ബ്രസീല്‍ കളിക്കാര്‍ ഒന്നടങ്കം  പെലെയെ മറന്നു, രോഷം അണപൊട്ടി

സാവൊപൗളൊ - ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തില്‍ ബ്രസീലും ലോകവും വിതുമ്പിയെങ്കിലും ബ്രസീല്‍ ലോകത്തിന് സമ്മാനിച്ച അമൂല്യമായ നിധിയെ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ മറന്നു. പെലെയെ പോലെ സാന്റോസിലൂടെ വളര്‍ന്ന നെയ്മാര്‍, റോഡ്രിഗൊ, ജിയോവാനി എന്നീ കളിക്കാര്‍ മരണാനന്തര ചടങ്ങുകളില്‍ വിട്ടുനിന്നത് കനത്ത പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്. പെലെയുടെ മൃതദേഹം സാന്റോസ് കളിക്കളത്തിലെ സെന്റര്‍ സര്‍ക്കിളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പ്രിയ താരത്തെ അവസാനമായി കാണാന്‍ 2.30 ലക്ഷം പേര്‍ എത്തിയെന്നാണ് കണക്ക്. അതില്‍ അവസാനമായി ബ്രസീല്‍ ലോകകപ്പ് നേടിയ 2002 ലെ ടീമിലെ ഒരു കളിക്കാരന്‍ പോലുമുണ്ടായിരുന്നില്ല. സീക്കൊ, റൊമാരിയൊ, റൊണാള്‍ഡൊ, കാക, റൊണാള്‍ഡിഞ്ഞൊ തുടങ്ങി ബ്രസീല്‍ രോമാഞ്ചങ്ങളും വിട്ടുനിന്നു. ഇവരുടെയെല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരാധകരുടെ പൊങ്കാലയാണ്. 
2002 ലോകകപ്പ് ടീമിലെ അംഗങ്ങളിലൊരാളായ കാക പ്രത്യേകം രോഷപ്രകടനത്തിന് ഇരയായി. ബ്രസീലുകാര്‍ തങ്ങളുടെ സ്‌പോര്‍ട്‌സ് ഹീറോകളെ ആദരിക്കാറില്ലെന്നും വിദേശികള്‍ക്കാണ് കൂടുതല്‍ സ്‌നേഹമെന്നും കഴിഞ്ഞ ഡിസംബറില്‍ ഒരു അഭിമുഖത്തില്‍ കാക വീമ്പിളക്കിയിരുന്നു. 
നിങ്ങളുടെ ഇന്നത്തെ ആഡംബരത്തിന് വഴി തുറന്ന ഒരു മനുഷ്യനെയാണ് മറന്നതെന്ന് കാകയുടെ ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ കുറിച്ചു. വിമര്‍ശനങ്ങള്‍ കാരണം നെയ്മാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റ് ചെയ്യാന്‍ സാധിക്കുന്നവരുടെ എണ്ണം കുറച്ചു. വിദേശ കളിക്കാരും പെലെയുടെ അന്ത്യ ചടങ്ങുകള്‍ക്ക് എത്തിയില്ല. 
1994 ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ ഒരേയൊരംഗമാണ് വന്നത് -മോറൊ സില്‍വ. വരാന്‍ കാരണമുണ്ട്. സാന്റോസ് ഉള്‍പെടുന്ന സാവൊപൗളോയിലെ സോക്കര്‍ ഫെഡറേഷന്‍ പ്രതിനിധിയാണ് അദ്ദേഹം. 
പെലെയോടൊപ്പം ലോകകപ്പ് കളിച്ച പലരും ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ അവരൊന്നും വരാന്‍ പറ്റുന്ന അവസ്ഥയിലല്ല. മാരിയൊ സഗാലോക്ക് 91 വയസ്സായി. റോബര്‍ടൊ റിവെലിനൊ സ്വരച്ചേര്‍ച്ചയിലുമല്ല. ശ്രമിച്ചിട്ടും സാന്റോസില്‍ എത്താനായില്ലെന്ന കഫുവിനെ പോലുള്ളവരുടെ ന്യായീകരണം ആരാധകര്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെയാണ് സ്വീകരിച്ചത്. സാന്റോസുമായി ബന്ധമുള്ള സെ റോബര്‍ടൊ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എലാനൊ, റോബര്‍ടൊ ഫാള്‍കാവൊ എന്നിവര്‍ പങ്കെടുത്തു. പെലെയുടെ ശവസംസ്‌കാരം ടി.വിയിലൂടെ ലക്ഷങ്ങള്‍ വീക്ഷിക്കുന്ന സമയത്താണ് ഫഌമംഗൊ ക്ലബ്ബ് അവരുടെ കോച്ചിനെ അവതരിപ്പിച്ചത്. സാവൊപൗളോയില്‍ അപ്പോള്‍ ജൂനിയര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തുകയും ചെയ്തു. 
1983 ല്‍ ഗരിഞ്ച മരിച്ചപ്പോഴും സമാനമായ രീതിയിലാണ് മുന്‍കാല കളിക്കാരുടെ സമീപനം. പെലെയും ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. പിതാവ് ഡോഡിഞ്ഞോയും സഹോദരന്‍ ജയര്‍ അരാന്റസ് ഡോ നാസിമെന്റോയും അന്ത്യവിശ്രമം കൊള്ളുന്ന അതേ സെമിത്തരിയിലാണ് പെലെക്കും മണ്ണൊരുക്കിയത്. അവരുടെ ശവസംസ്‌കാരച്ചടങ്ങില്‍ പെലെ പങ്കെടുത്തിരുന്നില്ല
 

Latest News