വല്ലാതങ്ങ് സൂം ചെയ്യല്ലേ...

കേരളത്തിൽ ഏറ്റവും നല്ല ഇഡ്‌ലി എവിടെയാണ് ലഭിക്കുക? വർഷങ്ങളായി നടത്തിയ നിരീക്ഷണത്തിന്റെ ഫലം പറയാം. സംസ്ഥാനത്ത് ഭൂമിക്ക് ഏറ്റവും വിലയുള്ള എറണാകുളം ജോസ് ജംഗ്്ഷനിലെ വുഡ്‌ലാന്റ്‌സ് ഹോട്ടലിൽ. മറ്റു ഹോട്ടലുകളിലേതിലും വില ഇത്തിരി കൂടുമെങ്കിലും ഒരിക്കൽ പ്രാതൽ കഴിച്ചവർ ഈ ഭോജനശാലയും അന്വേഷിച്ച് വീണ്ടുമെത്തും. സാമ്പാറും ചട്‌നികളുമെല്ലാം ഒന്നിനൊന്ന് മികച്ചത്. താമസിക്കാനും സൗകര്യമുണ്ട്. എന്നാൽ കുറച്ചു കാലമായി ഇതിന്റെ പ്രതാപത്തിന് മങ്ങലേറ്റു വരികയായിരുന്നു. കൊച്ചി മെട്രോ സൗത്തിലേക്ക് നീട്ടാനുള്ള ജോലി ആരംഭിച്ചത് മുതലാണ് ഇതിന്റെ ശനിദശ തുടങ്ങിയത്. എന്നാലും ചുരുങ്ങിയ മട്ടിൽ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഉപഭോക്താക്കൾ തീരെ കുറവായിട്ടും കോവിഡിന് ശേഷവും തുറന്നു കണ്ടിരുന്നു. എന്നാൽ രണ്ടു മാസം മുമ്പ് എറണാകുളത്ത് ചെന്നപ്പോൾ ഹോട്ടൽ പ്രവർത്തിക്കുന്നില്ലെന്നാണ് മനസിലാക്കാനായത്. തൃശൂരിൽ രാഗം തിയേറ്ററിന് അടുത്തുള്ള ഭാരത് വെജ് ഹോട്ടലിലെ ഇഡ്‌ലിക്ക് രണ്ടാം സ്ഥാനം കൊടുക്കാം. മൂന്നാം സ്ഥാനം ഒലവക്കോട് ജംഗ്ഷനടുത്തുള്ള ചെറിയ ടീ കടകൾക്കും. കോഴിക്കോട്ടെ കാര്യം പറയാതിരിക്കുകയാവും ഭേദം. വെജ് ഹോട്ടലുകളടക്കം എല്ലായിടത്തും റോക്ക് ഗാർഡൻ എക്‌സ്പ്രസ് കുതിച്ചു പായുന്നു. സോഫ്റ്റ് ഇഡലി കിട്ടാനേയില്ല. പണ്ടാണെങ്കിൽ മിഠായിതെരുവിൽ രാധ തിയേറ്ററിന് എതിർവശത്ത് മോഡേൺ ഹിന്ദു ഹോട്ടലുണ്ടായിരുന്നു. വാണിജ്യ സമുച്ചയം നിർമിക്കാൻ ഇത് പൊളിച്ചു മാറ്റുകയായിരുന്നു. 
