും വിദേശത്ത് നിന്ന് അയച്ച 763 രൂപ, അഞ്ചക്ക അക്കൗണ്ട് നമ്പർ പതിമൂന്ന് അക്ക നമ്പറിലേക്ക് മാറിയതിനാൽ വരവ് വെക്കുന്നതിൽ ഉണ്ടായ പിഴവ് മൂലം അയച്ച ആളിലേക്ക് തന്നെ തിരികെ പോവുകയുണ്ടായെന്നും  പറഞ്ഞു വീട്ടുകാരിൽനിന്ന് അഞ്ഞൂറ് രൂപ വാങ്ങുകയും പണം ഈടാക്കിയതും   തികയാതെ വന്ന 263 രൂപ അക്കൗണ്ടിൽനിന്ന് എടുത്തതായും സൂചിപ്പിച്ചു കൊണ്ട് മെയിലും അയച്ചു.  അത്തരത്തിൽ ഒരു ഇടപാട് നടത്തിയിട്ടില്ലെന്നതിനാലും  അസാധാരണമായ സംഭവം ആയി തോന്നിയതിനാലും തുടർന്ന് ബാങ്കിലേക്ക് പണമൊന്നും അയച്ചില്ല. മറ്റൊരു ബാങ്കിൽ ഇടപാട് ആരംഭിക്കുകയും ചെയ്തു. താരതമ്യേന ചെറിയ സംഖ്യ ആയതിനാൽ കൂടുതൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയില്ല.  


2014 ലാണ് യഥാർത്ഥ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. ബാങ്ക് മാനേജർ  നാട്ടുകാരനായ ജീവനക്കാരനോടൊപ്പം ഫോട്ടോയുമായി വീട്ടിലെത്തുകയും 2010 ൽ അയച്ച തുകയും അതിന്റെ പലിശയും അടക്കം അറുപതിനായിരം രൂപയിലധികം അടക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. നേരത്തെ 763 രൂപയുടെ കാര്യത്തിൽ പറ്റിക്കപ്പെട്ടതിനാൽ  വിശദമായി കാര്യങ്ങൾ അറിയുന്ന വീട്ടുകാർ  കാര്യങ്ങൾക്ക് വ്യക്തത വരുത്തിയ ശേഷം  വേണ്ടത് ചെയ്യാമെന്നറിയിച്ചു. ഇതോടുകൂടി മാനേജരുടെ കർക്കശ്യം സഹതാപ വാക്കുകളായി മാറി. ഇടപാട് സമയത്ത് ജീവനക്കാരിയായിരുന്ന മാനേജർ ആണ്  തുക വരവ് വെച്ചതെന്നും  സാങ്കേതിക കാരണങ്ങളാൽ ഈ തുക ഗൾഫിലെ  ബാങ്കിലേക്ക് തിരികെ പോയെന്നും അവർ പറഞ്ഞു.   വീട്ടുകാർ ഈ തുക അടച്ചില്ലെങ്കിൽ മാനേജർ പദവിയോടെ  വിരമിക്കാൻ പോകുന്ന അവരുടെ ആനുകൂല്യങ്ങളിൽനിന്ന് തുക പിടിക്കുമെന്നും അവർ പറഞ്ഞു. പറയുന്നതുപോലെ തുക തിരികെ ലഭിച്ചിട്ടില്ലെന്ന് ഉറപ്പുള്ള വീട്ടുകാർ പണം നൽകാതെ തിരിച്ചയച്ചു.
