പണിമുടക്ക് നിയമവിരുദ്ധം; ശമ്പളത്തിന് അര്‍ഹതയില്ലെന്നും ഹൈക്കോടതി

കൊച്ചി- പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും പണിമുടക്ക് നിയമവിരുദ്ധവുമെന്ന് ഹൈക്കോടതി. പണിമുടക്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടും നടപടിയുമെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് ശരിയല്ല. ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. 

സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സര്‍വീസ് ചട്ടം റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. പണിമുടക്കിയ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനെ നേരത്തെയും കോടതി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

Latest News