കോട്ടയം നഗരത്തിന്റെ സവിശേഷത എല്ലാവരുടേയും പോക്കറ്റിനിണങ്ങുന്ന ആഹാരം ലഭിക്കുന്ന നിരവധി ഭോജനശാലകളുണ്ടെന്നതാണ്. സംക്രാന്തി, കുമരനെല്ലൂർ പോലുള്ള നഗരത്തിനടുത്തുള്ള പ്രദേശങ്ങളിൽ ചെറിയ തുക മുടക്കി ഉച്ച ഭക്ഷണം കഴിക്കാനാവും. കേരളത്തിലെ പല പട്ടണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു വലിയ സൗകര്യം തന്നെയാണ്. വീട്ടിൽ തയാറാക്കുന്ന അതേ വിഭവം അമ്പത് രൂപയിൽ താഴെ ബജറ്റിൽ ലഭിക്കുന്ന നിരവധി സ്ഥലങ്ങൾ കോട്ടയത്തും ഏറ്റുമാനൂരിലും കുമരകത്തുമൊക്കെയുണ്ട്. അതിനിടയ്ക്കാണ് സംക്രാന്തിയിലെ ഹോട്ടലിൽ കുഴിമന്തി കഴിച്ച നഴ്‌സിന്റെ ദുരന്തം. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29 നാണ് ഓൺലൈനിലൂടെ കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അവശയായ രശ്മിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നൽകി. പക്ഷേ പിന്നീടും നിർബാധം പ്രവർത്തിച്ചു. ഈ ഹോട്ടലിന്റെ പേരാണ് ബഹുരസം മലപ്പുറം കുഴിമന്തി. തലശ്ശേരി-ഹൈദരാബാദ് ബിരിയാണി എന്നൊക്കെ കേട്ടിട്ടുണ്ട്. മലപ്പുറം എന്നത് ബ്രാൻഡ് നെയിമാണോ എന്ന് വ്യക്തമല്ല. അൽപം മുമ്പ് പാലക്കാട് വടക്കഞ്ചേരിയിൽ വലിയ ബസ് അപകടമുണ്ടായപ്പോൾ സംസ്ഥാന വ്യാപകമായി പരിശോധനയും എല്ലാ ടൂറിസ്റ്റ് ബസുകളുടേയും നിറം വെള്ളയാക്കലുമൊക്കെ ആയിരുന്നുവല്ലോ. അതു പോലെ സംക്രാന്തി എപ്പിസോഡിന് ശേഷം സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കയറി ഞെട്ടിച്ചു. നമ്മളൊന്നും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന കണ്ണൂരിലെ എം.ആർ.എ ബേക്കറി ഉൾപ്പെടെ പലേടത്തു നിന്നും പഴകിയത് പിടിച്ചു. മിന്നൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന്്  മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 
ഈ വാർത്തയുടെ മഷിയുണങ്ങും മുമ്പതാ കാസർകോട്ടും  കുഴിമന്തി കഴിച്ച് മരണം. കാസർകോട് തലക്ലായിയിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. ഓൺലൈൻ വഴി ഓർഡർ ചെയ്താണ് കുഴിമന്തി വാങ്ങിയത്. മരണം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു. അഞ്ജുശ്രീ പാർവ്വതിക്കൊപ്പം ഭക്ഷണം കഴിച്ച മറ്റുള്ളവർക്കും ഭക്ഷ്യവിഷബാധയേറ്റിറ്റുണ്ട്. ഇതിനിടയ്ക്കാണ് കോഴിക്കോട്ട് നടന്ന യുവജനോത്സവത്തിൽ ആകാശത്ത് നിന്ന് പൊട്ടി വീണത് പോലൊരു വിവാദം. ഏതോ ചാനൽ പ്രമുഖന്റെ മുഖപുസ്തക പേജാണ് പോലും പ്രഭവ കേന്ദ്രം. ഏഷ്യയിലെ ഏറ്റവും വലിയ മേളയ്ക്ക് നോൺ വെജ് വിളമ്പിയാലെന്താണ് കുഴപ്പമെന്നാണ് ചോദ്യം. ഇത് കത്തിപ്പടർന്നു. മാതൃഭൂമി ന്യൂസ്, റിപ്പോർട്ടർ ഉൾപ്പെടെയുള്ള ചാനലുകൾ സംവാദം നടത്തുക വരെയുണ്ടായി. കേട്ട പാതി, കേൾക്കാത്ത പാതി മന്ത്രി പുംഗവൻ പ്രഖ്യാപിച്ചു. യുവജനോത്സവ മാന്വലിൽ മാറ്റം വരുത്തും. അടുത്ത കൊല്ലം മുതൽ നോൺ വെജും വിളമ്പും. കേരളം നേരിടുന്ന ഏറ്റവും വലിയൊരു പ്രതിസന്ധിയ്ക്ക് പരിഹാരമായി. ഇതിന് ഒരു പിന്നാമ്പുറ കഥയും പ്രചരിക്കുന്നുണ്ട്. 