വിവരമറിഞ്ഞ ഉടനെത്തന്നെ ഗൾഫിൽനിന്ന് ഇ-മെയിലിലൂടെ ബന്ധപ്പെട്ട് അക്കൗണ്ടിന്റെ വിവരങ്ങൾ ആരാഞ്ഞു. അയച്ചുതന്ന റെക്കാർഡ് പ്രകാരം , 2010 ൽ  അയച്ച തുകയായ 43,285 രൂപ 2012 മേയ് ഒൻപതിന് നിക്ഷേപത്തിൽനിന്ന് പിൻവലിച്ചതായി കണ്ടപ്പോൾ അത് ഏത് ഇനത്തിലാണ് കണക്ക് വെച്ചത് എന്ന ചോദ്യമുയർത്തി.  ലഭിച്ച  മറുപടി ഏറെ കൗതുകമുള്ള ഒന്നായിരുന്നു. അൽരാജ്ഹി ബാങ്കിന്റെ നിരന്തരമായ മുന്നറിയിപ്പു ഭയന്ന്  പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പണം അവർക്ക് തിരികെ നൽകി, ചെലവിനത്തിൽ കൊള്ളിച്ചു എന്നായിരുന്നു ബാങ്കിന്റെ ഔദ്യോഗിക മറുപടി. അൽ രാജ്ഹി    ബാങ്കിലേക്ക് തിരികെ നൽകിയതിന്റെ രേഖകൾ ഒന്നും കാനറാ ബാങ്ക് അധികാരികളുടെ കൈവശം ഇല്ലായിരുന്നു.  
തുടർന്ന് കാര്യമായ ചലനങ്ങളൊന്നും ഇല്ലാതെ പോകുന്നതിനിടയിൽ  2016 മെയ് ആറാം തിയതി,    എടുത്ത തുകയോ തിയതിയോ അടക്കേണ്ട തുകയോ ഇല്ലാത്ത ലോൺ ഒറ്റത്തവണ തീർപ്പാക്കാൻ ക്ഷണിച്ചുകൊണ്ടുള്ള വിചിത്രമായ ഒരു കത്ത് ലഭിക്കുകയുണ്ടായി.   അദാലത്തിൽ തീർപ്പാക്കിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജപ്തി നടപടികളിലേക്ക് നീങ്ങുമെന്നും കത്തിൽ സൂചന ഉണ്ട്. ഇതോടുകൂടി നിയമോപദേശം തേടി. തുക രേഖപ്പെടുത്താതെ അയച്ച കത്തിന് നിയമ സാധുത ഇല്ലെന്നാണ് ഉപദേശം ലഭിച്ചത്.   ഇതിനിടയിൽ പുതിയ മാനേജർ ചുമതലയേൽക്കുകയും അവരും വീട്ടിൽ സന്ദർശനം നടത്തുകയും ചെയ്തു.   അടുത്ത അവധിക്ക് നാട്ടിലെത്തിയപ്പോൾ  മാനേജരുമായി നേരിട്ട് വിഷയം സംസാരിച്ചപ്പോഴും വിചിത്രമായ ഉപദേശമാണ്  ലഭിച്ചത്. ബാധ്യത തീർക്കാൻ ഒരു ലോൺ അനുവദിച്ചു തരാമെന്നും അങ്ങനെയെങ്കിലും തലവേദന എന്നത്തേക്കുമായി ഒഴിവാക്കാനും ആയിരുന്നു അവർ പറഞ്ഞത്. ഇത്തരത്തിൽ വേറെ ചിലർക്കും ലോൺ അനുവദിച്ചു നൽകി പ്രശ്നം തീർത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. ചെയ്യാത്ത തെറ്റിന് കുറ്റമേറ്റെടുക്കാൻ തയ്യാറല്ലെന്നും ഈ  വിഷയത്തിൽ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ വീട്ടുകാരോട് പാടില്ലെന്നും ആവശ്യപ്പെട്ട് തിരിച്ചുപോന്നു.
