Sorry, you need to enable JavaScript to visit this website.

സൗദികള്‍ക്ക് പുതിയ വരുമാന മാര്‍ഗം; വീടുകള്‍ ടൂറിസ്റ്റുകള്‍ക്ക് വാടകയ്ക്ക് നല്‍കാം

റിയാദ്- സൗദി അറേബ്യയില്‍ പൗരന്മാരെ തങ്ങളുടെ വീടുകള്‍ വിനോദസഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ അനുവദിക്കുന്ന പുതിയ വ്യവസ്ഥ ടൂറിസം മന്ത്രാലയം അംഗീകരിച്ചു. മറ്റു രാജ്യങ്ങളിൽ  നിലവിലുള്ള എയര്‍ബിഎന്‍ബി, ഹോംഎവേ തുടങ്ങിയവക്കു സമാനമായ വാടക പാര്‍പ്പിടങ്ങള്‍ക്കുള്ള സൗകര്യമാണ് ഇതോടെ രാജ്യത്ത് നിവില്‍വരുന്നത്.
ദേശീയ വിനോദസഞ്ചാര വികസനത്തിനായുള്ള പൊതു തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണിതെന്ന്  ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. വിവിധ മേഖലകളില്‍ രാജ്യത്ത് നടപ്പാക്കി വരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ടൂറിസം മേഖലയിലും കൈക്കൊള്ളുന്ന മാറ്റങ്ങള്‍.  
നിക്ഷേപ ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും  ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും  തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് നടപടികള്‍ കൈക്കൊള്ളുന്നതെന്ന്   അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ബൈലോ പ്രകാരം സൗദി പൗരന്മാര്‍ക്ക് അവരുടെ പ്രോപ്പര്‍ട്ടി വാടകയ്ക്ക് നല്‍കാനുള്ള പെര്‍മിറ്റിന് അപേക്ഷിക്കാം. ഒരാള്‍ക്ക് പരമാവധി മൂന്ന് പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഒരു അപ്പാര്‍ട്ട്‌മെന്റ്, ടൗണ്‍ഹൗസ്, വില്ല  തുടങ്ങിയ സ്വകാര്യ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യം  പാര്‍പ്പിടത്തിനോ കാര്‍ഷിക ആവശ്യങ്ങള്‍ക്കോ വേണ്ടിയുള്ള വസ്തുവിന്റെ ഭാഗമായിരിക്കണമെന്നും പുതിയ വ്യവസ്ഥകള്‍ പറയുന്നു.
പെര്‍മിറ്റുമായി ബന്ധപ്പെട്ട വസ്തുവിന്റെ ഉടമസ്ഥാവകാശമോ ഉപയോഗ അവകാശമോ തെളിയിക്കുന്ന  ഇലക്ട്രോണിക് കരാര്‍ ഉടമ നല്‍കണം. അപേക്ഷയോടൊപ്പം വസ്തുവുമായി ബന്ധപ്പെട്ട എല്ലാ പ്രസക്തമായ ഔദ്യോഗിക രേഖകളും സമര്‍പ്പിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
വാടകയ്‌ക്കെടുത്ത പാര്‍പ്പിടത്തില്‍ താമസിക്കുമ്പോള്‍ വിനോദസഞ്ചാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം നിരവധി വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News