എന്നെങ്കിലും ഒരു നാൾ എന്റെ മരണ വാർത്ത നിങ്ങളുടെ മൊബൈൽ ഫോണിൽ എത്തുമ്പോൾ ആ വാർത്ത നിങ്ങളുടെ കൂട്ടു - കുടുംബ ഗ്രൂപ്പുകളിലേക്ക് നിങ്ങളും ഫോർവേഡ് ചെയ്യണമെന്നുള്ള അഭ്യർത്ഥനയാണ് ഇദ്ദേഹത്തിന് പറയാനുളളത്.
സ്വന്തം മരണവാർത്ത എഴുതി മരണശേഷം സോഷ്യൽ മീഡിയ വഴി ജനങ്ങളെ അറിയിക്കാൻ തന്റെ ഫോണിൽ സൂക്ഷിച്ചിരിക്കുകയാണ് പെരിന്തൽമണ്ണയിലെ താമരത്ത് ഹംസു.
കഴിഞ്ഞ ഏഴു വർഷമായി നാട്ടിലേയും മറുനാട്ടിലേയും മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ഫോട്ടോ സഹിതം വിശദമായി എഴുതി സോഷ്യൽ മീഡിയ വഴി ജനങ്ങളെ അറിയിക്കുകയാണ് ഹംസുവിന്റെ പ്രധാന ജോലി. ഇതിനിടക്ക് ഏഴായിരത്തി എണ്ണൂറിലധികം പേരുടെ മരണ വിവരം വിശദമായി എഴുതി ജനങ്ങളിലെത്തിക്കാൻ ഹംസുവിനായിട്ടുണ്ട്. ഇതിനായി പതിനയ്യായിരത്തോളം അംഗങ്ങളുള്ള വാട്‌സ് അപ് ഗ്രൂപ്പുകളും , ടെലഗ്രാം , ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമുണ്ട്. ഇവർ ഷെയർ ചെയ്യുന്ന മരണ വിവരം മറ്റു ഗ്രൂപ്പുകളിൽ കൂടി എത്തുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് ജനങ്ങളാണ് ദിനംപ്രതി മരണ വിവരങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുന്നത്.
ദൈവപ്രീതി മാത്രം പ്രതീക്ഷിച്ച് ചെയ്യുന്ന ഈ സൽപ്രവൃത്തിക്ക് മറ്റു പ്രതിഫലമൊന്നും ഇദ്ദേഹം വാങ്ങില്ല. മരണപ്പെട്ട വ്യക്തിയുടെ ഉറ്റ ബന്ധുക്കളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ കൃത്യതയോടും സത്യസന്ധമായും എഴുതി പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.
പെരിന്തൽമണ്ണ സർവ്വീസ് ബാങ്കിൽ നിന്നും വിരമിച്ച ഇദ്ദേഹം നാട്ടിലെ സാമൂഹ്യ - ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമാണ്. നിരവധി സംഘടനകളും മറ്റും ഈയൊരു സൽപ്രവൃത്തിയെ അഭിനന്ദിച്ച് ഉപഹാരങ്ങളും ആദരവുകളും നൽകിയിട്ടുണ്ട്.
ഈ ഇടക്കാണ് ഒരു ദിവസം താൻ മരണപ്പെട്ടാൽ എന്റെ മരണ വിവരം ഞാനെഴുതും പോലെ വിശദമായി എഴുതിയറിയിക്കാൻ ആരുണ്ടാകുമെന്ന ചിന്ത ഉയർന്നത്. അന്നേരം തന്റെ മക്കൾക്കോ കുടുംബക്കാർക്കോ സുഹൃത്തുക്കൾക്കോ അതിന് സാധിക്കില്ലെന്ന് അറിയാമെന്നുള്ളത് കൊണ്ട് ഇദ്ദേഹം തന്നെ തന്റെ മരണ വിവരം വിശദമായി എഴുതി. അതിൽ കബറടക്ക തിയ്യതിയും സമയവും മാത്രം ഇനി എഴുതി ചേർത്താൽ മതി.
തയ്യാറാക്കി വെച്ച കുറിപ്പ് തന്റെ ഫോണിൽ തന്നെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. താൻ മരണപ്പെട്ടു എന്നറിഞ്ഞാൽ ഫോണിലെ ഫെയ്‌സ് ബുക്ക്, ടെലഗ്രാം , വാർട്‌സ് അപ്, കമ്മ്യൂണിറ്റി ഗ്രൂപ്പ് എന്നിവയിലൂടെ ഈ കുറിപ്പ് ഷെയർ ചെയ്യാനായി അയൽവാസികളും കുടുംബക്കാരുമായ നാല് യുവാക്കളെ പ്രത്യേകമായി ചുമതലപ്പെടുത്തിട്ടുണ്ട്. ഏറെ സങ്കടത്തോടെയാണെങ്കിലും ഏൽപ്പിച്ച ജോലി ആത്മാർത്ഥതയോടെ ചെയ്യാമെന്ന് ഈ നാല് പേരും ഉറപ്പ് കൊടുത്തിട്ടുണ്ട്.എന്നെങ്കിലും ഒരു നാൾ എന്റെ മരണ വാർത്ത നിങ്ങളുടെ മൊബൈൽ ഫോണിൽ എത്തുമ്പോൾ ആ വാർത്ത നിങ്ങളുടെ കൂട്ടു - കുടുംബ ഗ്രൂപ്പുകളിലേക്ക് നിങ്ങളും ഫോർവേഡ് ചെയ്യണമെന്നുള്ള അഭ്യർത്ഥനയാണ് ഇദ്ദേഹത്തിന് പറയാനുളളത്.