ഇതോട്്് കൂടി കാര്യങ്ങൾ ഏകദേശം കെട്ടടങ്ങിയ രീതിയിൽ ആയിരുന്നു. അവിചാരിതമായി 2021 ൽ, വില്ലേജിൽനിന്നുള്ള ഉദ്യോഗസ്ഥൻ വീട്ടിലെത്തി റവന്യു റിക്കവറി നോട്ടീസ് കൈമാറി. മുതലും പലിശയും അടക്കം ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒൻപത് (190299) രൂപ അടക്കണമെന്നായിരുന്നു നിർദേശം. തുക തിരികെ നൽകി എന്ന് പറയപ്പെടുന്ന 2012 മെയ് മുതലുള്ള പലിശയായി 147,014 രൂപയാണ് ആവശ്യപ്പെട്ടത്. നിയമ നടപടികൾ സ്വീകരിക്കണം എന്ന ഉദ്ദേശ്യത്തോടെ ഉടനെ തന്നെ നാട്ടിലേക്ക് പുറപ്പെട്ടു. കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ അഭിഭാഷകൻ പി. വി മുഹമ്മദ് ഷാഹിദുമായി വിഷയങ്ങൾ ചർച്ച ചെയ്തു. റവന്യു റിക്കവറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് കലക്ടറെ കണ്ട് വിഷയങ്ങൾ ധരിപ്പിക്കാൻ ആയിരുന്നു അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ നിയമ നടപടികളെ കുറിച്ച് പിന്നീട് ആലോചിക്കാമെന്നും അഭിപ്രായപ്പെട്ടു.
ആശ്ചര്യപൂർവം   വിഷയങ്ങൾ കേട്ട അസിസ്റ്റന്റ് കലക്ടർ അനുഭാവപൂർവം പരാതി സ്വീകരിക്കുകയും വിശദീകരണം ചോദിച്ചു ബാങ്കിന്  കത്തയക്കുകയും ചെയ്തു. സാധ്യമാണെങ്കിൽ കാനറാ ബാങ്കിന്റെ ഹെഡ്ഡ് ഓഫീസ് സന്ദർശിച്ചു, കാര്യങ്ങൾ ബോധിപ്പിച്ചു രമ്യതയിൽ എത്താനും നിർദേശിച്ചു. ഇത് പ്രകാരം ചാലപ്പുറത്തെ ബാങ്കിലെത്തിയപ്പോൾ പരുഷമായാണ് അവർ പെരുമാറിയത്. തിരിച്ചടയ്ക്കാതെ മറ്റൊരു പോംവഴിയും ഇല്ലെന്നാണ് അവർ പറഞ്ഞത്.    
ബാങ്കിനെതിരെ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നതിനിടയിൽ,  റവന്യു റിക്കവറി വിഭാഗത്തിൽ നിന്ന് വിരമിച്ച നാട്ടുകാരനായ ഷൗക്കത്തലിയുടെ  നിർദേശപ്രകാരം  അക്കൗണ്ടിന്റെ വിശദവിവരങ്ങളും , ഇടപാട് നടന്ന സമയത്തെ ജീവനക്കാരുടെ യോഗ്യതയും മറ്റും ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചു. വർഷങ്ങൾക്ക്  മുമ്പുള്ള വിവരങ്ങളാണ് ചോദിച്ചത് എന്നതിനാൽ അത് പെട്ടെന്ന് നൽകാൻ ആവില്ലെന്നും മറുപടി നൽകാൻ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള മറുപടി ആണ് ലഭിച്ചത്. മകന്റെ പേരിൽ നിയമ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കാൻ ഉണ്ടായ കാരണങ്ങൾ വിവരിക്കണമെന്ന് ആവശ്യപ്പെട്ട്‌കോണ്ട് ഉമ്മയും മറ്റൊരു വിവരാവകാശ അപേക്ഷ സമർപ്പിച്ചു. അതിന് പക്ഷെ മറുപടി ഒന്നും ലഭിച്ചില്ല.  
