കൊച്ചി- ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിന്റെ 83-ാം ജന്മദിനം ജനുവരി 10 ചൊവ്വാഴ്ച്ച കൊച്ചിയില്‍ കൊണ്ടാടുന്നു. യേശുദാസ് അക്കാദമിയാണ് സംഘാടകര്‍. എറണാകുളം പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററാണ് ജന്മദിനാഘോഷവേദിയാകുന്നത്.
രാവിലെ 10ന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി യേശുദാസിന്റെ ഏറ്റവും പുതിയ പ്രണയ യുഗ്മഗാനമായ 'തനിച്ചൊന്നുകാണാന്‍.....' ആല്‍ബം പ്രകാശനം ചെയ്യുന്നതോടെ ഗന്ധര്‍വ്വ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. ഗായിക ദീപ്തി ദാസും സ്വരം പകര്‍ന്നിട്ടുള്ള ഈ ആല്‍ബത്തിന്റെ രചന അനീഷ് നായരും സംഗീത സാക്ഷാത്കാരം ശിവദാസ് വാര്യരും നിര്‍വഹിച്ചിരിക്കുന്നു.
പതിനൊന്നുമണിക്ക് സംഗീത- സാഹിത്യ- ചലച്ചിത്ര- രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും സഹപാഠികളും സഹകലാകാരന്മാരും സുഹൃത്തുക്കളും ഒന്നിച്ച് പിറന്നാള്‍ കേക്ക് മുറിക്കല്‍ ചടങ്ങ് നടത്തും. മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം. പി, കളക്ടര്‍ രേണുരാജ്, എ. ഡി. ജി. പി അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അമേരിക്കയില്‍ ഡാലസിലുള്ള യേശുദാസും ഭാര്യ പ്രഭയും വേദിയിലെ ഡിജിറ്റല്‍ സ്‌ക്രീനില്‍ എത്തി സദസ്യരോട് സംവദിക്കുകയും ലഹരി വിരുദ്ധസന്ദേശം നല്‍കുകയും ചെയ്യും.
തുടര്‍ന്ന് ഗായക സംഘടനയായ 'സമ'ത്തിന്റെ ആഭിമുഖ്യത്തില്‍ ഉണ്ണിമേനോന്‍, എം. ജി. ശ്രീകുമാര്‍, വിജയ് യേശുദാസ്, സുദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം ഗായികാഗായകന്മാര്‍ 'ഗാനമാലിക'യായി ആശംസാ ഗീതാഞ്ജലി അര്‍പ്പിക്കും. ഗാനരചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ആര്‍. കെ. ദാമോദരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഷിബു ചക്രവര്‍ത്തി, സംഗീതസംവിധായകരായ വിദ്യാധരന്‍, ബേണി ഇഗ്‌നേഷ്യസ്, ശരത്, ടി. എസ് രാധാകൃഷ്ണന്‍ എന്നിവര്‍ പിറന്നാള്‍ മംഗളങ്ങള്‍ നേരും.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു ഒരുക്കുന്ന പ്രസിദ്ധ ഛായാഗ്രാഹകന്‍ ലീന്‍ തോബിയാസ് പകര്‍ത്തിയ 83 ഗന്ധര്‍വ്വ ഭാവരാഗചിത്രങ്ങളുടെ പ്രദര്‍ശനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണി മുതല്‍ ഈ ചിത്രപ്രദര്‍ശനം കാണുവാന്‍ അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും.
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും യേശുദാസ് അക്കാദമി അംഗങ്ങള്‍ക്കും സദ്യയും ഒരുക്കിയിട്ടുണ്ട്. ഈ ആഘോഷ പരിപാടികള്‍ പൂര്‍ണമായും യേശുദാസ് അക്കാദമിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയവയില്‍ ലോകമെമ്പാടും തത്സസമയം കാണാവുന്നതാണ്.
ജന്മദിന ഭജനത്തിന് യേശുദാസും കുടുംബവും ഇക്കുറിയും കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തില്‍ എത്തുന്നില്ലെങ്കിലും മുഖ്യ അര്‍ച്ചകന്‍ ഗോവിന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ ദേവിക്ക് മഹാപൂജയും മറ്റ് പതിവ് വഴിപാടുകളും നടത്തുന്നുണ്ട്. അസീസിയ കണ്‍വെന്‍ഷന്‍ സെന്ററിലെ ആഘോഷ പരിപാടികള്‍ ക്ഷണിതാക്കള്‍ക്ക് മാത്രമായുള്ളതാണെന്ന് യേശുദാസിന്റെ മാനേജരും ജന്മദിനാഘോഷകമ്മിറ്റി കണ്‍വീനറുമായ അനില്‍കുമാര്‍ അറിയിച്ചു.