മുഖ്യമന്ത്രിയുടെ മുജാഹിദ് സമ്മേളനത്തിലെ കഴുത്തു വെച്ചു കൊടുക്കൽ പ്രസംഗം, അതിന് ശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യുവജനോത്സവ ഉദ്്ഘാടന വേളയിലെ ദൃശ്യാവിഷ്‌കാരത്തിലെ  ഇസ്്‌ലാമോഫോബിയ ഉള്ളടക്കം. ഇതിന്റെ ഡാമേജ് മറച്ചു വെക്കാനാണ് പെട്ടെന്നൊരു ബീഫ് ബിരിയാണി പ്രണയം എന്നും ശ്രുതിയുണ്ട്. സ്‌കൂൾ യുവജനോത്സവം സാമൂതിരിയുടെ നഗരം ഏറ്റെടുത്ത് വൻ വിജയമാക്കി. പാളിച്ചകൾ ഇല്ലാതെയല്ല. മന്ത്രി പറയുന്നത് മലബാർ ക്രിസ്ത്യൻ കോളേജിലൊരുക്കിയ ഊട്ടുപുരയിൽ 15,000 പേരെയാണ് കണക്കാക്കിയതെങ്കിലും കാൽ ലക്ഷം പേർ ഭക്ഷണം കഴിച്ചുവെന്നാണ്. ശരിയായിരിക്കാം. രണ്ടാം ദിവസം വെസ്റ്റ് ഹിൽ വിക്രം ഗ്രൗണ്ടിലെ അതിരണിപ്പാടത്തിനടുത്ത ഹോട്ടലിൽ വൈകുന്നേരം നാലിനടുത്ത് കണ്ട കാഴ്ച മത്സരത്തിൽ വിജയിച്ച കുറിയിട്ട ഒരു പെൺകുട്ടി കൂട്ടുകാരികൾക്ക് ഉൾപ്പെടെ ബിരിയാണി വാങ്ങി കൊടുക്കുന്നതാണ്. ഈ കലാകാരിയ്ക്ക് ഭക്ഷണം നൽകേണ്ടത് ഫുഡ് കമ്മിറ്റിയല്ലേ. ഇതേ ദിവസം കിഴക്കേ നടക്കാവിൽ കണ്ട മേളയ്‌ക്കെത്തിയ മൂന്ന് പെൺകുട്ടികൾ വഴി ചോദിച്ചത് എങ്ങനെ തളി സാമൂതിരി സ്‌കൂളിലും അവിടെ നിന്ന് വെസ്റ്റ് ഹില്ലിലെ വിക്രം ഗ്രൗണ്ടിലുമെത്തുമെന്നാണ്. ഇവർക്കെല്ലാം മാർഗനിർദേശം നൽകാൻ സംവിധാനം ഒരുക്കേണ്ടതായിരുന്നില്ലേ. എന്തിന് വിദൂര സ്ഥലങ്ങളിൽ 24 വേദികളൊരുക്കിയതെന്ന ചോദ്യവും അന്തരീക്ഷത്തിലുണ്ട്. 