ലഭ്യമായ എല്ലാ രേഖകളും കോഴിക്കോട് റവന്യു റിക്കവറി വിഭാഗത്തിൽനിന്നുള്ള കത്തും കൊണ്ട് കടലുണ്ടി ബ്രാഞ്ച് ഓഫീസിൽ അവസാന വട്ട ചർച്ചക്ക് പോയതാണ് വിഷയത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത്. സംഭവങ്ങളുടെ ഗൗരവം മനസിലാക്കിയ നിലവിലെ മാനേജർ 1000 രൂപക്ക് ഒത്തുതീർപ്പെന്ന നിർദേശം സ്‌നേഹപൂർവ്വം മുന്നോട്ട് വെക്കുകയായിരുന്നു. തർക്കം അനിശ്ചിതമായി നീട്ടികൊണ്ട് പോകുന്നതുകൊണ്ട് കാര്യമില്ലെന്നും ഓരോ അവധിക്കാലവും ഇതിനായി ചെലവഴിക്കുന്നത് ഒഴിവാക്കാൻ കഴിയുമെന്നുള്ള  അഡ്വ. ഷാഹിദിന്റെയും ഷൗക്കത്തലിയുടെയും ഉപദേശ പ്രകാരം അതിനു തയ്യാറായി. എന്നാൽ കോഴിക്കോട് ഹെഡ്ഡ് ഓഫീസിൽ ഉള്ളവർ ബ്രാഞ്ച് ഓഫീസിൽനിന്നുള്ള ശുപാർശയോട് കാര്യമായി പ്രതികരിച്ചില്ല. കഴിഞ്ഞ മാസം അവധിക്ക് പോയപ്പോൾ , മുഴുവൻ രേഖകളുമായി കോഴിക്കോട് ഓഫീസ് സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള  രേഖകൾ എല്ലാം കൈവശമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. കാര്യങ്ങൾ ബോധ്യമായപ്പോൾ ഒരാഴ്ചക്കകം ബ്രാഞ്ച് ഓഫീസിലേക്ക് നിർദേശം നൽകാമെന്നും അറിയിച്ചു. കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോൾ, ഒറ്റത്തവണ ഒത്തുതീർപ്പിനുള്ള 1000 രൂപ അടക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഇ മെയിൽ വന്നു. കഴിഞ്ഞ ദിവസം സഹോദര പുത്രൻ ജസീം മുഹമ്മദ് നേരിട്ട് പോയി തുക അടക്കുകയും എല്ലാവിധ ബാധ്യതകളിൽ നിന്നും മുക്തനാക്കി കൊണ്ടുള്ള കത്ത് സ്വീകരിക്കുകയും ചെയ്തു. കൂടെ വില്ലേജ് ഓഫീസർക്ക് റവന്യു റിക്കവറി നടപടി ക്രമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തും നൽകി. അതുമായി വില്ലേജ് ഓഫീസിൽ പോയപ്പോൾ, റിക്കവറി നോട്ടീസ് നൽകിയ 2021 നു ശേഷമുള്ള പലിശയും കൂടെ കൂട്ടി അടക്കേണ്ട തുക രണ്ടര ലക്ഷത്തിലധികം  ആയിട്ടുണ്ടെന്നാണ് പറഞ്ഞത്. കലക്്്ഷൻ ചാർജ് ഇനത്തിൽ 170 രൂപയും വാങ്ങി  രസീത് നൽകി.
ബാങ്ക് അധികാരികളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മൂലം കഴിഞ്ഞ പന്ത്രണ്ടു വർഷമായി അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിന് കൂടിയാണ് അറുതി വന്നത്. രേഖകൾ സൂക്ഷിച്ചില്ലായിരുന്നുവെങ്കിൽ. അടിസ്ഥാന തുക എന്ന് പറയുന്ന 43285  രൂപ കൂടാതെ ഈ കാലയളവിലെ പലിശയായി രണ്ടു ലക്ഷത്തോളം രൂപയും റവന്യു റിക്കവറി ഇനത്തിൽ പന്ത്രണ്ടായിരം അടക്കേണ്ടി വരുമായിരുന്നു. സമൂഹത്തിൽ കള്ളനെപ്പോലെ ജീവിക്കേണ്ടി വരേണ്ടി വരുന്നതിന്റെ മാനഹാനി വേറെയും.

Latest News