തിരുവനന്തപുരം- പത്തു മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം. ഗൂഗിള്‍ നോക്കിയാണ് ജ്യൂസ് ചലഞ്ച് തെരഞ്ഞെടുത്തതെന്നും അഞ്ചു തവണ വധശ്രമം നടത്തിയതായും കുറ്റപത്രത്തിലുണ്ട്.
ഭര്‍ത്താവ് മരിക്കുമെന്ന ജാതക ദോഷം നുണക്കഥയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ക്ക് കൃത്യത്തില്‍ തുല്യ പങ്കുണ്ടെന്നും പറയുന്ന കുറ്റപത്രം ഡി. വൈ. എസ്. പി എ. ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തയ്യാറാക്കിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെയും ഷാരോണിന്റെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ശബ്ദങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെ ആയിരത്തിലധികം ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. അടുത്ത ആഴ്ചയോടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.
2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ച് ഷാരോണ്‍ ആരോഗ്യ സ്ഥിതി വഷളായി ആശുപത്രിയിലായത്. ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്. താനുമായുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഷാരോണ്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വിഷം നല്‍കിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.