*** *** ***
യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. 50000 രൂപയിൽനിന്ന് ശമ്പളം ഒരുലക്ഷം ആക്കിയതും കുടിശ്ശികയുള്ള തുക കിട്ടിയെന്നും തടഞ്ഞുവെന്നുമായിരുന്നു വാർത്ത. വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിന്ത ജെറോം. മുപ്പത്തിരണ്ട് ലക്ഷം ശമ്പള കുടിശ്ശികയായി കിട്ടിയെന്ന വാർത്ത പച്ചക്കള്ളം ആണ് എന്നാണ് അവർ പറയുന്നത്. കുടിശ്ശിക ആവശ്യപ്പെട്ടത് താനല്ല, കമ്മീഷൻ സെക്രട്ടറിയാണ് അപേക്ഷ നൽകിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുൻ അധ്യക്ഷൻ ആർ.വി രാജേഷും അപേക്ഷ നൽകിയിട്ടുണ്ടെന്ന് ചിന്ത ജെറോം പറഞ്ഞു. താൻ ജെആർഎഫ് ഫെലോഷിപ്പ് വേണ്ട എന്ന് എഴുതിനൽകിക്കൊണ്ടാണ് ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് ചിന്ത പറഞ്ഞു. മുൻ യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷന്റെ ശമ്പളകുടിശിക കൊടുക്കണമെന്ന് കോടതി വിധി ഉണ്ടായിട്ടുണ്ട്. അത് സംബന്ധിച്ച് ആർ.വി രാജേഷ് അപേക്ഷ നൽകിയിട്ടുണ്ട്. ചട്ടപ്രകാരമല്ലാതെ നാളിതുവരെ ഒരു തുകയും കൈപ്പറ്റിയിട്ടില്ല ചിന്ത പറഞ്ഞു. ഇതൊരു വ്യാജ പ്രചാരണമാണെന്ന് കരുതി ഞാൻ അത് ഗൗരവത്തിലെടുത്തില്ല. ചാനലിലെ ചില സുഹൃത്തുക്കളൊക്കെ വിളിച്ചു. എന്തെങ്കിലും സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ, ഉണ്ടെങ്കിൽ വാട്‌സാപ്പ് ചെയ്യണം എന്നാണ് വിളിച്ചവരോടൊക്കെ പറഞ്ഞത്. ശരിക്കും ചിന്തയുടെ പ്രവർത്തനങ്ങളെ സമൂഹം വേണ്ട വിധം അംഗീകരിക്കേണ്ടതാണ്. ഗുജറാത്തി കാജല കെട്ടിയ പ്രസംഗം മുതൽ, സെൽഫി, ശശി പോലുള്ള കാര്യങ്ങളിലെ ഇടപെടൽ കേരളീയ യുവത്വത്തിന് പ്രചോദനമായത് കാണാതെ പോകുന്നതെങ്ങിനെ? 
*** *** ***
പിന്നിട്ട വാരത്തിൽ ഒരു നല്ല കാര്യവും സംഭവിച്ചു. സമൂഹത്തെ തിന്മകളിലേക്ക് നയിക്കാൻ മാത്രം ഉപകരിക്കുന്ന ഒമർ ലുലുവിന്റെ സിനിമയ്‌ക്കേറ്റ തിരിച്ചടിയാണത്. 
നല്ല സമയം എന്ന സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കേണ്ടി വന്നു. ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്‌സൈസ് കേസെടുത്തിരുന്നു. 
ചിത്രത്തിന്റെ ട്രെയിലറിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ പേരിലാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് റേഞ്ച് ആണ് അബ്കാരി, എൻഡിപിഎസ് നിയമങ്ങൾ പ്രകാരം സിനിമയ്ക്കും സംവിധായകനും നിർമാതാവിനും എതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ഡിസംബർ 30നാണ് നല്ല സമയം തിയേറ്ററുകളിലെത്തിയത്. ഇതിൽ അഭിനയിച്ച ഒരു നടി മയക്കുമരുന്ന് ഉപയോഗത്തെ ന്യായീകരിച്ച് നടത്തിയ ഡയലോഗുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ ചിത്രത്തിലേക്ക് നടിമാരെ തെരഞ്ഞെടുക്കുന്ന രീതി ഒമർ ലുലു ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതൊക്കെ കേരളത്തിൽ നടക്കുമോയെന്ന് അദ്്ഭുതപ്പെട്ടവരാണേറെയും. 
