മന്ത്രി സജി ചെറിയാനെതിരായ തടസ ഹരജി തള്ളി

പത്തനംതിട്ട- മന്ത്രി സജി ചെറിയാനെതിരായ തടസ ഹരജി തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി. പോലീസ് റിപ്പോര്‍ട്ട് ഇപ്പോള്‍ പരിഗണിക്കരുതെന്ന ആവശ്യമാണ് കോടതി തള്ളിയത്. 

ഭരണഘടനയെ വിമര്‍ശിച്ച് പ്രസംഗം നടത്തിയ സംഭവത്തില്‍ തിരുവല്ല കോടതിയുടെ നിര്‍ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ പോലീസ് സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. കേസ് തീര്‍പ്പാക്കണമെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതി തീരുമാനം വരുന്നത് വരെ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനം എടുക്കരുതെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
സജി ചെറിയാനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് തിരുവല്ല കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സജി ചെറിയാന്‍ ഭരണഘടനയെ കുറിച്ച് സംസാരിച്ചത് വിമര്‍ശനാത്മകമായി മാത്രമാണെന്നും ഭരണഘടനയെയോ ഭരണഘടനാ ശില്‍പികളെയോ അവഹേളിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും റെഫര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതായി തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവരും മൊഴി നല്‍കിയതെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. 2022 ജൂലൈയില്‍ മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അദ്ദേഹം സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ നിര്‍വഹിക്കുകയും ചെയ്തു.
 

Latest News