*** *** ***
നൃത്തരംഗത്തിലൂടെ വിവാദം സൃഷ്ടിച്ച ബോളിവുഡ് ചിത്രം പത്താന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. രണ്ട് മണിക്കൂർ 26 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് എ/യു സർട്ടിഫിക്കറ്റാണ് നൽകിയത്.ബേഷാരം രംഗത്തിലെ ക്ലോസ് അപ്പ് ഷോട്ടുകൾ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. തട്ടത്തിൻ മറയത്ത് സിനിമയിൽ നിവിൻ പോളി നായികയെ ഷൂട്ട് ചെയ്യുന്ന വീഡിയോഗ്രാഫറോട് അത്രയ്ക്കങ്ങ് സൂം ചെയ്യേണ്ടതില്ലെന്ന് പറഞ്ഞത് പോലൊരു ഏർപ്പാട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ, അശോക് ചക്ര, എക്‌സ് കെ.ജിബി, മിസിസ് ഭാരത് മാതാ, സ്‌കോച്ച്, ബ്ലാക്ക് പ്രിസൺ റഷ്യ, പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയ  വാക്കുകൾ മാറ്റാനും സെൻസർ ബോർഡ് നിർദ്ദേശിച്ചു. 
ഇതെല്ലാം കേൾക്കുമ്പോൾ ദീപികയുടെ വസ്ത്രത്തിന്റെ നിറം മാത്രമല്ല പ്രശ്‌നമെന്ന് വേണം മനസ്സിലാക്കാൻ. അടിയന്തരാവസ്ഥ കഴിഞ്ഞ ഉടനെ കിസാ കുർസി കാ എന്ന ചിത്രം നേരിട്ട പ്രതിസന്ധിയെ ഓർമപ്പെടുത്തുന്നതായി വാക്കുകൾ മാറ്റാനുള്ള നിർദേശം. അതിനിടയ്ക്ക് പ്രശ്‌നപരിഹാര മാർഗം നിർദ്ദേശിച്ചിരിയ്ക്കുകയാണ് മുതിർന്ന ബോളിവുഡ് നടി ആശാ പരേഖ്.  സിനിമയുടെ സുഗമമായ റിലീസിനായി വിവാദ ഗാനം ചിത്രത്തിൽനിന്ന് നീക്കം ചെയ്യാൻ  അവർ ഉപദേശിച്ചു. സിനിമയുമായി ബന്ധപ്പെട്ട് ബജ്റംഗ ദൾ പ്രവർത്തകർ അഹമ്മദാബാദിലെ ഒരു മാൾ നശിപ്പിച്ച സംഭവമാണ് ഈ നിർദ്ദേശം നൽകാൻ അവരെ പ്രേരിപ്പിച്ചത്. സംഭവത്തിൽ പ്രതികരിച്ച ആശാ പരേഖ് സിനിമാ പ്രേക്ഷകരുടെ അനുഭവത്തിലും അവരുടെ സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ചു. ഗുണ്ടകളെ ഭയന്ന് ചിലർ തിയറ്ററിൽ പോകുന്നതിൽനിന്നും പിൻമാറുന്നതായും അവർ സംശയം പ്രകടിപ്പിച്ചു. ചെറിയ പ്രശ്‌നങ്ങൾ വലിയ സാമ്പത്തിക നഷ്ടത്തിനാണ് വഴി തെളിക്കുക, അവർ പറഞ്ഞു. 1998-2001 കാലഘട്ടത്തിൽ സിബിഎഫ്സി (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ) ചെയർപേഴ്സണായിരുന്നു ആശാ പരേഖ്. ഇനി ബോളിവുഡിന് ഫ്‌ളോപ്പ് സിനിമകൾ താങ്ങാൻ കഴിയില്ല.  നമ്മുടെ വ്യവസായത്തിന് ഒരു വലിയ ഹിറ്റ് ആവശ്യമാണ്. 60 വർഷത്തിലേറെയായി ഞാൻ ഈ സിനിമാ വ്യവസായത്തിന്റെ ഭാഗമാണ്. എന്റെ കരിയറിൽ ഇത്രയും മോശമായ മാന്ദ്യം ഞാൻ കണ്ടിട്ടില്ല. നമുക്ക് ഹിറ്റുകൾ ഉണ്ടായിരിക്കണം. അത് ഉറപ്പാക്കാൻ സിനിമകളെ ബഹിഷ്‌കരണ സംസ്‌കാരത്തിന്റെ  ഇരയാകാൻ അനുവദിക്കരുത്- ആശാ പരേഖ് പറഞ്ഞു. 

Latest News